മധുരം ഒഴിവാക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ സ്വീറ്റ്നെർ 'അസ്പാട്ടം' കാന്‍സറിന് കാരണമാകുന്നതായി റിപ്പോർട്ട്

By Web Team  |  First Published Jul 14, 2023, 12:51 PM IST

സീറോ കലോറിയുടെ പേരില്‍ ഏറെ പ്രശസ്തമായ അസ്പാട്ടം സെറില്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഡയറ്റ് കോക്ക്, ച്യൂയിംഗം, മധുരമില്ലാത്ത കഫ് സിറപ്പ്, പുഡ്ഡിംഗ്, ബേക്കറി പലഹാരങ്ങള്‍ എന്നിവയില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നുണ്ട് 


ജനീവ: ശീതള പാനീയത്തിലും ചൂയിങ് ഗമ്മിലും ഐസ്ക്രീമിലുമടക്കം മധുരത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന അസ്പാട്ടം കാൻസറിന് കാരണമാകാമെന്ന് ലോകാരോഗ്യ സംഘടന നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ട്. 1980 മുതൽ ഉപയോഗത്തിലുള്ള കെമിക്കൽ സ്വീറ്റ്‍നറാണ് അസ്പാട്ടം. അനുവദനീയമായ അളവിൽ ഉപയോഗിച്ചാൽ അപകടമില്ലെന്നും പഠന റിപ്പോർട്ട് പറയുന്നു. കൊക്കകോള ഉള്‍പ്പെടെയുള്ള ശീതള പാനീയങ്ങളില്‍ അസ്പാട്ടം ഉപയോഗിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് ലോകാരോഗ്യ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.

ഒരു കിലോ ശരീരഭാരത്തിന് 50 മില്ലിഗ്രാം വരെ ദിവസേന ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും പഠനം വിശദമാക്കുന്നു. എന്നാല്‍ യൂറോപ്യന്‍ സ്റ്റാന്‍ഡാര്‍ഡ് അനുസരിച്ച് ഒരു കിലോയ്ക്ക് ഇത് 40 മില്ലിഗ്രാമാണ്. ലോകാരോഗ്യ സംഘടനയുടെ രണ്ട് വ്യത്യസ്ത വിദഗ്ധ പാനലുകളുടേതാണ് റിപ്പോര്‍ട്ട്. ആദ്യ പാനല്‍ അസ്പാട്ടം എത്രത്തോളം അപകടകാരിയാണെന്ന പഠനം നടത്തിയപ്പോള്‍ രണ്ടാമത്തെ പാനല്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന അളവാണ് പരിശോധിച്ചത്. ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതിന് പകരം വെള്ളം ഉപയോഗിക്കുന്നതാണ് നല്ല തീരുമാനമെന്നാണ് ലോകാരോഗ്യ സംഘടന അധികൃതര്‍ വിശദമാക്കുന്നത്.

Latest Videos

undefined

ക്യാന്‍സര്‍ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ ഐഎആര്‍സി മധുരത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന കെമിക്കലുകള്‍ ക്യാന്‍സറിന് കാരണമാകുന്നതായി വിലയിരുത്തിയിരുന്നു. എന്നാല്‍ അമിതമായ അളവില്‍ ഇത്തരം കെമിക്കലുകള്‍ ശരീരത്തില്‍ എത്തുന്ന അവസ്ഥയേയാണ് പേടിക്കേണ്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാര്‍ഷിക, ഭക്ഷ്യ മേഖലയിലെ സംയുക്ത കമ്മിറ്റി വിശദമാക്കുന്നത്. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് നിരവധി വിദഗ്ധര്‍ അവകാശപ്പെടുന്നുണ്ട്.

അസ്പാട്ടം അപകടകാരിയാവുന്നത് സംബന്ധിച്ച കൃത്യമായ തെളിവുകളുടെ അഭാവമാണ് ഈ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മധുരം ഉപയോഗം കുറയ്ക്കാനായി ആളുകള്‍ ശ്രമിക്കുന്നവര്‍ക്ക് അസ്പാട്ടം പരിഹാരമെന്ന രീതിയിലാണ് പ്രയോജനപ്പെടുന്നതെന്നും ചില വിദഗ്ധര്‍ അവകാശപ്പെടുന്നു. 60-70 കിലോ ഭാരമുള്ള ഒരാള്‍ക്ക് 9-14 ക്യാന്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ ഒരേ ദിവസം കഴിക്കുന്നതാണ് നിലവിലെ മാനദണ്ഡങ്ങളുടെ പരിധികള്‍ക്ക് അപ്പുറമാകുന്നത്. ഇത് സാധാരണ നിലയില്‍ ആളുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പത്ത് മടങ്ങ് അധികമാണെന്നാണ് വിവിധ കണക്കുകള്‍ വിശദമാക്കുന്നത്.

അമേരിക്കന്‍ കെമിസ്റ്റ് ആയി ജെയിംസ് ഷ്ലാറ്റെറാണ് 1965ല്‍ അസ്പാട്ടം കണ്ടെത്തിയത്. സീറോ കലോറിയുടെ പേരില്‍ അസ്പാട്ടം ഏറെ പ്രശസ്തി നേടിയിരുന്നു. 1974ലാണ് എഫ്ഡിഎ അംഗീകാരം അസ്പാട്ടത്തിന് ലഭിക്കുന്നത്. സെറില്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഡയറ്റ് കോക്ക്, ച്യൂയിംഗം, മധുരമില്ലാത്ത കഫ് സിറപ്പ്, പുഡ്ഡിംഗ്, ബേക്കറി പലഹാരങ്ങള്‍ എന്നിവയില്‍ അസ്പാട്ടം സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നുണ്ട്.  


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!