ചാമ്പ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; പകരംവീട്ടുമോ ബാഴ്‌സ? ബയേണിനെതിരെ; റോണോയുടെ യുണൈറ്റഡും കളത്തില്‍

By Web Team  |  First Published Sep 14, 2021, 8:20 AM IST

ബയേണിനോട് ഒരു വർഷം മുൻപേറ്റ നാണംകെട്ട തോൽവിക്ക് ബാഴ്‌സലോണ പകരംവീട്ടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ


ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിന് ഇന്ന് കിക്കോഫ്. ഇ മുതൽ എച്ച് വരെയുള്ള ഗ്രൂപ്പുകളിലെ 16 ടീമുകള്‍ ഇന്ന് കളത്തിലെത്തും.

ഇന്ത്യന്‍ സമയം രാത്രി 10.15ന് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് സ്വിസ് ക്ലബ്ബായ യംഗ് ബോയ്സിനെ നേരിടും. രാത്രി 12.30ന് തുടങ്ങുന്ന മത്സരങ്ങളില്‍ ബാഴ്സലോണ, ബയേൺ മ്യൂണിക്കിനെയും നിലവിലെ ജേതാക്കളായ ചെൽസി, റഷ്യന്‍ ക്ലബ്ബ് സെനിത്ത് എഫ്സിയെയും യുവന്‍റസ് സ്വീഡിഷ് ടീമായ മാള്‍മോയെയും നേരിടും. 

Latest Videos

undefined

പകരംവീട്ടുമോ ബാഴ്‌സ?

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുമ്പോൾ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ബാഴ്‌സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടത്തിലേക്കാണ്. ബയേണിനോട് ഒരു വർഷം മുൻപേറ്റ നാണംകെട്ട തോൽവിക്ക് ബാഴ്‌സലോണ പകരംവീട്ടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഒന്നും രണ്ടും മൂന്നുമല്ല എട്ട് ഗോളാണ് 2020 ഓഗസ്റ്റ് പതിനാലിന് ബയേൺ മ്യൂണിക്ക് ബാഴ്‌സലോണയുടെ വലയിൽ നിക്ഷേപിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഈ നാണംകെട്ട തോൽവി ബാഴ്‌സയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കോച്ച് ക്വിക്കേ സെതിയന്റെ കസേര തെറിച്ചു. പകരം റൊണാൾഡ് കൂമാനെത്തി. ലിയോണൽ മെസി ബാഴ്സ വിടാനുള്ള നീക്കം തുടങ്ങിയതും ജർമൻ ക്ലബിനോടേറ്റ പ്രഹരത്തിന് പിന്നാലെയാണ്.

ഇരു ടീമും മുഖാമുഖം വരുമ്പോൾ മെസി ബാഴ്‌സ നിരയിൽ ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. മെസിക്കൊപ്പം ലൂയിസ് സുവാരസും അന്റോയ്ൻ ഗ്രീസ്‌മാനും അർതുറോ വിദാലുമൊന്നും ബാഴ്‌സയ്‌ക്കൊപ്പമില്ല. ബയേണിനായി അന്ന് രണ്ട് ഗോൾ നേടിയ ഫിലിപെ കുടീഞ്ഞോ ഇന്ന് ബാഴ്‌സ ജേഴ്സിയിലിറങ്ങും. സെർജിയോ അഗ്യൂറോ, മാർട്ടിൻ ബ്രാത്ത്‍വെയ്റ്റ്, അൻസുഫാറ്റി, ഒസ്‌മൻ ഡെംബലേ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായതിനാൽ മെംഫിസ് ഡീപ്പേയിലാണ് പ്രതീക്ഷയത്രയും. 

ജൂലിയൻ നാഗെൽസ്‌മാന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ബയേണിന്റെ കരുത്തിൽ മാറ്റമൊന്നുമില്ല. ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്സ്‌കിക്കൊപ്പം മുള്ളറും സാനേയും ഗോരെസ്‌കയും കിമ്മിച്ചുമെല്ലാം ഇറങ്ങുമ്പോൾ ബാഴ്‌സലോണയ്‌ക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ഏറ്റവും ഒടുവിലെ മത്സരത്തിൽ മാത്രമല്ല, നേർക്കുനേർ കണക്കിൽ ബയേണിന് വ്യക്തമായ ആധിപത്യമുണ്ട്. പതിമൂന്ന് കളിയിൽ എട്ടിലും ബയേൺ ജയിച്ചു. ബാഴ്സ ജയിച്ചത് മൂന്ന് കളിയിൽ മാത്രം. ശേഷിച്ച മത്സരങ്ങള്‍ സമനിലയിൽ അവസാനിച്ചു.

കോലിക്ക് പകരം രോഹിത് നായകനാകുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ജയ് ഷാ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!