ഉച്ചയൂണിന് നല്ല നാടൻ രീതിയില്‍ വെള്ള നാരങ്ങ അച്ചാർ തയ്യാറാക്കിയാലോ? ശർമിള കെ പി തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
എപ്പോഴും നമ്മൾ മുളകുപൊടിയൊക്കെ ചേർത്ത് നല്ല കളർഫുൾ അച്ചാർ അല്ലേ തയ്യാറാക്കുന്നത്? ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി സ്പെഷ്യല്‍ ഒരു വെള്ള നാരങ്ങ അച്ചാര്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ചെറുനാരങ്ങ- പത്തെണ്ണം
ഇഞ്ചി പൊടിയായി അരിഞ്ഞത്- ഒരു കഷണം
കാന്താരിമുളക്- 10 എണ്ണം (എരുവിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
വെളുത്തുള്ളി അല്ലി- രണ്ട് ടേബിൾ സ്പൂൺ
വിനാഗിരി- കാൽ കപ്പ്
നല്ലെണ്ണ- കാൽ കപ്പ്
കായപ്പൊടി, ഉലുവപ്പൊടി- കാൽ ടീസ്പൂൺ വീതം
മഞ്ഞൾപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കടുക് വറ്റൽമുളക്, കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചെറുനാരങ്ങ നന്നായി കഴുകി തുടച്ച് ഒന്ന് ആവി കയറ്റി എടുക്കുക. അതിനുശേഷം ഒരു നാരങ്ങ ആറോ എട്ടോ കഷ്ണങ്ങളായി മുറിച്ചു ഉപ്പ് പുരട്ടി വെക്കുക. ഇനി ഒരു ചട്ടി ചൂടാകുമ്പോൾ കുറച്ച് നല്ലെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിക്കുക. ശേഷം ഇതിലേയ്ക്ക് ഒന്നോ രണ്ടോ വറ്റൽമുളക് മുറിച്ചിട്ടതും കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, കാന്താരി മുളക് എന്നിവയുമിട്ട് വഴറ്റുക. മൂത്തു വരുമ്പോൾ മഞ്ഞൾപൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. അതിനുശേഷം നാരങ്ങകള്‍ ഇടാം. ഈ സമയത്ത് ഉപ്പ് എല്ലാം പാകത്തിന് ആണോ എന്ന് നോക്കുക. അച്ചാറിന് ഒരു അല്പം ഉപ്പ് കൂടുതല്‍ വേണം. ഇനി കാൽ കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. നന്നായി കുറുകി വരുമ്പോൾ അല്പം കറിവേപ്പില കൂടിയിട്ട് വഴറ്റുക. തണുത്തതിനുശേഷം ചില്ലു ഭരണിയിൽ ആക്കി വയ്ക്കാം. പിറ്റേദിവസം തന്നെ കൂട്ടിത്തുടങ്ങാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അച്ചാർ ആണിത്.
Also read: ദാഹം മാറ്റാൻ സ്പെഷ്യല്‍ നാരങ്ങാ- നെല്ലിക്കാ ജ്യൂസ്; റെസിപ്പി