രണ്ടാം ഇന്ത്യ പാക് മത്സരത്തിലെ ഇന്ത്യയ്ക്കേറ്റ പരാജയം ഫൈനലില്‍ തീര്‍ത്ത് തരാമെന്ന് വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണെന്ന് ചിലര്‍.
ഇപ്പോള്‍ ടീം ഇന്ത്യയുടെ ആരാധകര്‍ കളിക്കളത്തിലെ കളി വിട്ട് കണക്കിലെ കളികളില്‍ മുഴുകിയിരിക്കുകയാണ്. അതും ശക്തരായ പാകിസ്ഥാനെ പുതു തലമുറ ടീമായ അഫ്ഗാന്‍ അട്ടിമറിക്കണം.
അങ്ങനെയെങ്കില്‍ ഇന്ത്യ ഫൈനലില്‍ കയറാനുള്ള 'വളരെ നേരിയ' സാധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് ചിലരുടെ ആശ്വാസം.
അത് മാത്രം പോരെ അങ്ങനെ പാകിസ്ഥാനെ തോല്‍പ്പിച്ച് ആത്മവിശ്വാസം നേടിയ അഫ്ഗാനെ ഇന്ത്യ തോല്‍പ്പിക്കുകയും വേണം.
അവിടെയും തീരുന്നില്ല. അതിന് ശേഷമുള്ള അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയും പാകിസ്ഥാനെ തോല്‍പിക്കണം.
ഇങ്ങനെ കണക്ക് വച്ച് മറ്റ് ടീമുകള്‍ ജയതോല്‍വികള്‍ വീതെച്ചെടുത്താല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ മുന്നിലെത്തും.
അങ്ങനെ ഇന്ത്യന്‍ ടീം ഫൈനലില്‍ കയറി കപ്പടിക്കും. ആരാധകരുടെ വിശ്വാസത്തിന് അതിരുകളില്ല. പതിവ് പോലെ അവസാന ഓവര്‍ വരെ കളി കൊണ്ടെത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ടീമിന്‍റെ കരുത്താണെന്ന് കരുതുന്നവരും കുറവല്ല.
മറ്റ് ചില ആരാധകര്‍ പക്ഷേ തോല്‍വിക്ക് കോച്ചിനെയും സെലക്ടര്‍മാരെയുമാണ് വിമര്‍ശിക്കുന്നത്. തോന്നുന്നപോലെ ടീമിനെ സെലക്ട് ചെയ്ത് അവസാനം നിര്‍ണ്ണായക മത്സരത്തില്‍ ടീം തോക്കുകയാണെന്നാണ് ഇവരുടെ പരാതി.
എ ടീം, ബി ടീം, സി ടീം അങ്ങനെ അങ്ങനെ പല ടീം. പക്ഷേ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാന്‍ കൊള്ളാവുന്നൊരു ടീമില്ലെന്ന് ചിലര്‍.
ചിലര്‍ മഹിഭായി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. മറ്റ് ചിലര്‍ ഋഷഭ് പന്തിനെ മാറ്റി സജ്ഞുവിന് വേണ്ടി വാദിച്ചു. വേറെ ചിലര്‍ ഭുവനേശ്വര്‍ കുമാറനെ കളി പറഞ്ഞു. ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന ബൌളറെന്ന ഖ്യാതി ഭുവിക്ക് നഷ്ടമായതായി വേറെ ചിലര്‍.
അതുകൊണ്ടരിശം തീരാത്ത ചിലര്‍ കണക്കുകള്‍ നിരത്തി. പാകിസ്ഥാനെതിരെ 19 -ാം ഓവര്‍ എറിഞ്ഞ ഭുവി വിട്ട് കൊടുത്തത് 19 റണ്‍സ്. ശ്രീലങ്കയ്ക്കെതിരെ എറിഞ്ഞ 19 ഓവറില്‍ വിട്ട് കൊടുത്തത് 14 റണ്‍സ്. രണ്ട് തോല്‍വിക്കും കാരണം ഭുവിയുടെ 19-ാം ഓവര്‍. അപ്പോള്‍ തോല്‍വിക്ക് കാരണമാര് ? ചിലര്‍ ചോദിക്കുന്നു.
എന്നാല്‍, ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ മാന്‍ഡ്രക്കാണ് ഋഷഭ് പന്തെന്ന് പറയുന്നവരും കുറവല്ല. വിക്കറ്റിന് പിന്നിലും മുന്നിലും ഋഷഭ് പന്ത് സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് ഇവരുടെ വാദം. സെലക്ടര്‍മാരും കോച്ചും പന്തിനെ 100 കളി കളിപ്പിച്ച് നല്ലൊരു കളിക്കാരനാക്കി മാറ്റുമെന്ന ആശ്വാസത്തിലാണ് ചിലര്‍.
പന്തിന്‍റെ ഉഴപ്പന്‍ കളി അവസാനിപ്പിച്ച് കേരളത്തിന്‍റെ സ്വന്തം സജ്ഞുവിനെ ഇറക്കൂ, ഇന്ത്യയെ രക്ഷിക്കൂവെന്നും ചിലര്‍ ആവശ്യപ്പെടുന്നു. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരേക്കാള്‍ മികച്ച താരമാണ് സഞ്ജു എന്ന് ആരാധകര്‍ വാദിക്കുന്നു.
ശ്രീലങ്കയോട് ഇന്ത്യ തോറ്റതിന് പിന്നാലെ സഞ്ജു സാംസണ്‍ ഹാഷ്‌ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉറപ്പായും ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെയും ട്രോളന്മാരുടെയും ആവശ്യം.
ഐപിഎല്‍ ആണ് ടീം ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് കണ്ടെത്തലുമായി മറ്റ് ചിലരും രംഗത്തെത്തി. ഐപിഎല്‍ കളിക്കുന്ന കളിക്കാരൊന്നും ഇന്ത്യന്‍ ടീമിന് വേണ്ടി അതേ പ്രകടനം പുറത്തെടുക്കാത്തതെന്താണെന്ന സംശയമായിരുന്നു ചിലര്‍ക്ക്.
ക്യാപറ്റന്‍റെ തണുപ്പന്‍ രീതിക്കെതിരെയും ചിലര്‍ രംഗത്തെത്തി. ബുമ്രയെ ഉപയോഗിച്ചാണ് രോഹിത് ശര്‍മ്മ കളി ജയിപ്പിച്ചിരുന്നതെന്ന കണ്ടെത്താലുമായി ചിലരെത്തി.
ക്യാപ്റ്റന്‍റെ കളികളിച്ചിട്ടും ടീം തോറ്റത് അഫ്ഗാനോട് ശ്രീലങ്ക തോറ്റപ്പോള്‍, അവരെ കളിയാക്കിയതിന്‍റെ ശാപമാണെന്ന് ചിലര്‍ കളി പറഞ്ഞു.
വേറെ ചിലര്‍ സെലക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞു. എന്നാല്‍, അന്തിമ ഇലവനിലെ കോച്ചിന്‍റെ തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് കുറ്റം പറയുന്നവരും കുറവല്ല.
ഫോം ഔട്ട് ആയിരുന്ന കിംഗ് കോലി രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി അമ്പത് കടത്തിയപ്പോള്‍ ആഘോഷിച്ച ആരാധകരില്‍ പലരും പക്ഷേ ഇന്നലത്തെ ഡക്കില്‍ അരിശം പൂണ്ടു.
ഇന്ത്യയുടെ കളി ഇങ്ങനാണെങ്കില്‍ ഇനി അടുത്ത പാട്ട് മത്സരത്തിന് കാണാമെന്ന് പറയുന്ന ആരാധകരും കുറവല്ല. കാര്യം ലോകോത്തര ടീമാണ്. എന്ന് വച്ചിട്ട് ഒരു ഏഷ്യാ കപ്പ് ഫൈനലില്‍ പോലും എത്താന്‍ കഴിയാത്ത ടീമാണെന്ന് പറഞ്ഞാല്‍.. ആരാധകര്‍ക്കില്ലേ ഒരു നാണക്കേട്... അതുകൊണ്ട് ഞങ്ങളങ്ങ് ഇറങ്ങുവാണെന്ന് ട്രോളന്മാര്‍.