Union Budget 2022: രണ്ടാം എന്‍ഡിഎ സര്‍ക്കറിന്‍റെ 2022 ലെ ബജറ്റ് ഒറ്റനോട്ടത്തില്‍
First Published | Feb 1, 2022, 3:57 PM ISTനാല് മേഖലകളിൽ ഊന്നൽ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ വെറും ഒന്നര മണിക്കൂറെടുത്താണ് 2022 ലെ ഇന്ത്യന്‍ ബജറ്റ് പ്രസംഗം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. 'പിഎം ഗതി ശക്തി'യെന്ന വമ്പൻ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നൽ. 22 ലക്ഷം കോടി രൂപയുടെ വരുമാനത്തിൽ നിന്ന് ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിരിക്കുന്നത്. 34 ശതമാനത്തിന്റെ വർധനവാണ് ഈ മേഖലയിലെ നീക്കിയിരുപ്പിൽ ഉണ്ടായിരിക്കുന്നത്. സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും. കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും. വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കും. 2022-23 വർഷത്തിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തും.