ഗോളും അസിസ്റ്റുമായി ഇസ്‌മയും സീസണിലെ ആദ്യ മത്സരത്തില്‍ നിറഞ്ഞാടിയ അനിരുദ്ധ് ഥാപ്പയുമാണ് ചെന്നൈയിന് ഭാഗ്യതാരങ്ങളായത്.
വാസ്‌കോ: ഐഎസ്എല്ലില്‍ ജെംഷഡ്‌പൂര്‍ എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി പോരാട്ടം ആവേശകരം. കിക്കോഫായി ആദ്യ മിനുറ്റില്‍ തന്നെ ഗോള്‍ പിറന്ന വാശിയേറിയ മത്സരം 2-1ന് ചെന്നൈയിന്‍ എഫ്‌സി വിജയിച്ചു. ഗോളും അസിസ്റ്റുമായി ഇസ്‌മയും സീസണിലെ ആദ്യ മത്സരത്തില്‍ നിറഞ്ഞാടിയ അനിരുദ്ധ് ഥാപ്പയുമാണ് ചെന്നൈയിന് ഭാഗ്യതാരങ്ങളായത്.
ആദ്യ വെടി ആദ്യ മിനുറ്റില്‍
undefined
ഓവൻ കോയൽ ജെംഷഡ്‌പൂരിനെ 4-2-3-1 ശൈലിയിലും സാവ ലാസ്‍ലോ ചെന്നൈയിനെ 4-4-2 ഫോര്‍മേഷനിലുമാണ് ഇറക്കിയത്. മൈതാനത്ത് പന്ത് താളംപിടിക്കും മുമ്പേ ആദ്യ വെടി പൊട്ടിച്ചു ചെന്നൈയിന്‍റെ അനിരുദ്ധ് ഥാപ്പ. വലതുവിങ്ങില്‍ നിന്ന് ഇസ്‌മ നിലംതൊട്ട് മിന്നല്‍ പാസ് പൊഴിച്ചപ്പോള്‍ ബോക്‌സില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടില്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു ഥാപ്പ. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ ഗോളാണിത്. ഇതോടെ 56-ാം സെക്കന്‍ഡില്‍ തന്നെ ചെന്നൈയിന്‍ ലീഡ് കസേര പിടിച്ചു.
വിസ്‌മയം ഇസ്‌മ
25-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി മലയാളി ഗോളി രഹനേഷിനെ കബളിപ്പിച്ച് ലക്ഷ്യത്തിലെത്തിച്ച് ഇസ്‌മ ചെന്നൈയിന്‍റെ ലീഡ് നില 2-0 ആക്കി. എന്നാല്‍ 37-ാം മിനുറ്റില്‍ ജെംഷഡ്‌പൂര്‍ ആദ്യ മറുപടി നല്‍കി. ജാക്കിചന്ദിന്‍റെ മനോഹര പാസില്‍ വാല്‍സ്‌കിസ് പന്ത് ഹെഡറിലൂടെ വലയിലാക്കി. ആദ്യപകുതി 2-1 എന്ന സ്‌കോറില്‍ ചെന്നൈക്ക് അനുകൂലമായി പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയും ആവേശമായെങ്കിലും ഇരു ടീമും ഗോള്‍വല തൊട്ടില്ല. അഞ്ച് മിനുറ്റ് അധിക സമയത്തും ഗോള്‍ മാറിനിന്നു.