കേരള പൊലീസിന് അപമാനമാണ് യുക്തിരഹിതമായ ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ എന്നാണ് വ്യാപകമായ വിമര്‍ശനം. വിവാദമായിക്കഴിഞ്ഞ ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ കേരള പൊലീസ് തന്നയോ?
നിലമ്പൂര്‍: സ്വയമേ ശരിയായ രീതിയില്‍ മാസ്ക് ധരിക്കാതെ പ്രായമായ സ്ത്രീയെ മാസ്ക് ധരിപ്പിക്കുന്ന പൊലീസുകാരുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. കേരള പൊലീസിന് അപമാനമാണ് യുക്തിരഹിതമായ ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ എന്നാണ് വ്യാപകമായ വിമര്‍ശനം. വിവാദമായിക്കഴിഞ്ഞ ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ കേരള പൊലീസ് തന്നയോ?. ഏഷ്യാനെറ്റ് ന്യൂസ് ഫാക്‌ട് ചെക്ക് അന്വേഷിക്കുന്നു.
പ്രചാരണം
undefined
'പൊലീസുകാര്‍ തെറ്റായ രീതിയില്‍ മാസ്ക് ധരിച്ചുകൊണ്ട് പ്രായമായ സ്ത്രീയെ മാസ്ക് ധരിപ്പിക്കുന്നു. സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസുകാര്‍ നല്‍കുന്നത്. നിങ്ങള്‍ മാസ്ക് ധരിച്ചില്ലെങ്കിലും അവരെ ധരിപ്പിക്കണം. എന്തൊരു കരുതല്‍, അവര്‍ ധരിക്കാന്‍ വിസമ്മതിച്ചാല്‍ കേസോ വീഡിയോയോ എടുക്കണം. പൊലീസിന് തലയില്‍ മുണ്ടിടാനുള്ള വകുപ്പുണ്ട്'. എന്നൊക്കെയാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍റെ ഭാഗമായുള്ള ചിത്രമാണിത് എന്ന് വ്യക്തം.
വസ്തുത
ഈ ചിത്രത്തിന് കേരള പൊലീസുമായി നേരിട്ട് ബന്ധമൊന്നുമില്ല എന്നതാണ് വസ്‌തുത. മാസ്ക് ധാരണത്തേക്കുറിച്ച് കൊവിഡ് 19 വ്യാപനം അതിരൂക്ഷമാവുന്നതിന് മുന്‍പ് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഓസ്‌കാര്‍ ഫ്രെയിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനി എടുത്ത ചിത്രങ്ങളിലൊന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. വൈറലായിരിക്കുന്ന ചിത്രം ഉള്‍പ്പടെയുള്ള എല്ലാ ചിത്രങ്ങളും ഓസ്‌കാര്‍ ഫ്രെയിംസിന്‍റെ ഫേസ്‌ബുക്ക് പേജില്‍ കാണാം. എന്നാല്‍ ഈ ചിത്രങ്ങളെടുക്കാന്‍ ചുമതലപ്പെടുത്തിയത് കേരള പൊലീസ് അല്ല. ഏപ്രില്‍ 18നാണ് ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്.
വസ്തുതാ പരിശോധനാ രീതി
വൈറലായി പ്രചരിച്ച ചിത്രത്തില്‍ വാട്ടര്‍മാര്‍ക്ക് വ്യക്തമായിരുന്നു. ഇതില്‍ നിന്നാണ് ചിത്രത്തിന്‍റെ പിന്നണിക്കാരായ ഓസ്കാര്‍ ഫ്രെയിംസിനെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഓസ്‌കാര്‍ ഫ്രെയിംസിനെയും കേരള പൊലീസിന്‍റെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി നിഗമനങ്ങളിലെത്തി.
ഫോട്ടോയ്‌ക്ക് പിന്നിലെ കഥ ഇങ്ങനെ
ഏപ്രില്‍ മാസത്തില്‍ നിലമ്പൂരിനടുത്ത് വണ്ടൂരിലെ അമ്പലക്കുന്ന കോളനിയില്‍ കിറ്റ് വിതരണത്തിന് വേണ്ടിയെത്തിയ പൊലീസുകാരെക്കൂടി ഉള്‍പ്പെടുത്തി എടുത്തതാണ് ചിത്രങ്ങളാണ് ഇതെന്നാണ് ഓസ്‌കാര്‍ ഫ്രെയിംസിന്‍റെ പ്രതികരണം. മാസ്ക് എന്താണെന്ന് പോലും അറിയാത്ത ആളുകള്‍ക്ക് ഭീതി തോന്നുന്ന അവസ്ഥ ഒഴിവാക്കാന്‍ പൊലീസുകാരോട് മാസ്‌ക് താഴ്‌ത്തി മുഖം കാണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് ഓസ്‌കാര്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫറായ ശിവ രുദ്രന്‍ വ്യക്തമാക്കി.
ചിത്രങ്ങള്‍ എടുത്തത് മാസ്ക് ധരിക്കുന്നതിന്‍റെ ആവശ്യകത കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ അത് തെറ്റായരീതിയില്‍ പ്രചരിച്ച് പോയതില്‍ ഖേദമുണ്ട്. ചിത്രത്തിലെ വൃദ്ധ സത്രീയെ ഇതിന് മുന്‍പും ഓസ്കാര്‍ ഫ്രെയിംസ് ചിത്രീകരിച്ചിട്ടുള്ളതാണെന്നും ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ കൂടിയായ ശിവ രുദ്രന്‍ പറഞ്ഞു. ഹെലിക്യാമറകള്‍ അടക്കമുപയോഗിച്ച് സംസ്ഥാനത്ത് പൊലീസ് നിരീക്ഷണം നടത്തുന്ന സമയത്തായിരുന്നു ഈ ചിത്രമെടുത്തതെന്നും ശിവ രുദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. അതായത് മാസങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പങ്ക് നിഷേധിച്ച് പൊലീസ്
കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുമായി ചിത്രത്തിന് ബന്ധമില്ലെന്നും, തെറ്റായ കുറിപ്പോടെ ചിത്രം വൈറലായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേരള പൊലീസിന്‍റെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളായ അരുണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൊവിഡിനെതിരെ ബോധവല്‍ക്കരണ ചിത്രങ്ങളും വീഡിയോകളും സജീവമായ സമയമാണ്. അത്തരത്തിലുള്ള ഒന്നാണ് പ്രചരിക്കുന്ന ചിത്രം എന്നാണ് മനസിലാക്കുന്നതെന്നും അരുണ്‍ പ്രതികരിച്ചു.
നിഗമനം
മാസ്‌ക് ശരിയായി ധരിക്കാതെ മാസ്‌കിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാര്‍ എന്ന വിമര്‍ശനം നേരിടുന്ന ചിത്രത്തിന് പിന്നിലെ രഹസ്യം പുറത്തുവന്നിരിക്കുകയാണ്. ചിത്രവുമായി കേരള പൊലീസിനോ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിനോ ബന്ധമില്ല. കേരള പൊലീസിന്‍റെ വീഴ്ച എന്ന രീതിയില്‍ വിമര്‍ശനം നേരിടുന്ന ചിത്രം പഴയതാണ്. കലാമൂല്യവും സമൂഹത്തിലെ ബോധവല്‍ക്കരണവും പരിഗണിച്ച് ഒരു പ്രൊഡക്ഷന്‍ കമ്പനി പകര്‍ത്തിയ ചിത്രമാണ് ഇത്. പൊലീസിന്‍റെ ആവശ്യപ്രകാരം എടുത്തതല്ല ഈ ചിത്രം.
മാസ്‌ക് ധരിക്കാത്തതിന് യുപിയില്‍ ആടിനെ അറസ്റ്റ് ചെയ്‌തോ? വാര്‍ത്തയിലെ വാസ്‌തവം
നിറഞ്ഞ ഗാലറിയില്‍ റഗ്‌ബി മത്സരം, സെല്‍ഫി; ചിത്രം കൊവിഡ് കാലത്തെയോ?
മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ കൊവിഡ് പടരുമോ? കോട്ടയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...