ആ മോഡലുകൾ ഫോട്ടോകൾക്ക് പോസ് ചെയ്യുകയായിരുന്നു. അമേരിക്കൻ കലാകാരനായ സ്പെൻസർ ടുണിക് ഒരു മെഗാ ഫോൺ കൈയിൽ എടുത്ത് അവരുടെ ഫോട്ടോ പകർത്തി. എന്നാൽ, അതിന് പിന്നിൽ ഒരൊറ്റ ഉദ്ദേശ്യം മാത്രമായിരുന്നു, ചാവുകടലിന്റെ സംരക്ഷണം.
ചാവുകടൽ ഇസ്രായേലിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ചാവുകടൽ ഒരു ഉപ്പ് തടാകമാണ്. കുറച്ചുകാലമായി തടാകം ക്രമേണ ഇല്ലാതാവുകയാണ്. പ്രതിവർഷം ഒരു മീറ്ററിലധികം അത് ചുരുങ്ങുന്നു.
ധാതുസമ്പുഷ്ടമായ ഈ തടാകത്തിലെ ഭൂരിഭാഗം വെള്ളവും കൃഷിക്കായി തിരിച്ചുവിടുകയാണ്. തടാകത്തിലെ പാരിസ്ഥിതിക മാറ്റങ്ങളെ സൂചിപ്പിക്കുന്നതാണ് ടുണിക്കിന്റെ ഈ പുതിയ ലൈവ് ഇൻസ്റ്റലേഷൻ.
ഇത് മൂന്നാം തവണയാണ് അദ്ദേഹം ചാവുകടലിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. മാധ്യമങ്ങളെയും പൊതുസമൂഹത്തെയും ഇത് ആകർഷിച്ചു.
ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് അദ്ദേഹം ഇത് രൂപകൽപന ചെയ്തത്. 2011 -ൽ ആണ് ചാവുകടലുമായി ബന്ധപ്പെട്ട് അദ്ദേഹം ആദ്യമായി ഇൻസ്റ്റലേഷൻ നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി നഗ്‌ന ഇൻസ്റ്റലേഷനുകളൊരുക്കി പ്രശസ്തി നേടിയ കലാകാരനാണ് ടുണിക്.
ഫോട്ടോഗ്രാഫറുടെ വെബ്സൈറ്റ് അനുസരിച്ച്, 1992-94 മുതലാണ് ടുണിക് നഗ്ന ലൈവ് ഇൻസ്റ്റലേഷനുകൾ ഒരുക്കാൻ തുടങ്ങിയത്. മോൺട്രിയൽ, ലണ്ടൻ, ക്ലീവ്‌ലാൻഡ്, ആംസ്റ്റർഡാം എന്നിവയുൾപ്പെടെ പലയിടത്തും അദ്ദേഹത്തിന്റെ നഗ്‌ന ഇൻസ്റ്റലേഷൻ പ്രോജക്റ്റുകൾ ഉണ്ട്.
"ഇസ്രായേൽ സന്ദർശനം എനിക്ക് ഒരു അനുഭവമായിരുന്നു, ഇങ്ങനെയുള്ള കലയെ അനുവദിക്കുന്ന മിഡിൽ ഈസ്റ്റിലെ ഒരേയൊരു രാജ്യത്ത് എത്തി ഫോട്ടോയെടുക്കാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്" ടുണിക് പറഞ്ഞു.
അതേസമയം കലാകാരന്റെ ഇൻസ്റ്റലേഷനെ ജൂതസമൂഹം എതിർത്തു. എന്നാൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ വിവാദങ്ങൾ ഒന്നും ഒരു പുത്തരിയല്ല.
മുമ്പ്, ഒരു ഇസ്രായേലി നിയമനിർമ്മാതാവ് പരസ്യമായി വിവസ്ത്രരാകുന്നത് നിരോധിക്കുന്നതിനായി ഒരു 'സ്പെൻസർ ട്യൂണിക്' ബിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഫോട്ടോഗ്രാഫറെ നിരോധിക്കുകയെന്നതായിരുന്നു ഇതിന് പിന്നിലുള്ള ഉദ്ദേശം.
ഉയർന്നുവന്ന എതിർപ്പുകൾക്ക് മറുപടിയായി, കലാകാരൻ പറഞ്ഞു: "എന്നെ തടയുന്നതിന് എന്റെ പേരിൽ ഒരു ബിൽ ഉണ്ടായതിൽ ഞാൻ ഭാഗ്യവാനാണ്. അതൊരു ബഹുമതിയാണ്. നന്ദി. പക്ഷേ, ജീവിതത്തിൽ ഒരിക്കലെങ്കിലും എന്റെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ നഗ്നനാകണമെന്ന് പറയുന്ന ഒരു ബിൽ കൊണ്ടുവരണമെന്നാണ് ഞാൻ കരുതുന്നത്."