ബാഴ്‌സയ്‌ക്കും ലിവര്‍പൂളിനും ചെല്‍സിക്കും ജയം; ടോട്ടനത്തിന് തോല്‍വി

By Web Team  |  First Published Feb 1, 2021, 8:39 AM IST

ലാ ലിഗയിൽ റയൽ മാഡ്രിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയർന്ന് ബാഴ്സലോണ.


ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. അത്‍ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തകർത്തത്. ഇരുപതാം മിനുറ്റിൽ മെസിയും 74-ാം മിനുറ്റിൽ ഗ്രീസ്മാനും ബാഴ്സക്കായി ഗോൾ നേടി. ജോർഡി ആൽബയുടെ സെൽഫ് ഗോളാണ് അത്‍ലറ്റിക് ക്ലബിന് ആശ്വാസമായത്. പന്ത്രണ്ടാം ജയത്തോടെ 40 പോയിന്റുമായി ബാഴ്സലോണ ലീഗിൽ റയലിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയർന്നു.

പ്രതീക്ഷ നിലനിര്‍ത്തി ലിവർപൂൾ

Latest Videos

undefined

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ. ഇരുപത്തിയൊന്നാം റൗണ്ട് മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളിന് വെസ്റ്റ് ഹാമിനെ തോൽപിച്ചു. മുഹമ്മദ് സലായുടെ ഇരട്ടഗോൾ മികവിലാണ് ലിവർപൂളിന്റെ ജയം. ജോർജിനോ വൈനാൾഡമാണ് ലിവർപുളിന്റെ മൂന്നാം ഗോൾ നേടിയത്. 57, 68 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകൾ. 

അവസാന ഏഴ് മത്സരങ്ങളിൽ ആദ്യമായാണ് സലാ പ്രീമിയർ ലീഗിൽ ഗോൾ നേടുന്നത്. 40 പോയിന്റുമായി ലിവർപൂൾ ലീഗിൽ മൂന്നാം സ്ഥാനത്താണ്. 44 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നും 41 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടും സ്ഥാനത്താണ്.

ടുഷേലിന് ആദ്യ ജയം

ചെൽസിയിൽ കോച്ച് തോമസ് ടുഷേലിന് ആദ്യ ജയം. ചെൽസി പ്രീമിയർ ലീഗിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബേൺലിയെ തോൽപിച്ചു. ഇരുപകുതികളിലായി സെസാർ അസ്പ‍ലിക്യൂട്ടയും മാർക്കോസ് അലോൻസോയും നേടിയ ഗോളുകൾക്കാണ് ചെൽസിയുടെ ജയം.

നാൽപതാം മിനിറ്റിലായിരുന്നു നായകൻ ആസ്പലിക്യൂട്ടയുടെ ഗോൾ. കളിതീരാൻ ആറ് മിനിറ്റുള്ളപ്പോൾ മാ‍ക്കോസ് അലോൻസോ ചെൽസിയുടെ രണ്ടാം ഗോൾ നേടി. കല്ലം ഹഡ്സനും പുലിസിച്ചുമായിരുന്നു ഗോളിന് വഴിയൊരുക്കിയത്. പുറത്താക്കപ്പെട്ട ഫ്രാങ്ക് ലാംപാ‍ർഡിന് പകരം നിയമിതനായ ടുഷേലിന് കീഴിൽ ചെൽസിയുടെ രണ്ടാം മത്സരമായിരുന്നു ഇത്. 21 കളിയിൽ 33 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണിപ്പോൾ ചെൽസി.

ടോട്ടനത്തെ അട്ടിമറിച്ച് ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ ടോട്ടനത്തെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റണിന്റെ ജയം. ലിയാൻഡ്രോ ട്രൊഷാഡ് ആണ് സ്‌കോറർ. സീസണിൽ ബ്രൈറ്റണിന്റെ ആദ്യ ഹോം ജയമാണിത്. 

ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചു തുളച്ച ഇരട്ടപ്രഹരം; റോയ് കൃഷ്ണ കളിയിലെ താരം

click me!