കൂറ്റന്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച് യുവാക്കള്‍, ഈജിപ്‌ത്-ഗാസ അതിര്‍ത്തിയിലെ ദൃശ്യങ്ങളോ? Fact Check

By Jomit Jose  |  First Published Oct 16, 2023, 3:00 PM IST

വീഡിയോയില്‍ കാണുന്നത് ഗാസ-ഈജിപ്‌ത് അതിര്‍ത്തി തന്നെയോ? ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നതെല്ലാം സത്യമോ? 


ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയെ കലുഷിതമാക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളുടെയും വാര്‍ത്തകളുടെയും പ്രളയം. വൈറലായ ഒട്ടേറെ വീഡിയോകളുടെ വസ്‌തുത ഇതിനകം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. ഇക്കൂട്ടത്തിലേക്കുള്ള ഒരു വീഡിയോയാണ് നിരവധി പേര്‍ കൂറ്റന്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നത്. 'ഗാസ അതിര്‍ത്തിയിലെ 20 അടി ഉയരമുള്ള മതില്‍ ഈജിപ്‌ത് അടച്ചു. അറബ് രാജ്യങ്ങള്‍ പലസ്‌തീനികളെ സ്വീകരിക്കാന്‍ തയ്യാറല്ല' എന്നും പറഞ്ഞാണ് റീല്‍സ് വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഗാസ-ഈജിപ്‌ത് അതിര്‍ത്തി തന്നെയോ?  

പ്രചാരണം

Latest Videos

undefined

മീറ്ററുകള്‍ ഉയരമുള്ള വലിയ മതില്‍ നിരവധി പേര്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതാണ് ഫേസ്‌ബുക്കില്‍ ജോസ് പി കെ കൊല്ലംപറമ്പില്‍ എന്നയാള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന റീല്‍സ് വീഡിയോയില്‍ കാണുന്നത്. മതില്‍ ഭേദിക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്ന് വീഡിയോ കാണുമ്പോള്‍ മനസിലാക്കാം. 'സഹോദര സ്നേഹം, ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു. 20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത് ഗാസ അതിർത്തിയിൽ 2 ലെയർ ആയി പണിതിരിക്കുന്നത്. അറബ് രാജ്യങ്ങൾ പലസ്തീനികളെ സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് സത്യം' എന്നുമാണ് ജോസ് പി കെ കൊല്ലംപറമ്പില്‍ റീല്‍സിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വാര്‍ത്ത ചെയ്യുമ്പോഴേക്ക് 3300ലധികം ലൈക്കുകള്‍ ഈ റീല്‍സിന് കിട്ടിക്കഴിഞ്ഞു. 

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ഗാസ-ഈജിപ്‌ത് അതിര്‍ത്തിയിലെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന ഈ റീല്‍സിന് നിലവിലെ ഹമാസ്- ഇസ്രയേല്‍ പ്രശ്‌നങ്ങളുമായി ബന്ധമില്ല എന്നതാണ് യാഥാര്‍ഥ്യം. 2021ല്‍ ലെബനാന്‍ അതിര്‍ത്തി വഴി ലെബനീസ് പൗരന്‍മാര്‍ ഇസ്രയേലിലേക്ക് കയറാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോയാണ് ഗാസ-ഈജിപ്‌ത് അതിര്‍ത്തിയിലെ കാഴ്‌ച എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ഇതൊരു പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. ഇപ്പോള്‍ പ്രചരിക്കുന്ന സമാന വീഡിയോ 2021 മെയ് 16ന് സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഒരു പങ്കുവെച്ചിരിക്കുന്നത് കാണാം. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്ന് ഈ ട‍്വീറ്റ് ഉറപ്പിക്കുന്നു. 

വീഡിയോ ലബനീസ്-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നാണ് എന്നുറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി. ഇതില്‍ നിന്ന് ബോധ്യപ്പെട്ടത് ഈ വീഡിയോ സഹിതം 2021ല്‍ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു എന്നാണ്. 2021ല്‍ ഫോട്ടോ ഏജന്‍സിയായ ഗെറ്റിക്കായി നിരവധി ചിത്രങ്ങള്‍ ലബനീസ്-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്ന് ഈ പ്രതിഷേധത്തിന്‍റെതായി പകര്‍ത്തിയിരുന്നതായി പരിശോധനയില്‍ ബോധ്യമായി. ചിത്രങ്ങളിലൊന്ന് ചുവടെ നല്‍കുന്നു. 2021 മെയ് മാസത്തിലാണ് ഈ പ്രതിഷേധം ലബനീസ്-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നടന്നത് എന്ന് ഫോട്ടോയുടെ വിവരണത്തില്‍ ഗെറ്റി ഇമേജസ് നല്‍കിയിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന അതേ മതിലാണ് ഈ ചിത്രത്തിലുമുള്ളത് എന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. 

നിഗമനം

ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ 2021ല്‍ ലബനീസ്-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്ന് ചിത്രീകരിച്ചതാണ്. ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ല. ഈ വീഡിയോ ഗാസ-ഈജിപ്‌ത് അതിര്‍ത്തിയില്‍ നിന്നുമല്ല. അതേസമയം ഗാസയുമായുള്ള അതിര്‍ത്തി ഈജിപ്‌ത് അടച്ചിട്ടുണ്ട് എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതാണ്. 

Read more: ഇറാനിയന്‍ വനിതയെ സ്‌പര്‍ശിച്ചു, വ്യഭിചാര കുറ്റത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 99 ചാട്ടയടി? Fact Check

click me!