കൊവിഡ് രണ്ടാം തരംഗത്തിലും വിറങ്ങലിച്ച് ബെംഗളൂരു; സര്‍ക്കാര്‍ നിഷ്ക്രിയമെന്ന് വിമര്‍ശനം
First Published | Apr 26, 2021, 11:26 AM IST
കൊവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം ഇന്ത്യയിലെ മഹാനഗരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമാക്കി. ആദ്യ വ്യാപന സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ലോക്ഡൌണിലേക്ക് പോയപ്പോള്‍ രണ്ടാം വ്യാപനത്തില്‍ ലോക്ഡൌൺ പ്രഖ്യാപിക്കാതിരുന്നിട്ടും ബംഗളൂരു അടക്കമുള്ള മഹാനഗരങ്ങള്‍ അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലാണ്. ഒന്നാം വ്യാപന സമയത്തെന്ന പോലെ രണ്ടാം വ്യാപന കാലത്തും ബംഗളൂരുവില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അതിവേഗമാണ് കൂടുന്നത്. ഇന്നലെ മാത്രം 34,804 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 143 മരണമാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. ഇതുവരെയായി കൊവഡ് ബാധിച്ച് 14,426 പേര്‍ കര്‍ണ്ണാടകയില്‍ മാത്രം മരിച്ചു. 13,39,201 പേര്‍ക്ക് ഇതുവരെയായി കര്‍ണ്ണാടകയില്‍ രോഗബാധ സ്ഥിരീകരിച്ചു. 19.70 ശതമാനമാണ് സംസ്ഥാനത്തെ പോസറ്റിവിറ്റി നിരക്ക്. 2,62,162 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. മണിക്കൂറില്‍ ശരാശരി 700 പേര്‍ക്ക് എന്ന നിരക്കിലാണ് ബെംഗളൂരു നഗരത്തില്‍ പോസറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തിന്‍റെ ഒന്നാം ഘട്ടിത്തിലും കര്‍ണ്ണാടകയും ബെംഗളൂരുവും അതിവ്യാപനമുണ്ടായിരുന്നു. അന്ന് മുതല്‍ കൃത്യമായ പദ്ധതികളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത്രയും രൂക്ഷമായ അതിവ്യാപനം സംസ്ഥാനത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് വിദഗ്ദരും പറയുന്നു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍.