അയോധ്യയില്‍ സ്ഥാപിക്കാനുള്ള കൊടിമരം കൊണ്ടുപോകുന്നതായി വീഡിയോ വൈറല്‍; പക്ഷേ സത്യം മറ്റൊന്ന്! Fact Check

By Web Team  |  First Published Jan 4, 2024, 12:45 PM IST

അയോധ്യയിലെ ശ്രീരാമ ഷേത്രത്തിലേക്കുള്ള കൊടിമരം മുംബൈ വഴി കൊണ്ടുപോകുന്ന കാഴ്‌ച എന്നാണ് ഇതിലൊരു വീഡിയോയുടെ തലക്കെട്ട്


അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുവാനുള്ള കൊടിമരം റോഡുമാര്‍ഗം ഘോഷയാത്രയായി കൊണ്ടുപോകുന്നു എന്ന തലക്കെട്ടോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എന്താണ് ദൃശ്യത്തിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം.

പ്രചാരണം

Latest Videos

undefined

ഒരു മിനുറ്റിലേറെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ 2024 ജനുവരി രണ്ടാം തിയതി ശിവരാജ് എസ് എന്നയാള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ചുവടെ. 

ഇതേ വീഡിയോ മറ്റ് ചില യൂസര്‍മാരും ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നതായി കാണാം. 'അയോധ്യയിലെ ശ്രീരാമ ഷേത്രത്തിലേക്കുള്ള കൊടിമരം മുംബൈ വഴി കൊണ്ടുപോകുന്ന കാഴ്‌ച' എന്നാണ് ഇതിലൊരു വീഡിയോയുടെ തലക്കെട്ട്. 'അയോധ്യ രാമക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന ധ്വജ സ്തംഭം (കൊടിമരം)' എന്ന് മറ്റൊരു വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നു. ഇരു എഫ്‌ബി പോസ്റ്റുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു. 

വസ്‌തുതാ പരിശോധന

അയോധ്യയിലേക്കുള്ള കൊടിമരത്തിന്‍റെ വീഡിയോയാണോ ഇതെന്ന് മനസിലാക്കാന്‍ ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ആദ്യം ചെയ്‌തത്. ഫേസ്‌ബുക്കിന് പുറമെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്‌തിട്ടുള്ളതാണ് എന്ന് ഇതിലൂടെ മനസിലാക്കാനായി. ദേശീയ മാധ്യമമായ സീന്യൂസ് 2024 ജനുവരി 2ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും റിവേഴ്‌സ് ഇമേജ് ഫലത്തിലുണ്ടായിരുന്നു. കൊടിമരത്തിന്‍റെത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സഹിതമാണ് സീന്യൂസിന്‍റെ വാര്‍ത്ത. എന്നാല്‍ കൊടിമരമല്ല, അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് 108 അടി നീളമുള്ള ഭീമന്‍ ചന്ദനത്തിരി ട്രക്കിൽ കൊണ്ടുപോകുന്ന വീഡിയോയാണ് ഇതെന്നാണ് സീന്യൂസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അയോധ്യയിലേക്ക് കൊടിമരം ട്രക്കില്‍ കൊണ്ടുപോകുന്നതായി വീഡിയോകളോ ന്യൂസ് റിപ്പോര്‍ട്ടുകളോ കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താന്‍ സാധിച്ചില്ല. 

സീന്യൂസ് റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട്

നിഗമനം

അയോധ്യയിലേക്ക് കൊടിമരമല്ല, 108 അടി നീളമുള്ള ചന്ദനത്തിരി കൊണ്ടുപോകുന്നതിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്ന് ദേശീയ മാധ്യമമായ സീന്യൂസ് 2024 ജനുവരി 2ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നിന്ന് നിഗമനത്തിലെത്താം. 

Read more: ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായി രോഹിത് ശര്‍മ്മ ഫാന്‍സ്; ആ വീഡിയോ പൊളിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!