പോണ്‍ നിര്‍ത്തിയശേഷമുള്ള ആറു വര്‍ഷങ്ങള്‍; മിയ ഖലീഫയുടെ പുതിയ ജീവിതം

First Published | Oct 15, 2021, 6:59 PM IST

മൂന്ന് മാസം. 12 പോണ്‍ ചിത്രങ്ങള്‍. ലോകത്തിലെ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെടുന്ന പോണ്‍ താരമെന്ന നിലയില്‍ അറിയപ്പെടുന്ന മിയ ഖലീഫയുടെ പോണ്‍ കരിയറിന്റെ കാലയളവ് സത്യത്തില്‍ ഇത്രയുമേ ഉള്ളൂ. ഐസിസ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ ഭീഷണികള്‍ക്കു പിന്നാലെ, 2015-ല്‍ അവര്‍ പോണ്‍ രംഗം വിട്ടു. അതിനു ശേഷമിപ്പോള്‍ ആറു വര്‍ഷം. ഇക്കാലയളവില്‍ അവര്‍ പല ജോലികള്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായി. ജീവിതം അടിമുടി മാറി. എന്നാല്‍, ഇപ്പോഴും അവര്‍ പോലുമറിയാതെ അവരുടെ പോണ്‍ വീഡിയോകള്‍ പുറത്തുവരുന്നുണ്ട്.  കമ്പനികള്‍, പഴയ വീഡിയോകള്‍ വെച്ച് പുതിയത് തട്ടിക്കൂട്ടുന്നു. പോണ്‍ മേഖല വിട്ട ശേഷമുള്ള മിയ ഖലീഫയുടെ ജീവിതകഥ.  
 

മിയ ഖലീഫ ഏതു മതക്കാരിയാണ്? മുസ്‌ലിമാണെന്ന മട്ടിലാണ് പോണ്‍ വ്യവസായം തന്നെ അവതരിപ്പിച്ചതെന്ന് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. ''എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഞാന്‍ കത്തോലിക്കക്കാരിയാണ്. പക്ഷേ, പക്ഷേ, ഞാന്‍ വിശ്വാസിയല്ല. ആ വിശ്വാസത്തില്‍ വളര്‍ന്നു എന്നതല്ലാതെ എനിക്ക് മതവിശ്വാസമില്ല.''-അവര്‍ പറയുന്നു. 


എന്നാല്‍, മതവിശ്വാസം അവരുടെ ജീവിതത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല. 2015-ല്‍ മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അവര്‍ പോണ്‍ ഇന്‍ഡസ്ട്രി വിടുന്നത്. 2014 അവസാനം മിയാമിയിലെ ഒരു വാടകവീട്ടില്‍ ഷൂട്ട് ചെയ്ത ഒരു വീഡിയോയായിരുന്നു ഇതിനു കാരണമായത്. 

Latest Videos



''ഹിജാബ് ഇട്ടിട്ടായിരുന്നു ആ വീഡിയോ. ലബനോന്‍കാരി ആയതിനാല്‍ എന്നെ മുസ്‌ലിം ആയി അവതരിപ്പിക്കുകയായിരുന്നു. ആ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമുണ്ടായി. ലബനോനില്‍ അടക്കം രൂക്ഷവിമര്‍ശനമായി. ഐസിസ് എനിക്കെതിരെ വധ ഭീഷണി പുറപ്പെടുവിച്ചു. ജീവിതം ഭീതിയുടെ നിഴലിലായി. പോണ്‍ ഉണ്ടാക്കുന്ന നാണക്കേടിനേക്കാള്‍ വലുതായിരുന്നു അത്''-വാഷിംഗ് പോസ്റ്റിനു നല്‍കിയ ഒരഭിമുഖത്തില്‍ അവര്‍ പറയുന്നു. 


''ഞാന്‍ പോണ്‍രംഗം വിട്ടു. കരാറുകള്‍ അവസാനിപ്പിച്ചു. ഐസിസിനോടുള്ള ഭയമായിരുന്നില്ല കാരണം. പേടിച്ചുകൊണ്ട് ജീവിക്കാനും മാനസിക രോഗിയാവാനും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. പോണ്‍ മേഖലയിലെ സാമ്പത്തിക ചൂഷണങ്ങള്‍ ഭീകരമായിരുന്നു. കുടുംബവുമായും നാടുമായുമെല്ലാം പൂര്‍ണ്ണമായും ഞാന്‍ വിട്ടുപോയിരുന്നു. എനിക്ക് ആരുമില്ലാതായിരുന്നു.''-ബിബിസിയുടെ ഹാര്‍ഡ് ടോക്ക് പരിപാടിയില്‍ അവര്‍ പറയുന്നു. 


കണക്കു നോക്കിയാല്‍, അവര്‍ 12 പോണ്‍ ചിത്രങ്ങളില്‍ മാത്രമാണ് മൂന്നു മാസം നീണ്ട കരിയറില്‍ അഭിനയിച്ചത് എങ്കിലും ലോകം കാണുന്നത് അവ മാത്രമല്ല. ഇപ്പോഴും അവരുടെ പേരില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പോണ്‍ഹബ് എന്ന ലോകത്തിലെ ഏറ്റവും വലിയ പോണ്‍ സൈറ്റില്‍ മാത്രമുള്ളത്, മിയ ഖലീഫയുടെ 3,800 വീഡിയോകളാണ്. 


മിയയുമായി കരാര്‍ ഒപ്പിട്ടിരുന്ന Bang Bros എന്ന കമ്പനിയുടെ സൈറ്റിലുമുണ്ട് അവരുടെ ആയിരത്തിലേറെ വീഡിയോകള്‍. മിയ ഖലീഫയുടെ പേരില്‍ അവരുടെ എക്‌സ്‌ക്ലൂസീവ് സൈറ്റാണ് എന്നു പറഞ്ഞ് പ്രവര്‍ത്തിക്കുന്ന സൈറ്റുകളിലും ഉപയോഗിക്കുന്നുണ്ട്, ആ യുവതി ഇന്നേവരെ അഭിനയിക്കാത്ത നൂറു കണക്കിന് വീഡിയോകള്‍. അതൊക്കെ പഴയ വീഡിയോകള്‍ വെച്ചു തട്ടിക്കൂട്ടുന്ന ഡിജിറ്റല്‍ അവതാരങ്ങള്‍ മാത്രം. 


12 വീഡിയോകളില്‍ മാത്രമഭിനയിച്ച ഒരാളുടെ പേരില്‍ എങ്ങനെയാണ് ഇത്ര വീഡിയോകള്‍ വന്നത്? ഈ ചോദ്യത്തിന് പോണ്‍ രംഗത്തുള്ള ഒരാള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ ഉത്തരം ഇതാണ്: ''അതെല്ലാം കോപ്പികളോ റീമേക്കുകളോ ബിറ്റുകളോ ആണ്. കാഴ്ചക്കാരെ വഞ്ചിച്ച് ഇത് പുതിയതാണ് എന്ന് തോന്നലുണ്ടാക്കി കാശുവരുകയാണ് പോണ്‍ കമ്പനികള്‍.'' 


മിയ ഖലീഫ ഈ വിഷയത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: ''അത് ചതിയാണ്. അഭിനേതാക്കളോടുള്ള ചതി. പ്രേക്ഷകരോടുള്ള ചതി. 12 വീഡിയോ പെറ്റുപെരുകിയാല്‍ 3800 ആവണമെങ്കില്‍, അതിനു പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ട്. പോണ്‍ ഇന്‍ഡസ്ട്രി നിയമവിരുദ്ധമായാണ് ബില്യനുകള്‍ കൊയ്യുന്നത്. ''


എന്താണ് പോണ്‍ഹബിന് ഈ വിഷയത്തിലുള്ള മറുപടി എന്നുകൂടി കേള്‍ക്കണം: ''പല വീഡിയോകളും ഒന്നിന്റെ തന്നെ പല ഭാഗങ്ങളാണ്. വെവ്വേറെ പേരു കൊടുത്തു ഇടുന്നു എന്നേയുള്ളൂ. സബ്‌സ്‌ക്രൈബേഴ്‌സും ആരാധകരും പോസ്റ്റ് ചെയ്യുന്ന ആയിരക്കണക്കിന് വീഡിയോകള്‍ കൂടി ചേരുമ്പോഴാണ് ഇത്രയും എണ്ണം വരുന്നത്. ഇതില്‍ വഞ്ചന ഒന്നുമില്ല. ഉള്ളടക്കത്തെ വ്യത്യസ്തമായി സമീപിക്കുകയാണ് ചെയ്യുന്നത്.''-പോണ്‍ ഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് വാഷിംഗ്ടണ്‍ പോസ്റ്റിനോടു പറയുന്നു. 


ഉള്ളടക്ക വൈവിധ്യം ഉണ്ടാക്കാനാണ് ഇതെന്ന് കമ്പനി പറയുമ്പോള്‍, സത്യം അതല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ''ഇത് ചൂഷണമാണ്.  പോണ്‍ഹബിന് ആയിരക്കണക്കിന് കണ്ടന്റ് ദാതാക്കളുണ്ട്. അതിലൊന്നാണ് മിയാഖലീഫയുടെ വീഡിയോകള്‍ നിര്‍മിച്ച ബാങ് ബോസ്' എന്ന കമ്പനി. മൂന്ന് മാസത്തെ ജോലിക്ക് അവര്‍ മിയാ ഖലീഫയ്ക്ക് നല്‍കിയത് വെറും12,000 ഡോളര്‍ (8.9 ലക്ഷം രൂപ) ആണ്. അതായത് പോണ്‍ നടി എന്ന നിലയില്‍ അവരുണ്ടാക്കിയ ആകെ സമ്പാദ്യം. എന്നാല്‍, കമ്പനികളോ? അവരിപ്പോഴും മിയ ഖലീഫയുടെ വീഡിയോകള്‍ വിറ്റ് കോടികള്‍ ഉണ്ടാക്കുന്നു.'' മിയയുടെ മുന്‍ മാനേജര്‍ ജെഫ് സോളമന്‍ പറയുന്നു.  


അസാധാരണമാണ് മിയ ഖലീഫയുടെ പോണ്‍രംഗത്തേക്കുള്ള വരവിന്റെ കഥ. ലബേനാനിലെ ബൈറൂത്തില്‍ പിറന്ന മിയ ഖലീഫ 2001-ലാണ് അമേരിക്കയില്‍ എത്തുന്നത്. ലബനോനിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ അഭയാര്‍ത്ഥിയായി എത്തിയതായിരുന്നു അവള്‍.  സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നു അവളന്ന്. 


''സ്‌കൂളിലെത്തി ആഴ്ചകള്‍ക്കു ശേഷമാണ്, സെപ്തംബര്‍ 11 ആക്രമണം നടക്കുന്നത്. അതോടെ എന്നെ ആളുകള്‍ നോക്കുന്ന വിധം മാറി. പശ്ചിമേഷ്യയില്‍നിന്നുള്ളവരെയെല്ലാം സംശയത്തോടെയാണ് പിന്നെ കണ്ടത്. 'ഭീകരവാദി' എന്നായിരുന്നു അന്നെനിക്ക് കിട്ടിയ ഇരട്ടപ്പേര്. എന്റെ വംശവും ഞാന്‍ വന്ന ദേശവും എന്റെ നിറവും രൂപവുമെല്ലാം ചേര്‍ന്നാണ് ആ സമീപനം ഉണ്ടാക്കിയത്. ''


തന്റെ പശ്ചിമേഷ്യന്‍ പാരമ്പര്യത്തില്‍ ഏറ്റവും നാണക്കേട് തോന്നിയ കാലമായിരുന്നു അതെന്ന് അവര്‍ പറയുന്നു. ''മുസ്‌ലിം ആയിരുന്നില്ല, കാത്തോലിക്ക ആയിരുന്നുവെങ്കിലും എന്നെയും അല്‍ഖാഇദ ആയും താലിബാനുമായൊക്കെയാണ് അവര്‍ കൂട്ടിയത്. അതിനു കാരണം തൊലിനിറവും രൂപവും ഒക്കെയായിരുന്നു.''


വിര്‍ജീനിയയിലെ ഒരു മിലിറ്ററി ബോര്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു തുടര്‍പഠനം. അവിടെ വെച്ചാണ് അവളുടെ ഇംഗ്ലീഷ് മെച്ചപ്പെട്ടത്. ടെക്‌സസ് സര്‍വകലാശാലയില്‍നിന്നും ചരിത്രത്തില്‍ ബിരുദം നേടി.  അതിനു ശേഷമാണ് മിയാമിയിലേക്ക് വന്നത്. അവിടെ വെച്ചുണ്ടായ ഒരു പ്രണയബന്ധമാണ് എന്നെ പോണ്‍ രംഗത്തേക്ക് എത്തിയത്. 


''ഞാന്‍ സുന്ദരിയാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ഒരിക്കലും ആരും അങ്ങനെ പറഞ്ഞിരുന്നില്ല. എനിക്കെന്റെ രൂപത്തോട് അപകര്‍ഷതയായിരുന്നു. അവനാണ് മോഡലിംഗ് എനിക്കു പറ്റുമെന്ന് പറയുന്നത്. അവനിലൂടെയാണ് ഒരു മോഡലിംഗ് ഏജന്‍സിയിലേക്ക് എത്തിയത്.''


''ആ ഏജന്‍സിയില്‍നിന്നും പോസിറ്റീവായ മറുപടികള്‍ ആണ് കിട്ടിയത്. ''ഞാന്‍ സുന്ദരിയാണെന്നും എനിക്ക് മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ ഏറെ കിട്ടുമെന്നും ഏജന്‍സിക്കാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അതിശയിച്ചു. എനിക്കെന്റെ അപകര്‍ഷതാബോധം മാറുന്നു എന്നു തോന്നി. സത്യത്തില്‍ ആ ഏജന്‍സി പ്രവര്‍ത്തിക്കുന്നത് പോണ്‍ രംഗത്തായിരുന്നു. അവരെന്നോട് അക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം എനിക്ക് സമ്മതിക്കാനായില്ല. പക്ഷേ, പിന്നീട് ഞാനതിനു സമ്മതിച്ചു'' 


''അങ്ങേയറ്റം അപകര്‍ഷതാ ബോധമുള്ള ഒരുത്തിയായിരുന്നു അതുവരെ ഞാന്‍. എന്നെ കാണാന്‍ കൊള്ളില്ലെന്നും ആരും പ്രേമിക്കില്ലെന്നുമാണ് ഞാന്‍ കരുതിയത്. ഒരു നല്ല വാക്കുപോലും അതുവരെ ഞാന്‍ എന്നെ കുറിച്ച് കേട്ടിട്ടുമില്ലായിരുന്നു. അതിനാല്‍, ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു. സെക്‌സി ആണ് ഞാനെന്ന് ജീവിതത്തില്‍ ആദ്യമായി എനിക്കു തോന്നി. എന്റെ ശരീരത്തോട് ഇഷ്ടം തോന്നി.''


അങ്ങനെ ബാങ് ബ്രോസ് എന്ന ഏജന്‍സിയുമായി അവള്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ വ്യവസ്ഥകളും അതിലെ നിയമപരമായ വാക്കുകളും ഒന്നും തനിക്ക് മനസ്സിലായിരുന്നില്ല എന്ന് അവള്‍ പറയുന്നു. ''ഇപ്പോഴും എനിക്ക് മനസ്സിലാവാത്തതാണ് കരാറുകളുടെ ഭാഷ. അത് നിറയെ ലൂപ് ഹോളുകളായിരിക്കും. നമുക്ക് അതിലെന്താണ് പറയുന്നത് എന്നു മനസ്സിലാവുകയുമില്ല. അതിനാലാണ്, ഇപ്പോള്‍ എന്നെ കുടുക്കിയിരിക്കുന്ന ആ കരാറുകളില്‍ ഞാന്‍ ഒപ്പിട്ടത്. ''


വണ്ണക്കൂടുതല്‍ ഉണ്ടായിരുന്നു എനിക്ക്. ലബനീസ് അഭയാര്‍ത്ഥി എന്ന നിലയില്‍ കടുത്ത ഒറ്റപ്പെടലും ഉണ്ടായിരുന്നു.  കരാര്‍ ഒപ്പിടും മുമ്പേ ഞാന്‍ തടി കുറച്ചു. സ്തനങ്ങള്‍ക്ക് സൗന്ദര്യം കൂട്ടുന്ന ശസ്ത്രക്രിയയും ചെയ്തു. അതിനു ശേഷമാണ് ഷൂട്ടിംഗിനു പോയത്'' 


21 വയസ്സുള്ളപ്പോഴാണ് അവള്‍ പോണ്‍താരമായി മാറിയത്. മൂന്ന് മാസം അവള്‍ അവിടെ ജോലി ചെയ്തു. 12 വീഡിയോകളില്‍ അഭിനയിച്ചു. അവസാന വീഡിയോയാണ് വിവാദമായി മാറിയത്. ഹിജാബ് ധരിച്ചുള്ള അവളുടെ പോണ്‍വീഡിയോയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഐസിസ് ഭീഷണി വന്നു. അവള്‍ പോണ്‍ രംഗം തന്നെ വിട്ടു. 


കരാര്‍ പ്രകാരം ആദ്യ മൂന്നു മാസം കിട്ടിയ 12000 ഡോളര്‍ അല്ലാതെ മറ്റൊന്നും അവള്‍ക്ക് കിട്ടിയിട്ടില്ല. യൂട്യൂബിലൊക്കെ കണ്ടന്റ് ദാതാക്കള്‍ക്ക് കിട്ടുന്നത് പോലെ, വീഡിയോ വ്യസിന് കാശു കിട്ടിയിരുന്നെങ്കില്‍, അവള്‍ക്ക് പ്രതിവര്‍ഷം ബില്യനുകള്‍ കിട്ടുമായിരുന്നു എന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അഭിനേതാക്കള്‍ക്ക് ചില്ലിക്കാശ് കൊടുക്കാതെ വര്‍ഷങ്ങളോളം ലാഭവിഹിതം ഒറ്റയ്ക്ക് പറ്റുന്ന ബിസിനസ് മോഡലാണ് പോണ്‍ മേഖലയിലുള്ളത്. 


ചെറിയ കമ്പനിയൊന്നുമല്ല പോണ്‍ഹബ്. സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ സൈറ്റുകള്‍, ഡിവിഡികള്‍, ബ്രോഡ്കാസ്റ്റ് ലൈസന്‍സുകള്‍, വീഡിയോ സ്ട്രീമിംഗ് സൈറ്റുകള്‍ എന്നിങ്ങനെ അനേകം പ്ലാറ്റ്‌ഫോമുകളിലൂടെ ഒരേ സമയം പോണുകള്‍ എത്തിക്കുന്ന കമ്പനിയാണ് പോണ്‍ഹബ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ഡിജിറ്റല്‍ കമ്പനി. അവരുടെ സെര്‍വറുകളിലുള്ള മുഴുവന്‍ പോണ്‍ സിനിമകളും കാണാന്‍ 115 വര്‍ഷങ്ങളെടുക്കും എന്നാണ് 2016-ല്‍ കമ്പനി തന്നെ പറഞ്ഞത്. ബില്യനുകളാണ് ഓരോ വര്‍ഷവും ഈ കമ്പനി ഉണ്ടാക്കുന്നത്. 


അവര്‍ക്ക് ഉള്ളടക്കം നല്‍കുന്ന അനേകം ഏജന്‍സികളില്‍ ഒന്നു മാത്രമാണ് മിയഖലീഫയുമായി കരാര്‍ ഉണ്ടാക്കിയ ബാങ് ബ്രോസ്. ഒരു ലക്ഷത്തോളം അഭിനേതാക്കളുമായി പല വിധത്തില്‍ ഇടപാടുകള്‍ നടത്തുന്ന ഈ ഏജന്‍സിക്ക് പോണ്‍ ഉള്ളടക്കങ്ങള്‍ നല്‍കുന്ന ആയിരത്തോളം ഏജന്‍സികളുണ്ട്. എന്നിട്ടും പരമാവധി ലാഭം ഉണ്ടാക്കുക എന്നതിനപ്പുറം അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാനോ ഒന്നും ഇവര്‍ തയ്യാറാവുന്നേയില്ല. 


തന്റെ ജീവിതത്തിലെ ഏറ്റവും നാണം കെട്ട തീരുമാനമായിരുന്നു പോണ്‍ രംഗത്തേക്കുള്ള വരവ് എന്നാണ് അവര്‍ യാഹൂ അഭിമുഖത്തില്‍ പറഞ്ഞത്. ''ഞാനന്ന് ഒരു പൊട്ടത്തിയായിരുന്നു. ദുര്‍ബല ആയിരുന്നു. എളുപ്പത്തില്‍ മെരുക്കാന്‍ കഴിയുമായിരുന്നു. ആണുങ്ങള്‍ വിചാരിച്ചാല്‍ എന്നെ അവരുദ്ദേശിക്കുന്ന തലത്തിലേക്ക് എത്തിക്കാനാവുമായിരുന്നു.''-അവര്‍ പറയുന്നു. 


തന്റെ പോണ്‍ വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങളിലാണ് അവരിപ്പോള്‍.  പോണ്‍ഹബ് അടക്കമുള്ള കമ്പനികളോട് അവര്‍ നിയമപരമായി തന്നെ അതാവശ്യപ്പെട്ടു. കമ്പനികള്‍ വിസമ്മതിച്ചു. അതിനെതിരെ നിയമപേരാട്ടം ആലോചിക്കുന്നുവെങ്കിലും അത് എളുപ്പമല്ല എന്നവര്‍ക്കറിയാം. എന്നാല്‍, കോടികള്‍ മറിയുന്ന പോണ്‍ ബിസിനസിനെ ഒറ്റയ്ക്ക് നേരിടാന്‍ അവര്‍ക്ക് കഴിയില്ലെന്നും നിയമപോരാട്ടം എളുപ്പമല്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു. 


''ആളുകള്‍ എന്നെ നഗനരായി കാണുന്നത് ഒന്നവസാനിച്ചാല്‍ മതിയെന്നേ എനിക്കുള്ളൂ.''അതിനാണ് എന്റെ ശ്രമങ്ങള്‍. പക്ഷേ, അതിനു വേണ്ടി 24 മണിക്കൂറും തല പുകഞ്ഞ് എന്റെ മനസ്സമാധാനം നശിപ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല. നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതോടൊപ്പം ഈ പോരാട്ടം കൊണ്ടുപോവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.''-അവര്‍ പറയുന്നു. 


