T20 World Cup‌‌‌| വരുണ്‍ ചക്രവര്‍ത്തി പുറത്താകുമോ; നമീബിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

First Published | Nov 7, 2021, 4:51 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup‌‌‌ 2021) സൂപ്പര്‍ 12(Super 12) ഘട്ടത്തില്‍ ടീം ഇന്ത്യ(Team India) നാളെ അവസാന പോരാട്ടത്തിന് ഇറങ്ങുകയാണ്. നാളെ ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ഇന്ത്യയുടെ കണ്ണുകളത്രയും ഇന്നത്തെ ന്യൂസിലന്‍ഡ്-അഫ്‌ഗാന്‍ മത്സരത്തിലാണെങ്കിലും(NZ vs AFG) നമീബിയക്കെതിരായ(India vs Namibia) പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ തിരയുകയാണ് ആരാധകര്‍. അഫ്‌ഗാനിസ്ഥാനും സ്‌കോട്‌ലന്‍ഡിനുമെതിരെ തുടര്‍ച്ചയായ ജയവുമായെത്തുന്ന കോലിപ്പട വിജയ ടീമിനെ നിലനിര്‍ത്തുമോ എന്നതാണ് ചോദ്യം. 

ഇന്നത്തെ ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സര ഫലം എന്തായാലും മികച്ച വിജയം അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ നേടുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. 

മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സഖ്യത്തില്‍ ഇന്ത്യ അഴിച്ചുപണിക്ക് തയ്യാറാകാന്‍ ഒരു സാധ്യതയുമില്ല. രാഹുല്‍ 19 പന്തില്‍ 50 ഉം രോഹിത് 16 പന്തില്‍ 30 റണ്‍സ് സ്‌കോട്‌ലന്‍ഡിനെതിരെ നേടിയിരുന്നു.  


പിന്നാലെ നായകന്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും ബാറ്റിംഗ് നിര ഭരിക്കും. സ്‌കോട്‌ലന്‍ഡിനെതിരെ എട്ട് വിക്കറ്റിന് ടീം ജയിക്കുമ്പോള്‍ കോലിയും സൂര്യകുമാറുമായിരുന്നു ക്രീസില്‍. 

ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ സ്ഥാനവും സുരക്ഷിതമാണ്. ഹര്‍ദിക് ബാറ്റിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തിയത് ടീമിന് പ്രതീക്ഷയാണ്. മൂന്ന് വിക്കറ്റുമായി ജഡേജ കഴിഞ്ഞ മത്സരത്തിലെ താരമായിരുന്നു. 

ജഡേയ്‌ക്ക് പുറമെ രവിചന്ദ്ര അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ സ്‌പിന്നര്‍മാര്‍ക്കും ടീം ഇന്ത്യ അവസരം നല്‍കിയേക്കും.

മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര എന്നിവരാകും പേസര്‍മാര്‍. ഷമി മൂന്നും ബുമ്ര രണ്ടും വിക്കറ്റ് കഴിഞ്ഞ മത്സരത്തില്‍ വീഴ്‌ത്തിയിരുന്നു.  സ്‌കോട്‌ലന്‍ഡിനെതിരെ കളിച്ച താരങ്ങളാരും പരിക്കിന്‍റെ പിടിയിലില്ല എന്നത് ടീമിന് ആശ്വാസമാണ്. 

ഇന്ത്യ സാധ്യതാ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര.

Latest Videos

click me!