രക്തംപുരണ്ട ഷര്‍ട്ടുമായി വിടി ബല്‍റാമും കോണ്‍ഗ്രസ് പ്രവര്‍ത്തകരും; ഉത്തരേന്ത്യയില്‍ വ്യാജ പ്രചാരണം

By Web Team  |  First Published Oct 2, 2020, 3:40 PM IST

കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാവുമ്പോഴാണ് രക്തംപുരണ്ട ഷര്‍ട്ടുമായി വിടി ബല്‍റാമും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമൊന്നിച്ചുള്ള ചിത്രം ഉത്തരേന്ത്യയില്‍ വ്യാപമായി പ്രചരിക്കുന്നത്


കര്‍ഷക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം സര്‍ക്കാര്‍ അടിച്ചൊതുക്കുന്നുവെന്ന രീതിയില്‍ വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുപയോഗിച്ച് വ്യാജ പ്രചാരണം. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാവുമ്പോഴാണ് ഈ ചിത്രങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഈ ദൃശ്യങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തും. വിലയ്ക്കെടുത്ത മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യില്ല. കര്‍ഷകര്‍ക്കെതിരായ അതിക്രമം കാണുക എന്ന കുറിപ്പോടെയാണ് വിടി ബല്‍റാം അടക്കമുള്ളവരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമാവുന്നത്. കര്‍ഷക സമരങ്ങള്‍ അക്രമത്തിലേക്ക് എത്തുന്നുവെന്ന നിലയിലും ചിത്രം പ്രചരിക്കുന്നുണ്ട്. രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിച്ച് ഹിന്ദു മുസ്ലിം പ്രശ്നങ്ങള്‍ മാത്രം കാണുന്ന മാധ്യമങ്ങള്‍ ഈ ചിത്രങ്ങള്‍ കാണമെന്നും പ്രചാരണങ്ങളില്‍ ആവശ്യപ്പെടുന്നു. 

Latest Videos

undefined

എന്നാല്‍ മന്ത്രി കെ ടി ജലീലിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടയിലുള്ള ചിത്രമാണ് ഈ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പാലക്കാട് നടന്ന മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജിന് ശേഷം പരിക്കേറ്റ കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടെയും ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ലഭിച്ച ചിത്രങ്ങള്‍ സഹിതം സെപ്തംബര്‍ രണ്ടാംവാരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കര്‍ഷക പ്രതിഷേധം സര്‍ക്കാര്‍ അടിച്ചമര്‍ത്തുമ്പോള്‍ പരിക്കേറ്റവര്‍ എന്ന നിലയില്‍ രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്‍ക്കുന്ന ആളുകളുടെ ചിത്രമുപയോഗിച്ചുള്ള പ്രചാരണം വ്യാജമാണ്. ഈ ചിത്രങ്ങള്‍ക്ക് രാജ്യവ്യാപക കര്‍ഷക പ്രതിഷേധവുമായി ബന്ധമില്ല.

click me!