ധ്യാനം മാത്രമല്ല, കുങ്ഫുവും സൈക്കിള്‍ യാത്രകളും സന്നദ്ധസേവനങ്ങളുമുണ്ട്; കാണാം, കുങ്ഫു സന്യാസിമാരുടെ ജീവിതം

First Published | Jul 16, 2020, 9:28 AM IST

ആയോധനകലയും ആത്മീയതയും ഒത്തുപോകുന്നത് വളരെ അപൂർവമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ. എന്നാൽ, നേപ്പാളിലെ 900 വർഷം പഴക്കമുള്ള ദ്രുക്പ പാരമ്പര്യത്തിലെ സന്യാസിനിമാർ ഉൾകരുത്തിനൊപ്പം ശാരീരികക്ഷമതയും പരിശീലിക്കുവന്നവരാണ്. ഇവർ കുങ്‌ഫുവിന്റെ അതികഠിനമായ ആയോധനമുറകൾ അഭ്യസിക്കുന്ന ഒരേയൊരു സന്യാസിനി സമൂഹമാണ്. പൊതുവെ സ്ത്രീകളെ അബലകളായി കാണുന്നതില്‍ നിന്നും വ്യത്യസ്‍തമാണ് ഇവരുടെ പ്രവര്‍ത്തനം. 

ഹിമാലയത്തിലെ 1,000 വർഷം പഴക്കമുള്ള ബുദ്ധമത പാരമ്പര്യമായ ദ്രുക്പ വംശത്തിൽപ്പെട്ടവരാണ് ഈ കുങ്ഫു സന്യാസിനിമാർ. അവരിൽ പലരും ഹിമാലയത്തിൽ നിന്നുള്ളവരാണ്. ബുദ്ധമത സന്യാസിമാർ സാധാരണയായി എപ്പോഴും കണ്ണടച്ച് ധ്യാനിച്ചുകൊണ്ടിരിക്കും എന്നാണ് നമ്മുടെ വിചാരം. എന്നാൽ, അതിനുമപ്പുറം സഹജീവികളെ സഹായിക്കുക എന്നൊരു ധർമ്മം കൂടി അവർക്കുണ്ട്. മറ്റുള്ളവരെ സഹായിക്കാനും, അവരുടെ ചുറ്റുമുള്ള ലോകത്ത് ഒരു മാറ്റം വരുത്താനും ഉദ്ദേശിച്ചാണ് അവർ കുങ്ഫു പഠിക്കാൻ ആരംഭിച്ചത്. ഇന്ന്, 700 -ലധികം കുങ്‌ഫു സന്യാസിനിമാരാണ് അവിടെയുള്ളത്.
undefined
"ഞങ്ങളുടെ ഇടയിലും പുരുഷമേധാവിത്വം നിലനില്‍ക്കുന്നുണ്ട്. ആളുകൾ കൂടുതലും ബഹുമാനിക്കുന്നത് സന്യാസിമാരെയാണ്. സമൂഹത്തിൽ സന്യാസിനിമാർക്ക് പലപ്പോഴും അർഹിക്കുന്ന ആദരവ് ലഭിക്കാറില്ല. അവർക്ക് ചെയ്യാൻ കാര്യമായിട്ടൊന്നുമില്ല" മുഖ്യ സന്യാസിനി lopen jigme tingdzin zangmo ഒരിക്കല്‍ പറയുകയുണ്ടായി. കൂടാതെ, സന്യാസിനിമാരുടെ ഈ പുതിയ കാൽവയ്പ്പ് പാരമ്പര്യ ബുദ്ധ സന്യാസി സമൂഹത്തിൽ അതൃപ്‍തി ഉണ്ടാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
undefined

Latest Videos


എന്നാൽ, അവരുടെ അഭിപ്രായത്തിൽ, കുങ്ഫു എന്നത് ഒരു കലയാണ്. നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്ന ഒന്ന്. ഇതുവഴി മാനസിക, ശാരീരികക്ഷമത നേടാൻ നിങ്ങൾക്ക് കഴിയുമെന്നവർ അഭിപ്രായപ്പെട്ടു. ആയോധനകലയായ കുങ്‌ഫു പഠിക്കുന്നതിലൂടെ, ധ്യാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വയം പ്രതിരോധിക്കാനും കഴിയുന്നു എന്നും അവർ പറയുന്നു.
undefined
മറ്റ് സന്യാസിനി സമൂഹങ്ങളെ അപേക്ഷിച്ച് കുങ്ഫു സന്യാസിനിമാർ സ്വാതന്ത്രരാണ്. അവർക്കിഷ്ടമുള്ളത് ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. സന്യാസിമാരെ പോലെ അവർക്കും നൃത്തം വയ്ക്കാം, കുങ്ഫു പരിശീലിക്കാം, പാട്ടു പാടാം. "ഇവിടെ എല്ലാം ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്. പൂജയായാലും, പരിശീലനമായാലും, നൃത്തമായാലും, ഭരണമായാലും എല്ലാം ഞങ്ങൾ തനിയെ തന്നെ ചെയ്യുന്നു, ഒരു സന്യാസിനിയായ Jigme Yangchen Ghamo പറഞ്ഞു. ഈ പുതിയ മാറ്റത്തിനെ തുടർന്ന് കൂടുതൽ സ്ത്രീകൾ ഇവിടേയ്ക്ക് ഇപ്പോൾ വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
undefined
മഠത്തിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നതല്ല അവരുടെ ആത്മീയത. പൊതുസമൂഹത്തിൽ ഇറങ്ങി ആളുകൾക്കിടയിൽ പ്രവർത്തിക്കാൻ അവർ ശ്രമിക്കുന്നു. 2015 -ൽ നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇവരും സജീവമായി ഏർപ്പെട്ടിരുന്നു. മനുഷ്യക്കടത്തിനെതിരെ സംസാരിക്കാനും ആരോഗ്യ ക്ലിനിക്കുകൾ നടത്താനും മൃഗങ്ങളെ രക്ഷപ്പെടുത്താനും ഇടയ്ക്കിടെ സൈക്കിൾ യാത്രകളും നടത്തുന്നു ഇവർ.
undefined
ഇത് കൂടാതെ, സ്വയം പ്രതിരോധനത്തിന്റെ ഭാഗമായി ആ പ്രദേശത്തെ പെൺകുട്ടികളെയും അവർ കുങ്ഫു പരിശീലിപ്പിക്കുന്നു. ആ പ്രദേശത്ത് സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾ വളരെ കൂടുതലാണ്. എന്നാൽ, ഇത്തരം പരിശീലനത്തിലൂടെ മുൻപ് പേടിച്ച് ഒതുങ്ങിനിന്ന പെൺകുട്ടികൾ കൂടുതൽ ധൈര്യമുള്ളവരും, ആത്മവിശ്വാസമുള്ളവരുമായി മാറി എന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടു.
undefined
നൃത്തം വയ്ക്കുകയും, പാടുകയും പുരുഷന്മാർക്ക് മാത്രം അവകാശപ്പെട്ട ആയോധനകല പരിശീലിക്കുകയും ചെയ്യുന്ന സന്യാസിനിമാരെ പലരും പുച്ഛത്തോടെയാണ് ഇപ്പോഴും കാണുന്നത്. എന്നാൽ ജനങ്ങളെ ഭയന്ന്, അവരുടെ വിമർശനങ്ങളെ ഭയന്ന് വെളിയിൽ ഇറങ്ങാതിരുന്നാൽ എങ്ങനെ മറ്റുള്ളവരെ സഹായിക്കുമെന്ന് അവർ ചോദിക്കുന്നു. തങ്ങളുടെ അവസാന ശ്വാസം വരെയും തങ്ങൾ ലോകത്തെ സേവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
undefined
മാനവസേവ തന്നെയാണ് യഥാർത്ഥ ആത്മീയത എന്നവർ തങ്ങളുടെ ജീവിതത്തിലൂടെ തെളിയിക്കുന്നു. ലിംഗസമത്വവും, ശാരീരികക്ഷമതയും, പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതവും, എല്ലാ ജീവജാലങ്ങളോടുമുള്ള സ്നേഹവും ഉയർത്തി കാട്ടുന്ന ദ്രുക്പ കുങ്‌ഫു സന്യാസിനിമാർ ആത്മീയതയുടെ വേറിട്ട പാതയിൽ സഞ്ചരിക്കുന്നവരാണ്.
undefined
click me!