ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നത് പോലെ ഈ വീഡിയോ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ളതാണോ?
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് രാജ്യത്തെ സൈനികരുടെ അവസ്ഥ വളരെ മോശമായിരുന്നു എന്ന തരത്തിലൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജവാന്‍മാരെ ആളുകള്‍ അപമാനിക്കുന്നതും ചോദ്യം ചെയ്യുന്നതും ശാരീരികമായി ആക്രമിക്കുന്നതുമാണ് ഈ വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നത് പോലെ ഈ വീഡിയോ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ളതാണോ?
പ്രചാരണം
undefined
ഫേസ്‌ബുക്കില്‍ Anoop Akkali എന്ന യൂസര്‍ 2024 മെയ് 10ന് മൂന്ന് മിനുറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം പോസ്റ്റ് ചെയ്‌തത് ചുവടെ ചേര്‍ക്കുന്നു. '*മോദി ഗവൺമെന്റ് വരുന്നതിനു മുൻപുള്ള ഇന്ത്യൻ പട്ടാളക്കാരുടെ അവസ്ഥ ഇതായിരുന്നു .ഇത് വളരെ ഭയാനകമായ രോഗമാണ്. ആ കഴിഞ്ഞ നാളുകൾ തിരികെ കൊണ്ടുവരില്ല,ആ നാളുകൾ എൻ്റെ സൈനികരെ കാണിക്കില്ല എന്ന് ഞാൻ ഈ മണ്ണിൽ സത്യം ചെയ്യുന്നു...* *വന്ദേമാതരം*'.
ഏതോ ഒരു സ്ഥലത്തേക്ക് നിരവധി സൈനികര്‍ വരുന്നതും ജനങ്ങള്‍ അവരുമായി വാക്കുതര്‍ക്കമാകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ ചിലര്‍ സൈനികരെ ആക്രമിക്കുന്നതായും വീഡിയോയില്‍ കാണാം.
വസ്‌തുത
വീഡിയോ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നത് പോലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള വീഡിയോയാണോ ഇതെന്നറിയാന്‍ പരിശോധന നടത്തി. വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ലഭിച്ച ഫലം പറയുന്നത് 2017ല്‍ കശ്‌മീരിലെ ബുദ്‌ഗാമില്‍ നടന്ന ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ്. 'കശ്‌മീരില്‍ സിആര്‍പിഎഫ് ജവാന്‍മാരെ ആക്രമിച്ചു, അഞ്ച് പേര്‍ അറസ്റ്റില്‍' എന്ന തലക്കെട്ടോടെ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2017 ഏപ്രില്‍ 14ന് വീഡിയോ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് എന്നുകാണാം. ടൈംസ് നൗ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അന്ന് സംപ്രേഷണം ചെയ്തിരുന്നു.
ഇതേ സംഭവത്തെ കുറിച്ച് വാര്‍ത്തകള്‍ മറ്റ് ദേശീയ മാധ്യമങ്ങളും 2017ല്‍ പ്രസിദ്ധീകരിച്ചതാണ്. ഈ സംഭവം നടന്ന 2017ല്‍ രാജ്യത്ത് അധികാരത്തിലുണ്ടായിരുന്നത് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരായിരുന്നു. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ് എന്ന് ഉറപ്പിക്കാം.
നിഗമനം
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് രാജ്യത്തെ സൈനികരുടെ അവസ്ഥ ഇതായിരുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ സത്യത്തില്‍ 2017ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലുള്ള സമയത്തേയാണ്.
Read more: ഗാസക്കാര്‍ പരിക്ക് അഭിനയിക്കുന്നതായി വീണ്ടും വീഡിയോ; സത്യമെന്ത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം