കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ അമേരിക്കയും ചൈനയും യുകെയും മത്സരിച്ച് പോരാടുമ്പോള്‍ നിശബ്‌ദനായിരുന്ന് ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നോ റഷ്യ?
'ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യ മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചു'. കൊവിഡ് മഹാമാരിക്കാലത്ത് ലോകത്തിന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയും ആശ്വാസവും നല്‍കിയ പ്രഖ്യാപനമായിരുന്നു ഇത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ അമേരിക്കയും ചൈനയും യുകെയും മത്സരിച്ച് പോരാടുമ്പോള്‍ നിശബ്‌ദനായിരുന്ന് ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നോ റഷ്യ?. 'ക്ലിനിക്കല്‍ ട്രയല്‍' വിജയകരം എന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ വന്ന ചോദ്യം ഇതായിരുന്നു. മറ്റൊരു സംശയം കൂടി ആളുകള്‍ പങ്കിട്ടു. ഈ വാര്‍ത്ത സത്യമാണോ?. ഇതിനുള്ള ഉത്തരം നല്‍കുകയാണ് ഇത്തവണ ഫാക്ട് ചെക്കില്‍.
വാര്‍ത്തയാക്കി മാധ്യമങ്ങള്‍, ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ
undefined
കാത്തിരിപ്പിന് മനുഷ്യ ജീവന്‍റെ വിലയുണ്ട് എന്ന് കാട്ടിത്തരുകയാണ് കൊവിഡ് കാലം. വാക്‌സിന്‍ എത്താന്‍ വൈകുന്ന ഓരോ സെക്കന്‍ഡും ജീവന്‍ അപഹരിക്കുന്നു. അതിനാല്‍ റഷ്യന്‍ വാക്‌സിനെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെ നല്‍കി. ഇന്ത്യയില്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയും ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ടൈംസും ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസും ഡെക്കാന്‍ ഹെറാള്‍ഡും അടക്കമുള്ളവയും വാര്‍ത്തയാക്കി. പിന്നാലെ പ്രാദേശിക ഭാഷകളിലും വലിയ വാര്‍ത്തയായി. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ചുള്ളതായിരുന്നു ഈ വാര്‍ത്തകളെല്ലാം.
ട്വീറ്റ് ചെയ്ത് ഇന്ത്യയിലെ റഷ്യന്‍ എംബസി
കൊവിഡ് വൈറസിനെതിരെ ലോകത്തിലെ ആദ്യ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തിയാക്കി സെഷ്‌നോവ് സര്‍വകലാശാല എന്നായിരുന്നു ട്വീറ്റ്. വാക്‌സിന്‍ സുരക്ഷിതമാണ്. ജൂലൈ 15നും 20നും വാളണ്ടിയര്‍മാര്‍ ആശുപത്രി വിടും എന്നും ട്വീറ്റിലുണ്ടായിരുന്നു. ഇതോടെ ഇന്ത്യയില്‍ ഹാഷ്‌ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും സ്ഥിതി സമാനമായിരുന്നു.
വാക്‌സിന്‍ പോരാട്ടത്തില്‍ റഷ്യ വിജയിച്ചോ?
മനുഷ്യരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം. വാക്‌സിന്‍റെ സുരക്ഷയും പാര്‍ശ്വഫലവും ആദ്യഘട്ടത്തില്‍ വിലയിരുത്തും. രണ്ടാംഘട്ട വാക്‌സിന്‍റെ രോഗം പ്രതിരോധിക്കാനുള്ള ശേഷി അളക്കലാണ്. ഇത് വിജയിച്ചാല്‍ മാത്രം ആയിരക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തിയുള്ള മൂന്നാംഘട്ടം.
റഷ്യ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നായിരുന്നു മാധ്യമ വാര്‍ത്തകളെല്ലാം. എന്നാല്‍ മനുഷ്യരിലുള്ള പരീക്ഷണത്തിന്‍റെ ഒന്നാംഘട്ടം മാത്രമാണ് പൂര്‍ത്തിയായത് എന്നതാണ് വസ്‌തുത. ഇക്കാര്യം റഷ്യന്‍ സര്‍വകലാശാല മറച്ചുവയ്‌ക്കുകയായിരുന്നോ അതോ റഷ്യന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നോ എന്ന് വിമര്‍ശനമുണ്ട്. ഇനിയും രണ്ട് ഘട്ടങ്ങള്‍ പിന്നിടാതെ ഈ വാക്‌സിന്‍റെ വിജയം നമുക്ക് ഉറപ്പിക്കാനാവില്ല. അതുകഴിഞ്ഞും കടമ്പകളുണ്ട് വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍.
ഒന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം എന്നാല്‍ ചെറിയൊരു സംഘത്തില്‍ നടത്തുന്ന പരീക്ഷണം എന്നാണ് സൂചിപ്പിക്കുന്നത്. റഷ്യയില്‍ ജൂണ്‍ 18ന് ആരംഭിച്ച ഈ ഘട്ടത്തില്‍ സൈനികരായ 18 വളണ്ടിയര്‍മാരാണ് ഭാഗവാക്കായത്. ജൂലൈ 15ന് ഈ പരീക്ഷണം അവസാനിക്കും എന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി TASS ജൂലൈ പത്തിന് ലോകത്തെ അറിയിച്ചത്. ഈ സൈനികര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ജൂലൈ 13ന് രണ്ടാംഘട്ടം ആരംഭിക്കുമെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലുണ്ട്. രണ്ടാംഘട്ടത്തില്‍ സിവിലിയന്‍മാരും പരീക്ഷണത്തിന് വിധേയരാകും.
റഷ്യയുടെ മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം എപ്പോള്‍ ആരംഭിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. റഷ്യയുടെ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാന്‍ ഇനിയുമേറെ സമയമെടുക്കും എന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മൂന്ന് ഘട്ടങ്ങളുടെ മനുഷ്യ പരീക്ഷണം വിജയിച്ചാല്‍ പോലും വാക്‌സിനായി കാത്തിരിപ്പിന്‍റെ നാളുകള്‍ നീളും. വ്യാവസായികാടിസ്ഥാനത്തില്‍ കോടിക്കണക്കിന് ഡോസ് വാക്‌സിനുകള്‍ നിര്‍മ്മിക്കണമെങ്കില്‍ ഏറെ നാളുകളെടുക്കും. ഇതിനു മുമ്പ് ലോകാരോഗ്യ സംഘടനയുടേതടക്കം അനുമതി തേടേണ്ടതുമുണ്ട്. പാര്‍ശ്വഫലങ്ങളില്ല എന്ന് ശാസ്‌ത്ര ലോകം ഉറപ്പിച്ച ശേഷമേ വാക്‌സിന്‍ വിപണിയിലെത്തുയുള്ളൂ. അതിനാല്‍ റഷ്യന്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായിട്ടില്ല, ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം.
പ്രതീക്ഷയോടെ മറ്റ് വാക്‌സിന്‍ പരീക്ഷണങ്ങളും
കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനായി 150ഓളം പരീക്ഷണങ്ങളാണ് ലോകത്ത് നടക്കുന്നത്. ഇവ ഏത് ഘട്ടത്തിലെത്തി നില്‍ക്കുന്നു എന്ന വിവരം ലോകാരോഗ്യ സംഘടന അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പകുതിയോളം പരീക്ഷണങ്ങള്‍ ഇപ്പോഴും Pre-Clinical ഘട്ടത്തിലെ എത്തിയിട്ടുള്ളൂ. മൂന്നാംഘട്ടം പിന്നിട്ടത് രണ്ട് പരീക്ഷണങ്ങള്‍ മാത്രമാണ് എന്ന് ലോകാരോഗ്യ സംഘടന(WHO) പറയുന്നു(ജൂലൈ 14 വരെയുള്ള കണക്ക്). ചൈനയുടേയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടേയും പരീക്ഷണങ്ങളാണിവ. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളും പ്രതീക്ഷയോടെ പരീക്ഷണ രംഗത്തുണ്ട്.
വീഡിയോ കാണാം
കോഴിക്കോട് ജില്ലയില്‍ ജൂലൈ 17ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; ശബ്‌ദ സന്ദേശം വ്യാജം
Read more: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...