ഒരുകാലത്ത് നിരവധി വ്യാപാരറൂട്ടുകള്‍ക്കിടയിലെ സമ്പന്നവും തിരക്കേറിയതുമായ വ്യാപാരകേന്ദ്രമായിരുന്നു ഇത്. ഉപ-സഹാറൻ ആഫ്രിക്കയിലേക്ക് പോകുന്നതിനുമുമ്പ് യൂറോപ്പ്, വടക്കേ ആഫ്രിക്ക, ലെവന്‍റ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ ചിങ്ഗുവെത്തിയിൽ നിർത്തുമായിരുന്നു. അവരാ സ്ഥലത്തെ താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളായി കണ്ടുപോന്നു. എന്നാല്‍, വെറും വിശ്രമകേന്ദ്രം മാത്രമായിരുന്നില്ല അത്.
undefined
'ലൈബ്രറികളുടെ നഗരം' എന്നറിയപ്പെടുന്ന ഇവിടെവച്ച് അവര്‍ കവികളുമായും ഡോക്ടര്‍മാരുമായും വക്കീലുമാരുമായും ഗവേഷകരുമായുമെല്ലാം കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്‍തു. എന്നാല്‍, പിന്നീട് അവിടം തിരക്കൊഴിയുകയും കവികളും ഗവേഷകരും വ്യാപാരികളുമെല്ലാം ഇവിടെനിന്നും ഒഴിഞ്ഞുപോവുകയും ചെയ്‍തു. എന്നാല്‍, ഇവിടെ കണ്ടെത്തിയ പുസ്‍തകങ്ങള്‍ അപ്പോഴും സംരക്ഷിക്കപ്പെട്ടു. ഒപ്പം പോയകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍പോലെ കെട്ടിടങ്ങളുടെ ശേഷിപ്പും കാണാം. രണ്ടായിരത്തില്‍ സ്ഥലത്തിന്‍റെ സാംസ്‍കാരിക പ്രാധാന്യം കണക്കിലെടുത്ത് യുനെസ്‍കോ ഇത് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
undefined
പുരാതന ഈജിപ്ത്യന്‍സ് വിശ്വസിച്ചിരുന്നത് സഹാറ മരുഭൂമി മരിച്ചവരുടെ ഇടമാണെന്നാണ്. മരിച്ച മനുഷ്യര്‍ മരണാനന്തരജീവിതം നയിക്കുന്നത് ഇവിടെയാണെന്നും സൂര്യനസ്‍തമിക്കുന്ന സ്ഥലത്താണ് അവസാനം അവരുടെ ആത്മാവ് അഭയം പ്രാപിക്കുന്നത് എന്നും അവര്‍ കരുതിപ്പോന്നു. ഏതായാലും ഈ സ്ഥലത്ത് ജീവനോടെയിരിക്കുക എന്നത് ഏതൊരു ജീവിയെ സംബന്ധിച്ചും വലിയ ബുദ്ധിമുട്ട് തന്നെയാണ്. 'മരുഭൂമി നിങ്ങളെയാണ് ഭരിക്കുന്നത്, നിങ്ങള്‍ക്ക് മരുഭൂമിയെ ഭരിക്കാനാവില്ല' എന്ന ചൊല്ല് പോലെ അവിടം കീഴടക്കുക എളുപ്പമായിരുന്നില്ല.
undefined
എന്നാല്‍, ഒരുകൂട്ടം ആളുകള്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് ആ സ്ഥലം അവരുടെ വീടാക്കി മാറ്റുക തന്നെ ചെയ്‍തു. അവര്‍ മരുഭൂമിയെ ഭരിക്കുകയല്ല ചെയ്‍തത്. മറിച്ച് അവര്‍ ആ സ്ഥലവുമായി പൊരുത്തപ്പെട്ട് ജീവിക്കുകയായിരുന്നു. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹാറയില്‍ മരിച്ചവരുടെ നാട് എന്ന് പറയുന്ന സ്ഥലത്ത് ഒരുകൂട്ടം ആളുകള്‍ അവരുടെ ജീവിതം കണ്ടെത്തി. അവിടം അവര്‍ വ്യാപാരികളുടെയും എന്തിന് വിജ്ഞാനകുതുകികളുടെയും പ്രിയപ്പെട്ട സ്ഥലമാക്കി.
undefined
അവരെല്ലാവരും അറബിക് എന്ന ഒരേ ഭാഷ സംസാരിച്ചു. വിവിധയിടങ്ങളില്‍നിന്നും ടിംബക്റ്റുവിലേക്കും തിരിച്ചും സ്വർണം, അടിമകൾ, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കടത്തിവിട്ടിരുന്നു. ആ കച്ചവടക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇടയില്‍ പട്ടണങ്ങൾ ഉയർന്നുവന്നു.
undefined
എന്നാല്‍, സൂര്യന്‍ ചുട്ടുപഴുപ്പിച്ച, വരണ്ട കാറ്റ് ബുദ്ധിമുട്ടിച്ച, മരുഭൂമിയിലെ മണല്‍ കാല് പോറിച്ച ഈ ഇടം വെറും വ്യാപാരികളെ മാത്രമായിരുന്നില്ല ആകര്‍ഷിച്ചിരുന്നത്. പകരം വിജ്ഞാനകുതുകികളും ഗവേഷകരും അറിവിനായി ദാഹിച്ചവരും ആ മരുഭൂമി കടന്നെത്തി. ചൈനയില്‍ സ്ഥിരതാമസമാക്കും മുമ്പ് തന്‍റെ സഞ്ചാരങ്ങള്‍ക്കിടയില്‍ ഇബ്‍ന്‍ ബത്തൂത്ത ഇവിടെ എത്തിയിരുന്നതായി പറയുന്നു. മക്കയിലേക്കുള്ള യാത്രാമധ്യേ ആവണം ഇത്.
undefined
ആ സ്ഥലം നൂറ്റാണ്ടുകളോളം അങ്ങനെ നിലനിന്നു. എന്നാല്‍, എക്കാലവും നിലനില്‍ക്കാന്‍ അതിനായില്ല. ഇന്ന് സഹാറ ശൂന്യവും ശാന്തവുമാണ്. വ്യാപാരികളുടെയോ മറ്റോ ബഹളങ്ങളൊന്നും തന്നെയില്ല. എന്നാല്‍, ഒരുകാലത്ത് അവിടെയുണ്ടായിരുന്നതിന്‍റെ ശേഷിപ്പുകളെ അത് ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അതാണ് ചിങ്ഗുവെത്തിയിലും കാണാവുന്നത്. അവിടെ പഴയകാലത്തിന്‍റെ ശേഷിപ്പുകള്‍ കാണാം. ഒപ്പം ആ ലൈബ്രറികളും. കല്ലുകളുടെ ചുമരുകളും മരവാതിലുകളും കടന്ന് അകത്ത് ചെല്ലുമ്പോള്‍ ഒരുകാലത്ത് ഇസ്ലാമിക ഗവേഷണങ്ങള്‍ക്കും മറ്റും ആശ്രയിച്ചിരുന്ന പുസ്‍തകങ്ങളുടെ ശേഖരം കാണാം. അതില്‍ പഴമയുടെ മണമറിയാം.
undefined
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകത്തിന്‍റെ പലഭാഗത്തുനിന്നുമുള്ള ഇസ്ലാമിക പണ്ഡിതര്‍ ചിങ്ഗുവെത്തിയിലെത്തുകയും അറിവിനും അന്വേഷണത്തിനുമായി ഈ ലൈബ്രറികളിലെ പുസ്‍തകങ്ങളെ ആശ്രയിക്കുകയും ചെയ്‍തിരുന്നു. അവിടെ അന്ന് ഈ ലൈബ്രറികള്‍ ഉപയോഗിക്കുന്നത് സൗജന്യമായിരുന്നു. കാരണം, അവ ഒരിക്കലും വരുമാനത്തിനുവേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് ലൈബ്രറികളെന്നത് പ്രൗഢിയെ സൂചിപ്പിക്കുന്ന ഒന്നായിരുന്നു. 1950 വരെ ഈ ലൈബ്രറികള്‍ പൊതുജനത്തിനായി തുറന്നുനല്‍കിയിരുന്നു.
undefined
എന്നാല്‍, മുപ്പതോളം ലൈബ്രറികളുണ്ടായിരുന്നു ഇവിടെ ഇപ്പോള്‍ അഞ്ച് ലൈബ്രറികളാണ് ശേഷിക്കുന്നത്. അതിനായി ഒരു ലൈബ്രേറിയനുമുണ്ട്. വളരെ ചുരുക്കം ചിലരാണ് ആ ചരിത്രനിധി കാണാനും അനുഭവിക്കാനുമായി ഇപ്പോള്‍ അവിടെ ചെല്ലാറുള്ളത്. ഏതായാലും, കാലത്തിന്‍റെ അടയാളപ്പെടുത്തലായി ആ ലൈബ്രറികള്‍ അങ്ങനെത്തന്നെ നിലനില്‍ക്കും എന്ന് പ്രതീക്ഷിക്കാം.
undefined