2015-ല്‍ പോണ്‍ രംഗത്തുനിന്ന് വിരമിക്കുമ്പോള്‍ ഒട്ടും നല്ലതായിരുന്നില്ല അവസ്ഥ എന്നാണ് യാഹൂവിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നത്. ''ചുറ്റും വധഭീഷണിയായിരുന്നു. ജന്‍മനാടായ ലബനോനില്‍ ഞാന്‍ പൊതുശത്രുവായി മാറി. 
കുടുംബം പൂര്‍ണ്ണമായും എന്നെ ഒഴിവാക്കിയിരുന്നു.'-അവര്‍ പറയുന്നു. 


''ഞാന്‍ പലപല ജോലികള്‍ക്ക് ശ്രമിച്ചു. ഓഫീസ് ജോലിക്ക് ചെല്ലുമ്പോഴേ പറച്ചില്‍ തുടങ്ങും, ഇത് മിയാ ഖലീഫ അ
ല്ലേ എന്ന്. എവിടെ ചെന്നാലും ഭൂതകാലം വെച്ചാണ് ആളുകള്‍ എന്നെ കണ്ടത്. പിന്നെ രണ്ട് സ്‌പോര്‍ട്‌സ് പരിപാടികളില്‍ അവതാരകയായി. അതും പെട്ടെന്നു നിന്നു. പിന്നെയാണ് കണ്ടന്റ് പ്രൊഡക്ഷനിലേക്ക് മാറിയത്. സോഷ്യല്‍ മീഡിയയിലും ഞാന്‍ സജീവമായി. ടിക്‌ടോക്കാണ് പുതുജീവിതം തന്നത്. ആയിരക്കണക്കിന് സ്ത്രീകള്‍ അവരുടെ ജീവിതം എന്നോട് തുറന്നുപറഞ്ഞു.''


ടിക്ക്‌ടോക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി കോടിക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട് അവര്‍ക്ക്. ലോകത്തേറ്റവും അറിയപ്പെടുന്ന പോണ്‍ താരം എന്ന പ്രശസ്തിയാണ് അവര്‍ക്ക് ഗുണകരമായത്. ''എന്നെ പോണ്‍ കമ്പനികള്‍ വില്‍ക്കുന്നു. അവരുടെ പേരും പെരുയും പ്രശസ്തിയും ഞാനും ഉപയോഗിക്കുന്നു. അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു ജീവിതം ഉണ്ടാക്കിയെടുത്തത്.'' 


എന്നാല്‍, ആളുകള്‍ ഇപ്പോഴും പോണ്‍ താരമായിട്ടു തന്നെയാണ് പരിഗണിക്കുന്നത് എന്ന പരാതിയും അവര്‍ക്കുണ്ടമൊന്നും അതായിരുന്നില്ല ഞാന്‍. എന്നാല്‍, ആ മൂന്നു മാസം മാത്രം വെച്ചാണ് എന്നെ കാണുന്നത്. ഞാനതില്‍ അവരെ കുറ്റം പറയുന്നില്ല. പോണ്‍ ഇന്‍ഡസ്ട്രി എന്നാല്‍ അങ്ങനെയാണ്.''-വാഷിംഗ്ടണ്‍ പോസ്റ്റ് അഭിമുഖത്തില്‍ മിയ ഖലീഫ സൂചിപ്പിക്കുന്നു. 


എന്നാല്‍ സോഷ്യല്‍ മീഡിയയാണ് തന്നെ ജീവിപ്പിക്കുന്നത് എന്ന് മിയ ഖലീഫ ഇന്ന് തിരിച്ചറിയുന്നുണ്ട്. ''ആയിരക്കണക്കിന് സ്ത്രീകള്‍ എന്നോടിപ്പോള്‍ സംസാരിക്കുന്നുണ്ട്. പല തരം ചൂഷണങ്ങളെ കുറിച്ച് അവര്‍ സംസാരിക്കുന്നു. അവരുടെ പോരാട്ടങ്ങള്‍ക്ക് കൂടെ നില്‍ക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. ഒരു ആക്ടിവിസ്റ്റ് ആയി മാറുകയാണ് ഞാനെന്നാണ് എനിക്ക് തോന്നുന്നത്.''-യാഹൂവിനോട് മിയ ഖലീഫ പറഞ്ഞു. 


