സിറ്റിയോ ചെല്‍സിയോ; യൂറോപ്യൻ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം

By Web Team  |  First Published May 29, 2021, 8:31 AM IST

യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ രാജാക്കന്‍മാരെ കാത്ത് ഫുട്ബോള്‍ പ്രേമികള്‍. സിറ്റി-ചെല്‍സി കലാശപ്പോര് രാത്രി പന്ത്രണ്ടരയ്‌ക്ക്. 


പോർട്ടോ: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാരെ ഇന്നറിയാം. മാഞ്ചസ്റ്റ‍ർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ നേരിടും. രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക.

Latest Videos

undefined

ചെൽസിയുടെ കടും നീലയോ അതോ മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീലയോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പോർട്ടോയിലെ കലാശപ്പോരിനൊടുവിൽ ആര് ചിരിച്ചാലും കപ്പ് ഇംഗ്ലണ്ടിലെത്തും. സെമിയിൽ പിഎസ്‌ജിയെ വീഴ്‌ത്തിയ സിറ്റി ഉഗ്രൻ ഫോമിലാണ്. റയൽ മാഡ്രിഡിനെ മറികടന്നാണ് ചെൽസി ഓൾ ഇംഗ്ലണ്ട് ഫൈനലിന് കളമൊരുക്കിയത്. 

വ്യക്തികളെ ആശ്രയിക്കാതെ ഓൾറൗണ്ട് മികവുമായി സിറ്റിസൺസ്. ഡിബ്രൂയിനും മെഹറസും ഫോഡനും ഗുൺഡോഗനും സിൽവയുമെല്ലാം ഒന്നിനൊന്ന് അപകടകാരികൾ. ഗോളി എഡേഴ്സണും വിശ്വസ്തൻ. ഇന്ന് ഇത്തിഹാദിന്റെ പടിയിറങ്ങുന്ന സെർജിയോ അഗ്യൂറോയ്‌ക്ക് പകരക്കാരനായി അവസരം കിട്ടിയേക്കും. 

അതേസമയം മികച്ച ഫോമിലുള്ള ഗോളി എഡ്വാർഡ് മെൻഡിയും എൻഗോളെ കാന്റെയും പരിക്ക് മാറിയെത്തിയ ആശ്വാസത്തിലാണ് ചെൽസി. തിമോ വെർണർ, കെയ് ഹാവെർട്സ്, മേസൺ മൗണ്ട് മുന്നേറ്റ നിരയിലാണ് കോച്ച് തോമസ് ടുഷേലിന്റെ പ്രതീക്ഷ. മൂന്നാം ഫൈനലിന് ഇറങ്ങുന്ന ചെൽസി രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ ഫൈനലാണിത്.  

പ്രീമിയർ ലീഗും ലീഗ് കപ്പും സ്വന്തമാക്കിയ സിറ്റി ഉന്നമിടുന്നത് സീസണിലെ ഹാട്രിക് കിരീടം. ചെൽസിയെ തോൽപിച്ചാൽ ബാഴ്സയിലും ബയേണിലും അത്ഭുതം സൃഷ്ടിച്ച പെപ് ഗാർഡിയോള നീലാകാശത്തോളം ഉയരും. 

നേര്‍ക്കുനേര്‍ കണക്ക് ഇങ്ങനെ

പ്രീമിയർ ലീഗ് ക്ലബുകളായ സിറ്റിയും ചെൽസിയും ഇതുവരെ 168 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ചെൽസി എഴുപത് കളിയിലും സിറ്റി 59 കളിയിലും ജയിച്ചു. ബാക്കി മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണയേ സിറ്റിയും ചെൽസിയും നേർക്കുനേർ വന്നിട്ടുള്ളൂ. രണ്ട് തവണയും ചെൽസിക്കായിരുന്നു ജയം. പ്രീമിയർ ലീഗിൽ ഏറ്റവും അവസാനം ഏറ്റുമുട്ടിയപ്പോഴും ചെൽസിയാണ് ജയിച്ചത്.

ആന്ദ്രെ പിർലോ പുറത്ത്, യുവന്റസിൽ അലെ​ഗ്രിക്ക് രണ്ടാമൂഴം

'ഞാനൊരു വിഡ്ഢിയല്ല'; പാക് ടീമിന്റെ പരിശീലകനാവുന്നതിനെക്കുറിച്ച് അക്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!