സതാംപ്റ്റണെ എതിരില്ലാത്ത ഒന്‍പത് ഗോളിനാണ് യുണൈറ്റഡ് തകർത്തത്. ആന്‍റണി മാർഷ്യൽ രണ്ട് ഗോൾ നേടി.
ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾമഴയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. സതാംപ്റ്റണെ എതിരില്ലാത്ത ഒന്‍പത് ഗോളിനാണ് യുണൈറ്റഡ് തകർത്തത്. ആന്‍റണി മാർഷ്യൽ രണ്ട് ഗോൾ നേടി.
undefined
രണ്ടാം മിനുറ്റിൽ അലക്സ് ജാങ്കേവിറ്റ്സ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെയാണ് സതാംപ്റ്റണിന്‍റെ പതനത്തിന് തുടക്കമായത്. 18-ാം മിനുറ്റിൽ ആരോൺ വാൻ ബിസാക്ക ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. റാഷ്‌ഫോഡ്, കവാനി, മക്ടോമ്നി, ഹെർണാണ്ടസ്, ഡാനിയേൽ ജെയിംസ് എന്നിവരും ഗോൾ നേടി. യാൻ ബെഡ്നാരക്കിന്‍റെ സെൽഫ് ഗോളും ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ബെഡ്നാരക്കും 86-ാം മിനുറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഇതോടെ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും വലിയ വിജയത്തിന് ഒപ്പമെത്തി. 44 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്സനലിനെ വീഴ്ത്തി വോൾവ്സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. ആഴ്സനലിന്‍റെ ഡേവിഡ് ലൂയിസും ലെനോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ലീഗിൽ ആഴ്സനൽ 10ഉം വോൾവ്സ് 14ഉം സ്ഥാനത്താണ്.
റോണോയ്‌ക്ക് ഇരട്ട ഗോള്‍
അതേസമയം കോപ്പ ഇറ്റാലിയ ആദ്യപാദ സെമിയിൽ ഇന്‍റർമിലാനെ യുവന്‍റസ് വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്‍റസിന്‍റെ രണ്ട് ഗോളും നേടിയത്. ഒരു ഗോളിന് പിന്നിലായ ശേഷമാണ് യുവന്‍റസിന്‍റെ ജയം. ലൗട്ടോറോ മാർട്ടിനെസാണ് ഇന്ററിനായി ഏക ഗോൾ നേടിയത്.