കുമളി സ്വദേശിയും രണ്ട് കാശ്മീർ സ്വദേശികളും ചേർന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോൾ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു.
ഇടുക്കി: തേക്കടിയിലെത്തിയ ഇസ്രായേൽ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ ഇടപെടലുമായി പൊലീസ്. കാശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ കടയിൽ നിന്നും തൽക്കാലത്തേക്ക് ഒഴിവാക്കാൻ കട ഉടമക്ക് നിർദേശം നൽകി. കട താൽക്കാലത്തേക്ക് അടച്ചിട്ടു ഇന്നലെ രാത്രിയാണ് കുമളി ടൗണിൽ പ്രവർത്തിക്കുന്ന ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് എന്ന കടയിൽ ഇസ്രയേൽ സ്വദേശിയായ ഡോവർ വാൽഫർ സാധനം വാങ്ങാൻ എത്തിയത്. കുമളി സ്വദേശിയും രണ്ട് കാശ്മീർ സ്വദേശികളും ചേർന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോൾ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു.
വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവർ മൊബൈലിൽ ഹീബ്രു ഭാഷയിൽ സംസാരിച്ചു. ഇത് കേട്ട കടയിൽ ഉണ്ടായിരുന്ന ഉടമകളിൽ ഒരാളും കാശ്മീർ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തർ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിച്ചു. ഇസ്രായേൽ സ്വദേശി ആണെന്ന് പറഞ്ഞതോടെ നിങ്ങൾക്ക് ഇവിടെ നിന്നും സാധനങ്ങൾ തരില്ലെന്ന് പറയുകയും കടയിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടർന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ സഞ്ചാരി വേഗം പുറത്തിറങ്ങി ഭർത്താവിനെയും ടാക്സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തർ മാപ്പ് പറഞ്ഞ് തടിയൂരി.
undefined
തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാൽ പരാതി ഇല്ലെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. വിദേശികൾക്ക് അപമാനം നേരിട്ട സംഭവം ആയതിനാൽ കാശ്മീർ സ്വദേശികളായ രണ്ടു പേരെയും കടയിൽ നിന്നും ഒഴിവാക്കാൻ പോലീസ് നിർദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ് ഒഴിവാക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താൽക്കാലത്തേക്ക് അടച്ചിട്ടു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങൾ സെൽഹാരിച്ചിട്ടുണ്ട്. പരാതി ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്.