ISL 2021-22: ബോംബെക്കാരോട് 'ജാവോ' പറഞ്ഞ് ബ്ലാസ്റ്റേഴ്സ്, റെക്കോര്‍ഡ്

By Web Team  |  First Published Mar 2, 2022, 10:24 PM IST

ലീഗില്‍ ഇതിന് മുമ്പ് 15 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ മുംബൈ ആറ് തവണയും ബ്ലാസ്റ്റേഴ്സ് മൂന്ന് തവണയുമായിരുന്നു ജയിച്ചു കയറിയത്. ആറ് മത്സരങ്ങള്‍ സമനിലയായി. ഈ സീസണിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ മുട്ടുകുത്തിച്ചതിന്‍റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം പാദത്തിലും ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.


തിലക് മൈദാന്‍: ഭീഷ്മപര്‍വം സിനിമയില്‍ മമ്മൂട്ടിയുടെ മൈക്കിള്‍ പറയുന്ന ഡയലോഗിനെ അനുസ്മരിപ്പിച്ച് ഐഎസ്എല്ലില്‍(ISL 2021-22) മുംബൈ സിറ്റി എഫ് സിയോട്(Mumbai City FC) ജാവോ പറഞ്ഞ് സെമിയിലേക്ക് ആദ്യ ചുവടുവെച്ച് കേരളത്തിന്‍റെ മഞ്ഞപ്പട( Kerala Blasters). ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ തിളക്കമാര്‍ന്ന ജയത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും ബ്ലാസ്റ്റേഴ്സ് പേരിലാക്കി. ഇതാദ്യമായാണ് മുംബൈ സിറ്റി എഫ് സിയെ ഒരു സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ട് തവണ തോല്‍പ്പിക്കുന്നത്.

ലീഗില്‍ ഇതിന് മുമ്പ് 15 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ മുംബൈ ആറ് തവണയും ബ്ലാസ്റ്റേഴ്സ് മൂന്ന് തവണയുമായിരുന്നു ജയിച്ചു കയറിയത്. ആറ് മത്സരങ്ങള്‍ സമനിലയായി. ഈ സീസണിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ മുട്ടുകുത്തിച്ചതിന്‍റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം പാദത്തിലും ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.

Latest Videos

undefined

രണ്ടാം പകുതിയില്‍ ഹോര്‍മിപാമിന്‍റെ ഫൗളില്‍ റഫറി മുംബൈക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചില്ലായിരുന്നെങ്കില്‍ ആദ്യ പാദത്തിലേ അതേ സ്കോറില്‍ മുംബൈയെ മുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയുമായിരുന്നു. മുംബൈയുടെ കുന്തമുനയും കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ഇഗോര്‍ അംഗൂളോയെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഓഫ് സൈഡ് കെണിയില്‍ കുരുക്കിയതാണ് മുംബൈയുടെ മുനയൊടിച്ചത്. ആദ്യ പകുതിയില്‍ മാത്രം നാലുതവണയാണ് അംഗൂളോ ഓഫ് സൈഡായത്. ബ്ലാസ്റ്റേഴ്സിന്‍റെ ഓഫ് സൈഡ് കെണിയില്‍ അംഗൂളോ പലപ്പോഴും അസ്വസ്ഥനാവുന്നതും കാണാമായിരുന്നു.

ബ്ലാസ്റ്റേഴ്സിന്‍റെ മുന്നിലെ സാധ്യതകള്‍

നിലവില്‍ 18 കളികളില്‍ 37 പോയന്‍റുള്ള ജംഷഡ്പൂര്‍ എഫ് സി ഒന്നാം സ്ഥാനത്തും 19 കളികളില്‍ 35 പോയന്‍റുള്ള ഹൈദരാബാദ് എഫ് സി രണ്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകളും സെമിയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്കാണ് ബ്ലാസ്റ്റേഴ്സും മുംബൈയും എടികെയും പൊരുതുന്നത്. ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്‍റെ സാധ്യതകള്‍ സജീവമായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ സാധ്യതകള്‍ മങ്ങി.

അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരായ എഫ് സി ഗോവക്കെതിരെ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് സെമി സ്ഥാനം ഉറപ്പിക്കാം. അവസാന മത്സത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില നേടുകയും മുംബൈ ഹൈദരാബാദിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇരു ടീമിനും 34 പോയന്‍റ് വീതമാവും. അപ്പോഴും ഇരുപാദങ്ങളിലും നേടിയ ജയം ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷക്കെത്തും. ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറും.

എന്നാല്‍ അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയില്‍ മുന്നിലുള്ള ഹൈദരാബാദിനെ വീഴ്ത്തിയാലും മുംബൈക്ക് സെമി ഉറപ്പില്ല. ഗോവയോട് ബ്ലാസ്റ്റേഴ്സ് തോറ്റാലെ മുംബൈക്ക് എന്തെങ്കിലും സാധ്യതകളുള്ളു. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള എടികെ മോഹന്‍ ബഗാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വമ്പന്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമാണ് പിന്നീട് മുംബൈക്ക് എന്തെങ്കിലും സാധ്യത തുറക്കു. എടികെക്ക് മുംബൈയെക്കാള്‍ മികച്ച ഗോള്‍ ശരാശരിയുള്ളത് അവരുടെ രക്ഷക്കെത്തും.

എടികെക്ക് ചെന്നൈയിനും ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂരിനുമെതിരെയാണ് ഇനി മത്സരങ്ങളുള്ളത്. മുംബൈക്ക് ഹൈദരാബാദിനെതിരെയും ബ്ലാസ്റ്റേഴ്സിന് ഗോവക്കെതിരെയും. സമനിലകൊണ്ടുപോലും സ്വപ്നനേട്ടത്തിലെത്താന്‍ മഞ്ഞപ്പടക്ക് കഴിയുമെന്നിരിക്കെ ആരാധകരും ആവേശത്തിലാണ്.

click me!