നവംബര്‍ രണ്ടാം വാരം മുതലാണ് പ്രചാരണം വ്യാപകമായത്. യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിച്ചത്
'രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും മോദി സര്‍ക്കാര്‍ ഏഴുലക്ഷം രൂപ വീതം നല്‍കുന്നു, ഉടന്‍ അപേക്ഷിക്കുക.' വിദ്യാര്‍ഥികള്‍ക്കായുള്ള ജീവന്‍ ലക്ഷ്യ പദ്ധതി അനുസരിച്ചുള്ള പ്രഖ്യാപനമെന്ന പേരില്‍ രാജ്യ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ വ്യാജം. നവംബര്‍ രണ്ടാം വാരം മുതലാണ് പ്രചാരണം വ്യാപകമായത്. കറന്‍റ് അഫയേഴ്സ് സ്പെഷ്യല്‍ എന്ന യുട്യൂബ് ചാനലിലൂടെയാണ് വ്യാപക പ്രചാരണം നടക്കുന്നത്.
ജീവന്‍ ലക്ഷ്യ യോജന എന്ന പദ്ധതി പ്രകാരം നിങ്ങളുടെ മകന്‍, മകള്‍ എന്നിവരുടെ അക്കൌണ്ടില്‍ നേരിട്ട് ഏഴുലക്ഷം രൂപ നിക്ഷേപിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാര്‍ഥികളുടേയും ഭാവി സുരക്ഷിതമാക്കി അവരെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടിയാണ് മോദി സര്‍ക്കാരിന്‍റെ ഈ നടപടിയെന്നാണ് അവകാശവാദം. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം. 16 വയസ് പ്രായമായവര്‍ക്കും അപേക്ഷിക്കാമെങ്കിലും അവര്‍ക്ക് പണം കയ്യില്‍ വരിക 18 വയസിലായിരിക്കും. ബാങ്കിന് നഷ്ടം വരുത്തിയ ആളുകളുടെ മക്കളോ, വായ്പ കുടിശിക വരുത്തിയ ആളുകളോ ആവരുതെന്നതാണ് ഇതിനായുള്ള നിബന്ധനയെന്നും വീഡിയോ വിശദമാക്കുന്നു.
എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നും പിഐബിയുടെ വസ്തുതാ പരിശോധക സൈറ്റ് വിശദമാക്കുന്നു.