മരംകോച്ചുന്ന തണുപ്പില്‍ വൃദ്ധന്‍; ഉത്തരാഖണ്ഡിലെ സിൽക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളിയോ ഇത്?

By Web TeamFirst Published Dec 1, 2023, 2:54 PM IST
Highlights

ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്ക നിര്‍മാണത്തിനിടെ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസം നീണ്ട രക്ഷാപ്രവ‍‍ർത്തനത്തിനൊടുവിൽ രക്ഷിച്ചിരുന്നു

ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ ടണൽ നിർമാണത്തിനിടെ കുടുങ്ങിയ 41 തൊഴിലാളികളില്‍ ഒരാളുടേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. വയോധികനായ ഒരു മനുഷ്യന്റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രം 2019 മുതൽ ഇന്‍റര്‍നെറ്റിൽ കാണാം. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തെ കുറിച്ച് വിശദമായി അറിയാം.

പ്രചാരണം

Latest Videos

ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്ക നിര്‍മാണത്തിനിടെ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസം നീണ്ട രക്ഷാപ്രവ‍‍ർത്തനത്തിനൊടുവിൽ രക്ഷിച്ചിരുന്നു. 41 തൊഴിലാളികളില്‍ ഒരാള്‍ക്ക് പോലും ജീവന് അപകടം സംഭവിക്കാതെയായിരുന്നു രക്ഷാപ്രവര്‍ത്തനം. കേന്ദ്രത്തിന്‍റെയും ഉത്തരാഖണ്ഡ് സംസ്ഥാനത്തെയും എല്ലാ സര്‍വസന്നാഹങ്ങളും ഏകോപിപ്പിച്ചായിരുന്നു ഈ രക്ഷാദൗത്യം. തുരങ്കത്തില്‍ നിന്ന് ആദ്യ തൊഴിലാളി പുറത്തുവന്നതോടെ രാജ്യം സന്തോഷത്തില്‍ ആറാടി. ഇതിന് പിന്നാലെ ഓരോരുത്തരായി 40 പേരും സുരക്ഷിതമായി 17 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം പുറത്തെത്തി. മൂന്നാഴ്‌ച നീണ്ട രക്ഷാപ്രവര്‍ത്തനവും രക്ഷപ്പെട്ട തൊഴിലാളികളുടെ ചിത്രങ്ങളും വീഡിയോകളും ഏറെ പ്രധാന്യത്തോടെ മാധ്യമങ്ങള്‍ നല്‍കി.

ഇവയുടെ കൂട്ടത്തിലാണ് ഒരു ചിത്രവും വൈറലായത്. മരംകോച്ചുന്ന തണുപ്പില്‍ ഇരിക്കുന്നത് പോലെയുള്ള ഒരു വൃദ്ധന്‍റെ ചിത്രമായിരുന്നു ഇത്. ടണല്‍ നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ടോര്‍ച്ചുള്ള ഹെല്‍മറ്റും ഇദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ വൈറലായ ഈ ചിത്രത്തിന്‍റെ വസ്‌തുത മറ്റൊന്നാണ്. 

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

എന്നാല്‍ വൈറലായ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ തെളിഞ്ഞത് ഈ ചിത്രം 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്നാണ്. 2019ല്‍ ഫേസ്‌ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്‌തതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുക്കുന്നു. 

2019ലെ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

നിഗമനം

ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ ടണൽ നിർമാണത്തിനിടെ കുടുങ്ങിയ 41 തൊഴിലാളികളില്‍ ഒരാളുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തെറ്റാണ്. ഈ ഫോട്ടോ 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ കാണാം. 

Read more: സിൽക്യാര രക്ഷാദൗത്യം; ആശ്വാസ വാര്‍ത്തയ്‌ക്ക് പിന്നാലെ വൈറലായി എഐ ചിത്രം, കബളിക്കപ്പെട്ടവര്‍ നിരവധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!