'പൊറോട്ടയല്ല ബദല്‍ പോരാട്ടമാണ്...'; ഇന്ത്യ-ദക്ഷിണാഫ്രിക്ക, നനഞ്ഞ പടക്കം പോലൊരു ക്രിക്കറ്റ് കളി, ട്രോള്‍ കാണാം

First Published | Sep 29, 2022, 2:07 PM IST

കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി 20 കളിക്ക് മുമ്പ് പിച്ച് നിര്‍മ്മിച്ച ക്യൂറേറ്റര്‍ ബിജു എ എം പറഞ്ഞത് 180 ന് മുകളില്‍ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള പിച്ചെന്നായിരുന്നു. എന്നാല്‍, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയും രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെയും ആദ്യ നിര ബാറ്റ്സ്മാന്‍മാരൊക്കെ പിച്ചില്‍ കിടന്ന് അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിക്കുകയായിരുന്നു. ലോകോത്തര ബാറ്റ്സ്മാന്മാരെന്ന് പേരെടുത്ത ഇന്ത്യയുടെ മുന്‍ നായകന്‍ കോലിയും ഇപ്പോഴത്തെ നായകന്‍ രോഹിത് ശര്‍മ്മയും വന്നത് പോലെ പോയി. ദക്ഷിണാഫ്രിക്കയുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു നാല് പേരാണ് സംപൂജ്യരായി കൂടാരം കേറിയത്. മൂന്ന് പേര്‍ക്ക് പത്തില്‍ താഴെ റണ്ണും. രണ്ടക്കം കടന്നത് ആകെ മൂന്ന് പേര്. അപ്പോ നേരത്തെ പറഞ്ഞ ആ 180 റണ്‍ എവിടെ പോയെന്നാണ് ട്രോളന്മാരുടെ ചോദ്യം. കാണാം ഇന്ത്യ -ദക്ഷിണാഫ്രിക്ക ടി 20 ട്രോളുകള്‍. 

പഴയ പോലെ ടീം ഇന്ത്യയ്ക്ക് വേണ്ടി മാത്രം കുഴികുത്തി നിര്‍മ്മിച്ച പിച്ചല്ല ഇതെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ലോകോത്തര പിച്ചിന് സമാനമായി ബൗണ്‍സും സ്വിങും കണ്ടെത്താന്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് പിച്ചിന് കഴിഞ്ഞു. അല്പം വെള്ളം കുടിച്ചെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്രാ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു  മലയാളികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍, സ്റ്റേഡിയത്തില്‍ കയറി ഒന്ന് ഇരിപ്പുറയ്ക്കും മുമ്പ് തന്നെ കളി കഴിയുമോയെന്ന ആശങ്കയിലായി കാണിക്കളും. 


2 ഓവറില്‍ 5 വിക്കറ്റിന് 9 റണ്‍സ് ഇങ്ങനെ പോയാല്‍ മൊത്തം പത്ത് ഓവറ് പോലും സ്റ്റേഡിയത്തിലിരിക്കാന്‍ പറ്റില്ലേയെന്ന് പോലും ആരാധകര്‍ ഭയന്നു. ആയിരത്തിയഞ്ചൂറ് രൂപ കൊടുത്ത് ടിക്കറ്റുമെടുത്ത്, ഉള്ള ഇടിമൊത്തം കൊണ്ട് ഒടുവില്‍ സ്റ്റേഡിയത്തില്‍ കയറുന്നതിന് മുമ്പ് തന്നെ കളി കഴിഞ്ഞെന്ന് പറഞ്ഞാല്‍ എത്ര വലിയ ആരാധകനായാലും ദേഷ്യം വരാതിരിക്കുമോ?

അത് തന്നെയാണ് കളി കാണാനെത്തിയവരെല്ലാം പറഞ്ഞത്. ഒന്നാമത് സ്റ്റേഡിയത്തിലിരുന്നാല്‍ ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുന്നതെന്നറിയില്ല. അതൊക്കെ ഒന്ന് അറിഞ്ഞ് വരുമ്പോഴേക്കും കളി കഴിയുകയെന്നാല്‍ ? ഇത്രയ്ക്ക് വേഗം വേണ്ടെന്നും അല്പം പതുക്കെ മതിയെന്നാണ് ട്രോളന്മാരും പറയുന്നത്. 

റണ്ണൊഴുകുന്ന പിച്ചാണെന്നും പറഞ്ഞാണ് പിച്ചൊരുക്കിയത്. എന്നിട്ട് വെറും 106 റണ്‍സിന് ദക്ഷിണാഫ്രിക്ക പോയതിന് പിന്നാലെ രണ്ട് പന്തില്‍ പൂജ്യവുമായി രോഹിത് ശര്‍മ്മയും 9 പന്തില്‍ 3 റണ്ണുമായി കോലിയും കൂടാരം കയറി. കെ എല്‍ രാഹുലാണെങ്കില്‍ മുട്ടി മുട്ടി ടെസ്റ്റ് കളിക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് സൂര്യ കുമാര്‍ യാദവ് ഇതൊക്കെയെന്ത് എന്ന് പറഞ്ഞെത്തുന്നത്. 

