തെങ്ങോലകള്‍ക്കിടയിലെ മോദി ചാരുത; ചിത്രം യഥാര്‍ഥമോ വരച്ചതോ എന്ന് ഇനി സംശയം വേണ്ടാ!

By Web Team  |  First Published Sep 27, 2023, 3:45 PM IST

കടല്‍ത്തീരത്ത് ഒരു ദ്വീപ് പോലുള്ളയിടത്ത് പാറക്കൂട്ടത്തില്‍ നില്‍ക്കുന്ന തെങ്ങുകളുടേതായിരുന്നു ചിത്രം, സൂക്ഷിച്ച് നോക്കിയാല്‍ തെങ്ങുകളുടെ ഇലകള്‍ക്കിടയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെത്താം.


തിരുവനന്തപുരം: തെങ്ങുകളുടെ ഇലകള്‍ കൊണ്ട് രൂപപ്പെട്ട ഒരു ചിത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവിസ്‌മരണീയ ഫോട്ടോ എന്ന പേരില്‍ വലിയ പ്രചാരം നേടുകയാണ് ഈ ഫോട്ടോ. ബിജെപി നേതാക്കളടക്കം നിരവധി പേരാണ് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വൈറലായിരിക്കുന്ന ചിത്രം ആരെങ്കിലും ക്യാമറയില്‍ പകര്‍ത്തിയതാണോ? വിശദമായി പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

കടല്‍ത്തീരത്ത് ഒരു ദ്വീപ് പോലെയുള്ള പാറക്കൂട്ടത്തില്‍ നില്‍ക്കുന്ന തെങ്ങുകളുടേതായിരുന്നു ചിത്രം. സൂക്ഷിച്ച് നോക്കിയാല്‍ തെങ്ങുകളുടെ ഇലകള്‍ക്കിടയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെത്താം. ഈ ചിത്രം കേരളത്തിലെ ഉള്‍പ്പടെ ബിജെപി നേതാക്കളും അനുയായികളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'കര്‍ണാടകയിലെ ഗോകര്‍ണത്ത് നിന്ന് ഒരു ഫ്രഞ്ച് ടൂറിസ്റ്റാണ് ഈ ചിത്രം പകര്‍ത്തിയത്' എന്നായിരുന്നു ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നത്. ഫോട്ടോയുടെ വസ്‌തുത എന്താണ് എന്ന് കണ്ടെത്താന്‍ പ്രേരിപ്പിച്ച ഘടകം ഈ എഫ്‌ബി പോസ്റ്റായിരുന്നു. രാജണ്ണ കൊരാവി എന്നയാളുടെ 2023 സെപ്റ്റംബര്‍ 25നുള്ള ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ. 

ഇതേ ചിത്രം ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. 'ഈ കാണുന്നത് ഒരു വെറുംവരയല്ല. അതിശയോക്തിപരമായ അപനിർമ്മിതിയുമല്ല. കേരളത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ശരിവരയാണിത്. മോദിക്കുമാത്രം മാറ്റിമറയ്ക്കാൻ കഴിയുന്ന നേർവര'... എന്ന കുറിപ്പോടെയായിരുന്നു സെപ്റ്റംബര്‍ 24-ാം തിയതി സുരേന്ദ്രന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാല്‍ ഇത് ഒറിജിനല്‍ ചിത്രമാണ് എന്ന് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നില്ല. എങ്കിലും ചിത്രത്തിന്‍റെ ഉറവിടത്തെ ചൊല്ലി വലിയ ചര്‍ച്ച പോസ്റ്റിന് താഴെ കമന്‍റ് ബോക്‌സില്‍ കാണാം. ഇതും ചിത്രത്തിന്‍റെ വസ്‌തുത എന്താണെന്ന് തിരക്കാന്‍ കാരണമായി. 

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

എക്‌സ് അക്കൗണ്ടില്‍ 'മൈ മോദിജി' എന്ന തലക്കെട്ടില്‍ അഷ്‌ടമന്‍ നാരായണന്‍ എന്നയാള്‍ പങ്കുവെച്ച ചിത്രവും നമുക്ക് കാണാം.

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് 

വസ്‌തുത

എന്നാല്‍ പലരും ഫേസ്‌ബുക്ക് പോസ്റ്റുകളിലും ട്വീറ്റുകളിലും അവകാശപ്പെട്ടത് പോലെ യഥാര്‍ഥ ചിത്രമാണോ ഇത്. അല്ല എന്നതാണ് ഉത്തരം. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വരച്ച ചിത്രമാണിത് എന്ന് ലൈവ്‌മിന്‍റ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിട്ടുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നടത്തിയ കീവേഡ് സെര്‍ച്ചില്‍ തെളിഞ്ഞു. modi coconut tree drawing എന്ന് സെര്‍ച്ച് ചെയ്‌തപ്പോള്‍ ലൈവ്‌മിന്‍റ് പ്രസിദ്ധീകരിച്ച വാര്‍ത്ത കിട്ടി.

ലൈവ്‌മിന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ഓര്‍മിപ്പിക്കുന്ന ഈ ചിത്രം നെറ്റ്‌സണ്‍സിനെ ആശ്ചര്യപ്പെടുത്തി എന്ന തലക്കെട്ടോടെയായിരുന്നു ലൈവ്‌മിന്‍റിന്‍റെ വാര്‍ത്ത. എഐ ആര്‍ട്ടിസ്റ്റായ മാധവ് കോലിയാണ് ഈ ചിത്രം എഐ ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയത് എന്ന് വാര്‍ത്തയിലുണ്ട്. ഇതോടെ മാധവ് കോലിയുടെ എക്‌സ് അക്കൗണ്ട് ഇത് ഉറപ്പിക്കുന്നതിനായി പരിശോധിച്ചു. മാധവിന്‍റെ എക്‌സ് അക്കൗണ്ടില്‍ ചിത്രം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ പരിശോധനയില്‍ കണ്ടെത്താനായി. സെപ്റ്റംബര്‍ 23നായിരുന്നു ചിത്രം സഹിതം അദേഹത്തിന്‍റെ ട്വീറ്റ്. അതായത്, രാജണ്ണ കൊരാവിയുടെ എഫ്‌ബി പോസ്റ്റ് വരുന്നതിന് രണ്ട് ദിവസം മുന്നേ ഈ ചിത്രം ട്വിറ്ററിലെത്തിയിരുന്നു.  ഇരുപത്തിരണ്ടായിരത്തിലേറെ പേര്‍ ഫോട്ടോ ഇതുവരെ കണ്ടുകഴി‌ഞ്ഞു എന്നും ബോധ്യപ്പെട്ടു. 

മാധവ് കോലിയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

നിഗമനം

തെങ്ങുകള്‍ക്കിടയില്‍ സ്വാഭാവികമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തെളിഞ്ഞതല്ല എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഈ ചിത്രം ഫ്രഞ്ച് ടൂറിസ്റ്റ് ക്യാമറയില്‍ പകര്‍ത്തിയതാണ് എന്ന പ്രചാരണവും കള്ളമാണ്. എഐ ഉപയോഗിച്ച് മാധവ് കോലി എന്ന ആര്‍ട്ടിസ്റ്റ് തയ്യാറാക്കിയ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടുകളോടെ പ്രചരിക്കുന്നത്. 

Read more: സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ ചാപ്പകുത്തിയെന്ന് പരാതി; സംഭവത്തില്‍ വന്‍ ട്വിസ്റ്റ്! തിരക്കഥ കീറി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!