അര്‍ജന്റൈന്‍ പ്രതിരോധ നിരയില്‍ കാര്യമായ മാറ്റങ്ങളുറപ്പ്.
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ പെറുവാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ബ്രസീല്‍ രാവിലെ 6.15ന് ഉറുഗ്വേയുമായി ഏറ്റുമുട്ടും. വിജയ വഴിയില്‍ തിരിച്ചെത്താനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അര്‍ജന്റീന കഴിഞ്ഞയാഴ്ച പരാഗ്വേയോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇറങ്ങുമ്പോള്‍ ബ്രസീലിന് വെനിസ്വേലയുമായുള്ള സമനില കുരുക്ക് പൊട്ടിക്കണം.
പരിക്കാണ് അര്‍ജന്റീനയുടെ പ്രതിസന്ധി. ലിസാന്‍ട്രോ മാര്‍ട്ടിനസ്, ജര്‍മ്മന്‍ പസല്ല, നിക്കോളാസ് ഗോണ്‍സാലസ് എന്നിവര്‍ക്ക് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോ നഹുവേല്‍ മൊളിന, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരും പരിക്കിന്റെ പിടിയിലായി. ഇതോടെ അര്‍ജന്റൈന്‍ പ്രതിരോധ നിരയില്‍ കാര്യമായ മാറ്റങ്ങളുറപ്പ്. മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ക്കൊപ്പം മുന്നേറ്റത്തില്‍ നായകന്‍ ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരും ടീമിലെത്തും.
ബ്രസീല്‍, അലിസണ്‍ ബെക്കര്‍, എഡര്‍ മിലിറ്റാവോ റോഡ്രിഗോ എന്നിവരില്ലാതെയാണ് ഉറൂഗ്വേയെ നേരിടാന്‍ ഇറങ്ങുന്നത്. ഉഗ്രന്‍ ഫോമിലുളള റഫീഞ്ഞയുടെ ബൂട്ടുകളിലേക്കാവും ബ്രസീല്‍ ഉറ്റുനോക്കുക. റയല്‍ മാഡ്രിഡിലെ മികവ് ബ്രസീല്‍ ദേശീയ ടീമില്‍ പുറത്തെടുക്കാനാവാതെ വിയര്‍ക്കുകയാണ് വിനിഷ്യസ് ജൂനിയര്‍. 32 കളിയില്‍ 13 ഗോള്‍ നേടിയ ഉറൂഗ്വേ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നുനിയസിനെ പിടിച്ചുകെട്ടുകയാവും ബ്രസീല്‍ പ്രതിരോധ നിരയുടെ പ്രധാന വെല്ലുവിളില്‍.
11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയിന്റുള്ള അര്‍ജന്റീന ഒന്നും 19 പോയിന്റുളള ഉറുഗ്വേ രണ്ടും 17 പോയിന്റുള്ള ബ്രസീല്‍ നാലും സ്ഥാനത്താണ്.