ഏറ്റവും ഒടുവില്‍ ഗ്രൗണ്ടിലെത്തിയ സൂര്യകുമാര്‍ യാദവ് 33 പന്തില്‍ അര്‍ദ്ധ സ്വഞ്ചറി തികച്ച ശേഷമാണ് ഓപ്പണറായ കെ എല്‍ രാഹുലിന് 56 പന്തില്‍ 51 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞത്. മൊത്തത്തില്‍ നോക്കുമ്പോള്‍ ഇന്നലെ കളിച്ചത് സൂര്യ കുമാര്‍ യാദവും അര്‍ഷ്ദീപ് സിംഗുമാണെന്ന് പറയേണ്ടി വരുമെന്നതാണ് അവസ്ഥ.

ഇരുടീമുകളുടെയും കളി വെറും പത്തോവറില്‍ തീരുമെന്ന് മനസിലാക്കിയ പലരും വീടിലേക്ക് വിളിച്ച് ചോറില്‍ വെള്ളമൊഴിച്ച് നാളത്തേക്ക് വയ്ക്കേണ്ടെന്നും ദാ ഇപ്പോ തന്നെ വീട്ടിലെത്തുമെന്നും വിളിച്ച് പറഞ്ഞതായും ട്രോളന്മാര്‍ ഗ്രീന്‍ഫീല്‍ഡിലെ ഇന്നലത്തെ കളിയെ വിലയിരുത്തി. 

ഇന്ത്യ ജയിച്ചില്ലേ ഇനിയെങ്കിലും ഞങ്ങള്‍ക്ക് കുറച്ച് കളി തന്നുകൂടെയെന്നാണ് ഗ്രീന്‍ഫീല്‍ഡിന്‍റെ ചോദ്യം. എന്നാല്‍ ബിസിസിക്ക് അതിന് കൃത്യമായ ഉത്തരമുണ്ടെന്നും ട്രോളന്മാര്‍ പറയുന്നു. ടി 20 മാച്ചിന് ടെസ്റ്റ് പിച്ചുണ്ടാക്കി വച്ചാല്‍ എങ്ങനെയാണ് വീണ്ടും ഈ കളിക്കളത്തിലേക്ക് മാച്ചുകളെത്തുമെന്നും ട്രോളന്മാര്‍ ചോദിക്കുന്നു. 

രോഹിത്ത് ശര്‍മ്മയ്ക്കും കോലിക്കും ഗ്രൗണ്ടിന് വെളിയില്‍ കൂറ്റന്‍ കട്ടൗട്ട് വച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. വെടിക്കെട്ട് ബാറ്റിങ്ങ് കാണാനായാണ് കാസര്‍കോട് നിന്ന് പോലും ആളുകള്‍ എത്തിയത്. എന്നിട്ട് വെറും പത്ത് ബോളില്‍ ഇരുവരും കൂടാരം കയറിയപ്പോള്‍ ടിക്കറ്റ് കാശ് നഷ്ടമായല്ലോ എന്ന് ഓര്‍ത്തിരുന്ന കാണികള്‍ക്കിടയിലൂടെ DON'T WORRY എന്ന് പറഞ്ഞത് നടന്ന് വന്നത് സൂര്യകുമാര്‍ യാദവ് (3 പന്തില്‍ 50).

മോഹന്‍ ലാല്‍ അഭിനയിച്ച ലൂസിഫര്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കാണാനെത്തിയവര്‍ക്ക് മുന്നില്‍ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ചിത്രമായ ഗോഡ്‍ഫാദര്‍ കാണിച്ചത് പോലെയായെന്നാണ് മറ്റ് ചില ട്രോളന്മാരുടെ കളി വിലയിരുത്തല്‍. 

അതെ വെറുതേ വന്ന് പോറോട്ട കഴിച്ച് പോകാതെ പോരാടൂ എന്നാണ് കളിയാരാധകരും പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കളിയാക്കി ഉയര്‍ത്തിയ പോസ്റ്ററാണ് 'പോറോട്ടയല്ല ബദല്‍ പോരാട്ട'മാണെന്നത്. ഇതിനെ തുടര്‍ന്ന്  ഇരുവിഭാഗവും പരസ്പരം പോസ്റ്റര്‍ ഉയര്‍ത്തലുകള്‍ നടത്തിയിരുന്നു. അതേ പോസ്റ്റര്‍ ഇന്നലെ കളിക്കിടയിലും ഉയര്‍ത്തപ്പെട്ടു. 

Latest Videos

click me!