കൊവിഡ് രോഗിയെ രക്ഷിക്കാന്‍ പിപിഇ കിറ്റ് ഊരിമാറ്റി സിപിആര്‍ നല്‍കി ഡോക്‌ടര്‍; പ്രചാരണത്തില്‍ നുണയും

By Web Team  |  First Published Jul 24, 2020, 8:48 PM IST

ഡോക്‌ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ മറന്ന് പ്രയത്നിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റാണ് എയിംസിലെ സീനിയര്‍ റസിഡന്‍റ് ഡോക്‌ടറുടെ ത്യാഗോജ്വല കഥ


ദില്ലി: രാജ്യത്ത് കൊവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ നഗരങ്ങളിലൊന്നാണ് ദില്ലി. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യപരിപാലന കേന്ദ്രമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) പോലും കൊവിഡ് വ്യാപനം ഭീഷണിയായി. ഡോക്‌ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ മറന്ന് പ്രയത്നിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റാണ് എയിംസിലെ സീനിയര്‍ റസിഡന്‍റ് ഡോക്‌ടറുടെ ത്യാഗോജ്വല കഥ.  

പ്രചാരണം ഇങ്ങനെ

Latest Videos

undefined

'ഇദേഹം ഡോ. സഹീദ് മജീദ്. എഐഐഎംഎസിലെ സീനിയർ ഡോക്ടറാണ്. ഇദേഹം ഇപ്പോൾ ക്വാറന്‍റൈനിലാണ്. കാരണം ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ തന്‍റെ സുരക്ഷ പരിഗണിക്കാതെ പിപിഇ കിറ്റൊക്കെ ഊരിമാറ്റി രോഗിയുടെ വായിൽ സ്വന്തം വായ ചേർത്തുവച്ച് ശ്വസം നൽകി(CPR) ജീവൻ രക്ഷിച്ച മാലാഖ'. ഒരു ചിത്രം സഹിതമാണ് ഈ പോസ്റ്റര്‍ പ്രചരിക്കുന്നത്. 

 

ഫേസ്‌ബുക്കില്‍ സമാനമായ നിരവധി പോസ്റ്റുകളാണ് കണ്ടെത്താനായത്. 16,000ത്തിലേറെ ലൈക്കും എട്ടായിരത്തിലേറെ ഷെയറുമുള്ള പോസ്റ്റുകള്‍ വരെയുണ്ട് ഇവയില്‍. 

 

വസ്‌തുത

വൈറല്‍ പോസ്റ്റുകളില്‍ പറയുന്നതല്ല സംഭവത്തിലെ വസ്‌തുത എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്‌ട് ചെക്കില്‍ വ്യക്തമായിരിക്കുന്നത്. വൈറല്‍ പോസ്റ്റില്‍ പറയുന്നതില്‍ പാതി കാര്യങ്ങള്‍ മാത്രമാണ് ശരി. 

വസ്‌തുത പരിശോധന രീതി

ദില്ലി എയിംസില്‍ നടന്നത് എന്താണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആംബുലന്‍സില്‍ മരണത്തോട് മല്ലടിച്ച കൊവിഡ് രോഗിയെ പിപിഇ കിറ്റ് മാറ്റി പരിശോധിച്ച ഡോക്ടര്‍ ക്വാറന്‍റൈനില്‍ എന്ന തലക്കെട്ടിലായിരുന്നു ഈ വാര്‍ത്ത. വാര്‍ത്തയിലെ വിവരങ്ങള്‍ ഇങ്ങനെ...

'എയിംസിലെ ട്രോമാ സെന്‍ററിലെ ഐസിയു യൂണിറ്റിലേക്ക് രോഗിയെ മാറ്റുന്നതിനിടെ മെയ് 8ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രോഗിക്ക് ശ്വാസതടസം നേരിട്ടതോടെ വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യേണ്ടിവന്നു. എന്നാല്‍ ആംബുലന്‍സിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ കാഴ്‌ച ബുദ്ധിമുട്ടായതോടെ പിപിഇ കിറ്റിന്‍റെ ഭാഗമായ ഗോഗിള്‍സും ഫെയ്‌സ് ഷീല്‍ഡും ഡോക്ടര്‍ സഹീദ് അബ്ദുള്‍ മജീദ് ഊരിമാറ്റി. ഇന്‍ട്യൂബേറ്റ് ചെയ്യുന്നത് വൈകിയാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാവുമെന്ന് ബോധ്യമായ ഡോ. മജീദ് രണ്ടാമതൊന്നാലോചിക്കാതെ ഇങ്ങനെ ചെയ്യുകയായിരുന്നു'. 

ഈ സംഭവമാണ് ഹൃദയാഘാതം നേരിട്ട കൊവിഡ് രോഗിക്ക് സുരക്ഷാ സംവിധാനങ്ങള്‍ അണിയാതെ ഡോക്‌ടര്‍ കൃത്രിമ ശ്വാസം(CPR) നല്‍കി എന്ന പേരില്‍ വ്യാപകമായി  പ്രചരിപ്പിച്ചത്. 

വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ

 

നിഗമനം

ദില്ലി എയിംസിലെ സീനിയര്‍ റസിഡന്‍റ് ഡോക്‌ടര്‍ സഹീദ് അബ്ദുള്‍ മജീദ് കൊവിഡ് രോഗിക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ പിപിഇ കിറ്റ് ഊരിമാറ്റി കൃത്രിമശ്വാസം(CPR) നല്‍കി എന്ന പ്രചാരണം ഭാഗികമായേ ശരിയുള്ളൂ. ഇന്‍ട്യൂബേറ്റ് ചെയ്യുന്നത് വൈകിയാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാവുമെന്ന് ബോധ്യമായതോടെ ഗോഗിള്‍സും ഫെയ്‌സ് ഷീല്‍ഡും ഊരിമാറ്റി ഇന്‍ട്യൂബേറ്റ് സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ഡോ. സഹീദ് അബ്ദുള്‍ മജീദ്. 

click me!