മെക്സിക്കൻ ഹൈപ്പർ റിയലിസ്റ്റ് ആർട്ടിസ്റ്റ് റൂബൻ ഒറോസ്കോ , ബിബികെ ഫൗണ്ടേഷന്‍റെ (BBK Foundation) പ്രചാരണത്തിനായി 'ബിഹാർ' (Bihar - ബാസ്കിൽ നാളെ') എന്ന പേരിലാണ് മുങ്ങി മരിക്കുന്ന പെണ്‍കുട്ടിയുടെ ശില്പം നിര്‍മ്മിച്ചത്.
ബിൽബാവോ നദിയില്‍ വേലിയേറ്റം ഉയരുമ്പോള്‍ 120 കിലോഗ്രാം ഭാരമുള്ള ഫൈബർഗ്ലാസില്‍ തീര്‍ത്ത ശില്പം മുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന 'സുസ്ഥിരമല്ലാത്ത മോഡലുകളുമായി നിങ്ങള്‍ വാതുവയ്ക്കുന്നത് തുടരുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്നതിന്‍റെ പ്രതിഫലനമാണിതെന്ന് റൂബൻ ഒറോസ്കോ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ബിൽബാവോ നിവാസികൾ ഉണരുന്നതിന് മുമ്പ് ശില്പം , ബോട്ടിൽ കൊണ്ടുപോയി രാത്രിയിൽ തന്നെ നഗരമധ്യത്തിലുള്ള ബിൽബാവോ നദിയില്‍ സ്ഥാപിക്കുകയായിരുന്നു.
'ആദ്യത്തെ കാഴ്ചയില്‍ എനിക്ക് ഏറെ സമ്മർദ്ദമുണ്ടായിരുന്നു. പ്രത്യേകിച്ചും മുഖത്ത് കൂടുതൽ വെള്ളം ഇല്ലാതിരുന്നപ്പോൾ. എന്നാല്‍, ഇപ്പോൾ അവൾ എന്നോട് സങ്കടം അറിയിക്കുന്നു. ഒരുപാട് സങ്കടങ്ങള്‍ പങ്കുവെക്കുന്നു. ശില്പം സന്ദര്‍ശിച്ച ട്രയാന ഗിൽ അഭിപ്രായപ്പെട്ടു.
'അവൾ ഒരിക്കലും വിഷമിക്കുന്നതായി തോന്നിയില്ല. മറിച്ച് , അവൾ സ്വയം മുങ്ങാൻ അനുവദിക്കുന്നതുപോലെയാണ്.' ട്രയാന ഗിൽ കൂട്ടിച്ചേര്‍ത്തു.
മരിയ എന്ന് അവളുടെ പേര് നൽകിയ മറ്റൊരു ആസ്വാദകന്‍, ശില്പം ഒരു ദുരന്തപൂർവ്വമായ കഴിഞ്ഞ സംഭവത്തിന്‍റെ സ്മാരകമാണെന്ന് ആദ്യം കരുതിയതായി പറഞ്ഞു. 'ഇന്ന് ഞാൻ പഠിച്ചത് അതിനെക്കുറിച്ചല്ല, പക്ഷേ, ആളുകൾക്ക് ഓരോരുത്തർക്കും അവരുടേതായ അർത്ഥം നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,' അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ശില്പങ്ങള്‍ ആദ്യമായല്ല ഓറോസ്കോ നിര്‍മ്മിക്കുന്നത്. ഇതിന് മുമ്പ് പാർക്ക് ബെഞ്ചിൽ ഇരിക്കുന്ന ഒറ്റപ്പെട്ട സ്ത്രീയുടെ ജീവിത വലുപ്പമുള്ള പ്രതിമ (അദൃശ്യമായ സോലെഡാഡ്) ഓറോസ്കോ സ്ഥാപിച്ചിരുന്നു. ഈ ശില്പം സ്പെയിനില്‍ പ്രായമായവരുടെ ഒറ്റപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് തന്നെ കാരണമായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona