2018 സീസൺ മുതൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ സ്ഥിരസാന്നിധ്യമായ സഹൽ ക്ലബിനായി 51 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്
മഡ്‌ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍(Indian Super League) കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ(Kerala Blasters) ഏറ്റവും വലിയ നിരാശയായിരുന്നു മലയാളി താരം സഹൽ അബ്‌ദുൽ സമദ്(Sahal Abdul Samad). എന്നാല്‍ ഇത്തവണ(ISL 2021-22) പുതിയൊരു സഹലിനെയാണ് ആരാധകരും കോച്ചും പ്രതീക്ഷിക്കുന്നത്. ആദ്യ രാജ്യാന്തര ഗോള്‍ നേടിയെത്തുന്ന സഹല്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സീസണിന് ഇന്ന് തുടക്കമാകാനിരിക്കേ സഹലിനെ പ്രശംസ കൊണ്ടുമൂടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച്(Ivan Vukomanovic).
കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളിമുഖമാണ് സഹൽ അബ്‌ദുൽ സമദ്. യുഎഇയിലെ അൽ ഇത്തിഹാദ് അക്കാഡമിയിൽ കളി പഠിച്ച സഹൽ ഐഎസ്എല്ലിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യൻ ഫുട്ബോളിലെ തന്നെ ശ്രദ്ധാകേന്ദ്രമായി. പെട്ടെന്ന് നിറംമങ്ങിയ മലയാളിതാരം കളിക്കളത്തിൽ സാന്നിധ്യം അറിയിക്കാൻ പോലും പ്രയാസപ്പെട്ടു. എന്നാൽ ഇത്തവണ കളി മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
undefined
സഹലിനെ പുകഴ്‌ത്തി പരിശീലകന്‍
ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തിൽ പങ്കാളിയായ സഹൽ ആദ്യ രാജ്യാന്തര ഗോളും സ്വന്തം പേരിനൊപ്പം കുറിച്ചുകഴിഞ്ഞു. കോച്ച് വുകാമനോവിച്ചിനും സഹലിൽ പ്രതീക്ഷയേറെ. 'ബ്ലാസ്റ്റേഴ്‌സിനും ദേശീയ ടീമിനും വളരെ പ്രധാനപ്പെട്ട കളിക്കാരനാകാൻ കഴിവുള്ള താരമാണ് സഹൽ. താരത്തിന്‍റെ പുരോഗതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. കഠിനാധ്വാനം ചെയ്യാനും പ്രകടനം മെച്ചപ്പെടുത്താനുമുള്ള അദേഹത്തിന്‍റെ താല്‍പര്യം സന്തോഷം നല്‍കുന്നു. സഹലിനും അഡ്രിയാൻ ലൂണയ്ക്കും ഒന്നിലധികം പൊസിഷനുകളിൽ കളിക്കാനാകും' എന്നുമാണ് കോച്ചിന്‍റെ വാക്കുകള്‍.
2018 സീസൺ മുതൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ സ്ഥിരസാന്നിധ്യമായ സഹൽ ക്ലബിനായി 51 മത്സരങ്ങളിൽ കളിച്ചപ്പോള്‍ പേരിനൊപ്പമുള്ളത് ഓരോ ഗോളും അസിസ്റ്റുമാണ്. മാധ്യമങ്ങളിൽ നിന്നെല്ലാം അകലം പാലിച്ച് പുതിയ സീസണിൽ പുതിയ പ്രതീക്ഷകളോടെ സഹൽ വരുമ്പോൾ ആരാധകരും കാത്തിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍
ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും നേര്‍ക്കുനേര്‍ വരും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. ആദ്യ മത്സരത്തില്‍ സഹല്‍ ഇറങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.