അവരുടെ ട്വിറ്റര്‍ ഇടപെടലുകള്‍ കണ്ടാല്‍ ഇക്കാര്യം ബോധ്യമാവും. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങളില്‍ അവര്‍ എടുത്ത നിലപാടുകള്‍ അവിടെ കാണാം.  കര്‍ഷക സമരത്തിന് പിന്തുണ നല്‍കി നാലഞ്ച് ട്വീറ്റുകള്‍ അവരിട്ടു. അവയ്ക്ക് എതിരെ ഇന്ത്യയില്‍നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും അവര്‍ ട്വീറ്റുകള്‍ തുടരുകയാണ്. 


കര്‍ഷക സമരത്തിന് അനുകൂലമായി രംഗത്തുവന്നതില്‍ പ്രതിഷേധിച്ച് യുനൈറ്റഡ് ഹിന്ദു ഫ്രന്റ് എന്ന സംഘടന ഫെബ്രുവരി നാലിന് ദില്ലിയില്‍ അവരുടെ കോലം കത്തിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും അവര്‍ക്കെതിരെ ട്രോളുകളും പരിഹാസവും ആക്രമണവുമുണ്ടായി. പോണ്‍നടിക്ക് രാഷ്്രടീയം പറയാന്‍ എന്തവകാശം എന്ന ചോദ്യം ഉയര്‍ന്നു. 


പാക്കിസ്താനില്‍നിന്നുമുണ്ടായി സമാനമായ എതിര്‍പ്പുകള്‍. മിയക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാന്‍. എന്നാല്‍ മിയ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാരോപിച്ച് നിരവധിപേര്‍ രംഗത്തുവന്നു. തുടര്‍ന്ന്, പാക്കിസ്താന്‍ മിയ ഖലീഫയുടെ ടിക്‌ടോക്ക് അക്കൗണ്ട് നിരോധിച്ചു. എന്നാല്‍, തന്റെ ടിക്‌ടോക്ക് വീഡിയോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അവര്‍ പകരം വീട്ടി. 


തന്റെ പുതിയ ജീവിതം പോസിറ്റീവായി കാണുകയാണ് മിയാ ഖലീഫ. തന്റെ പോണ്‍ വീഡിയോകള്‍ ഇല്ലാത്ത ഒരു ലോകമാണ് അവരിപ്പോള്‍ സ്വപ്‌നം കാണുന്നത്. പോണ്‍ രംഗത്തുള്ള അഭിനേതാക്കള്‍ക്ക് മാന്യമായ പ്രതിഫലവും അന്തസ്സുള്ള ഇടപെടലുകളും കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. ഒപ്പം, ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നു. 


ഈയടുത്താണ് തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്. ഒരു വര്‍ഷത്തിലേറെ ആയി ദാമ്പത്യ ജീവിതം ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാല്‍ ബന്ധം വിടുകയാണ് എന്നാണ് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞത്. 2019ലാണ് റോബന്‍ട്ടും മിയയും വിവാഹിതരായത്. 


ഇതിനു ശേഷം, കുറേക്കൂടി തന്നിലൊതുങ്ങി എങ്കിലും ലോകമെങ്ങുമുള്ള അനീതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ പറയുന്നു. ''പോണ്‍ നടിയായല്ലാതെ ആളുകള്‍ എന്നെ കാണുന്ന ഒരു കാലം വരിക തന്നെ ചെയ്യും. ''-അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

click me!