'5000 രൂപ ക്യാഷ്‌ബാക്ക്, PAYTM സ്ക്രാച്ച് കൂപ്പണ്‍ നേടിയതിന് അഭിനന്ദനങ്ങള്‍'- എന്നും പോസ്റ്ററില്‍ പറയുന്നു
തിരുവനന്തപുരം: ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ പണം ലഭിക്കും എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നാം നിത്യേന കാണാറുണ്ട്. ഇത്തരത്തില്‍ പണം വാഗ്ദാനം ചെയ്യുന്ന നിരവധി വാട്‌സ്ആപ്പ് ഫോര്‍വേഡുകള്‍ മുമ്പ് വൈറലായിരുന്നു. ഫേസ്‌ബുക്കിലുമുണ്ട് ഇത്തരം പ്രചാരണങ്ങള്‍. ഇത്തരമൊന്നിന്‍റെ വസ്‌തുത എന്താണ് എന്ന് വിശദമായി നോക്കാം.
പ്രചാരണം
undefined
'500 രൂപ നോട്ടില്‍ സ്‌പര്‍ശിച്ച് 5000 നേടൂ, 5000 രൂപ ക്യാഷ്‌ബാക്ക്, PAYTM സ്ക്രാച്ച് കൂപ്പണ്‍ നേടിയതിന് അഭിനന്ദനങ്ങള്‍' എന്നെഴുതിയ പോസ്റ്റര്‍ സഹിതമുള്ള ലിങ്കാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. ഒരു അഞ്ഞൂറ് രൂപ നോട്ടിന്‍റെ ചിത്രവും പേടിഎം, ജിപേ, ഫോണ്‍പേ എന്നിവയുടെ ലോഗോയും പോസ്റ്ററിലുണ്ട്. സര്‍ക്കാരാണ് പണം നല്‍കുന്നതെന്നും അക്കൗണ്ടിലേക്ക് തുക പിന്‍വലിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ എന്ന ആഹ്വാനവും ലിങ്കിലുണ്ട്.
വസ്‌തുതാ പരിശോധന
ഇങ്ങനെയൊരു ഓഫര്‍ പേടിഎമ്മോ, ജിപേയോ, ഫോണ്‍പേയോ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്‌തത്. എന്നാല്‍ ഈ ആപ്പുകളുടെ എക്‌സ് അക്കൗണ്ടില്‍ ഇത്തരമൊരു ഓഫര്‍ കാണാനായില്ല.
അതേസമയം പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചപ്പോള്‍ ഇതൊരു സ്‌കാമാണ് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. cashzoneofferzz.dev എന്ന വിലാസത്തില്‍ സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത വെബ്‌സൈറ്റ് അഡ്രസാണ് ഈ ലിങ്കിനുള്ളത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ 5000 രൂപ ലഭിക്കുമെന്ന പ്രചാരണം വ്യാജമാണ് എന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുമുണ്ട്. പണവും വ്യക്തിവിവരങ്ങളും കൈക്കലാക്കാന്‍ ലക്ഷ്യമിട്ടുള്ള സ്‌കാമാണ് ഈ ലിങ്ക് വഴി നടക്കുന്നത് എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം.
നിഗമനം
ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ സര്‍ക്കാരില്‍ നിന്ന് 5000 രൂപ ലഭിക്കും എന്ന തരത്തില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ആരും വഞ്ചിതരാവരുത്.
Read more: വണ്ടികള്‍ റോഡിലല്ല, പറന്ന് വായുവില്‍; വീഡിയോ കൊച്ചിയില്‍ നിന്നോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം