പാലില്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വേറെയുമുണ്ട് !

By Web Team  |  First Published Aug 9, 2020, 11:07 AM IST

കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാം. 


ശരീരത്തിന്‍റെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. നമ്മുടെ ശരീരത്തിൽ മിക്കവാറും എല്ലാ കോശങ്ങളും കാത്സ്യത്തെ വിവിധ രീതിയിൽ ഉപയോഗിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. ഒപ്പം ഹൃദയത്തിന്‍റെ താളം നിലനിര്‍ത്താനും പേശികളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും. 

കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാം. 

Latest Videos

ശരീരത്തിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കും. പാൽ, മുട്ട തുടങ്ങിയ ഡയറി ഉൽപന്നങ്ങൾ കാൽസ്യത്തിന്റെ ഏറ്റവും പ്രധാന ഉറവിടമാണെന്ന് എല്ലാവര്‍ക്കും അറിയാം. പാലില്‍ മാത്രമാണ് കാത്സ്യം അടങ്ങിയിട്ടുള്ളതെന്ന ധാരണ തീര്‍ത്തും തെറ്റാണ്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള നിരവധി ആഹാരങ്ങള്‍ വേറെയുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് സോയാബീന്‍സ്.  ശരീരത്തിന് കാത്സ്യത്തിന്റെ പോഷണം നല്‍കുന്ന ഒരു ആഹാരമാണ് സോയാബീന്‍സ് എന്ന് അധികമാര്‍ക്കും അറിയില്ല. 100 ഗ്രാം സോയാബീന്‍സില്‍ നിന്നും 27ശതമാനത്തോളം കാത്സ്യത്തിന്‍റെ പോഷണം ലഭിക്കുന്നു. 

രണ്ട്...

അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബ്രൊക്കോളിയാണ്. 100 ഗ്രാം ബ്രൊക്കോളിയില്‍ നിന്നും 50 മില്ലിഗ്രാം കാത്സ്യം ലഭിക്കും. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ്  കുറഞ്ഞ ഒരു ഇലക്കറിയാണ് ബ്രൊക്കോളി. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

മൂന്ന്...

ഭക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര.  ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 250 മില്ലി ഗ്രാം കാത്സ്യം ലഭിക്കും. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും അടങ്ങിയതാണ് ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.  

നാല്...

നല്ല അളവിൽ കാത്സ്യം ലഭിക്കുന്ന പാൽ ഇതര വിഭവങ്ങളിൽ ഒന്നാണ് റാഗി എന്ന കാര്യം പലർക്കും അറിയില്ല.  100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും മറ്റ് പോഷകങ്ങളും അടങ്ങിയ റാഗി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും സഹായിക്കും. 

 

അഞ്ച്...

ഇന്ത്യന്‍ ആഹാരങ്ങളില്‍ സാധാരണയായി ഉള്‍പ്പെടുത്താറുള്ള ചേരുവകളില്‍ ഒന്നാണ് എള്ള്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു വിത്താണ് എള്ള്.  100 ഗ്രാം എള്ളില്‍  97 ശതമാനവും  കാത്സ്യം ആണെന്നാണ് കണക്ക്. മഗ്നീഷ്യം, അയണ്‍ തുടങ്ങിയവയും അടങ്ങിയ പോഷകസമ്പന്നമായ എള്ള് ആരോഗ്യത്തിന് ഏറേ നല്ലതാണ്. 

ആറ്...

ബദാം പോലുളള നട്സില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരു പിടി  ബദാമില്‍ ഏകദേശം 72 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; ഗുണങ്ങള്‍ ഇവയാണ്...

click me!