Fact Check: രണ്ട് ഇസ്രയേല്‍ സൈനികരെ ജീവനോടെ ചുട്ടുകൊന്ന് ഹമാസ്! വീഡിയോ വിശ്വസിക്കല്ലേ

By Jomit JoseFirst Published Nov 2, 2023, 10:35 AM IST
Highlights

ഇസ്രയേലി സൈനികരെ ഹമാസ് ജീവനോടെ ചുട്ടുകൊല്ലുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് ആളുകളെ കണ്ണീരിലാഴ്‌ത്തുന്നത്. ഇതിലൊരു വീഡിയോയാണ് പിടികൂടിയ രണ്ട് ഇസ്രയേലി സൈനികരെ ഹമാസ് ജീവനോടെ ചുട്ടുകൊല്ലുന്നു എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നത്. വാട്‌സ്‌ആപ്പും ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യത്തിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

Latest Videos

NB: ആളുകളെ ഭയപ്പെടുത്തും എന്നതിനാല്‍ വീഡിയോ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല

കൈകാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം സൈനികരെ ജീവനോടെ ചുട്ടുകൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 'ഇങ്ങനെയാണ് ഇസ്രയേലി സൈനികരെ പിടികൂടുന്നതും ജീവനോടെ ചുട്ടുകൊല്ലുന്നതും. വളരെ അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്. സ്വന്തം ഉത്തരവാദിത്തത്തോടെ മാത്രം കാണുക' എന്നുമുള്ള മുന്നറിയിപ്പോടെയാണ് വീഡിയോ വാട്‌സ്‌ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. മൂന്ന് മിനുറ്റും 13 സെക്കന്‍ഡുമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. സൈനികര്‍ മരണത്തോട് മല്ലടിക്കുന്ന ഈ കാഴ്‌ച ആരെയും കരയിപ്പിക്കും. ഇവര്‍ കൊല്ലപ്പെട്ടു എന്നുറപ്പിക്കാന്‍ അഗ്നിയിലേക്ക് വീണ്ടും ഡീസല്‍ പോലെയുള്ള എന്തോ ഇന്ധനം ഒഴിക്കുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങളുടെ അവസാന ഭാഗത്ത് തോക്കുധാരിയായ ഒരാള്‍ നിന്ന് സംസാരിക്കുന്നതും കാണാം. എന്നാല്‍ ഈ ഓഡിയോ ഇംഗ്ലീഷ് ഭാഷയിലല്ല. 

വാട്‌സ്‌ആപ്പ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

ഇതേ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നതാണ്. 

വസ്‌തുതാ പരിശോധന

ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് നടത്തുന്ന ക്രൂരതയോ ഈ വീഡിയോയില്‍ എന്ന് ഉറപ്പിക്കാന്‍ വിശദമായ പരിശോധനകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നടത്തി. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ ദേശീയ മാധ്യമായ ഹിന്ദുസ്ഥാന്‍ ടൈംസ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയെ ഉദ്ധരിച്ച് 2016 ഡിസംബര്‍ 23ന് നല്‍കിയ ഒരു വാര്‍ത്ത കാണാനായി. രണ്ട് തുര്‍ക്കി പട്ടാളക്കാരെ പിടികൂടിയ ശേഷം ജീവനോടെ ചുട്ടുകൊന്നു എന്നവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ പുറത്തുവിട്ട വീഡിയോയാണിത് എന്നാണ് ഹിന്ദുസ്ഥാന്‍ വാര്‍ത്തയുടെ തലക്കെട്ട്. ഇസ്രയേല്‍ സൈനികര്‍ക്കെതിരായ ഹമാസ് ക്രൂരത എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിലെ ദൃശ്യങ്ങളില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയ്‌ക്ക് നല്‍കിയിരിക്കുന്നത്. സിറിയയില്‍ നിന്നുള്ള വീഡിയോയാണിത് എന്നാണ് അനുമാനമെന്ന് വാര്‍ത്തയിലുണ്ട്. 

ഹിന്ദുസ്ഥാന്‍ ടൈസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ഇതോടെ ഇപ്പോള്‍ (2023ല്‍) പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്നും സിറിയയില്‍ നിന്നുള്ളതാണ് എന്നും ഫാക്ട് ചെക്ക് ടീമിന് ബോധ്യമായി. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ കൂടുതല്‍ വിശദ പരിശോധനകള്‍ നടത്തി. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുടെ വലത് ഭാഗത്ത് മുകളിലായി ഒരു പതാക കാണാം. ഈ പതാക ആരുടെതാണ് എന്ന് പരിശോധിച്ചപ്പോള്‍ ഐഎസിന്‍റേതാണിത് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇതോടെ വീഡിയോയ്ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധമൊന്നുമില്ല എന്ന് വ്യക്തമായി. 

നിഗമനം

രണ്ട് ഇസ്രയേലി സൈനികരെ ഹമാസ് ജീവനോടെ ചുട്ടുകൊല്ലുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2016ല്‍ സിറിയയില്‍ നിന്നുള്ള വീഡിയോ ആണിത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞത്. 

Read more: Fact Check: 'കൈയില്‍ പതാകയുമായി ലിയോണല്‍ മെസി', ഇസ്രയേലിന് ഗോട്ടിന്‍റെ പരസ്യ പിന്തുണ?

click me!