സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ ആരിഫ് മുഹമ്മദ് ഖാന് ക്രിസ്മസ് സമ്മാനവുമായി മന്ത്രിമാര്‍? ചിത്രത്തിന്‍റെ സത്യം

By Jomit JoseFirst Published Dec 23, 2023, 11:57 AM IST
Highlights

ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം

കേരളത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാന് ക്രിസ്മസ് സമ്മാനം കൈമാറിയോ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ഒരു ചിത്രമാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും പുടവ നല്‍കുന്നതിന്‍റേതാണ് ഈ ചിത്രം. ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

Latest Videos

ഫേസ്‌ബുക്കില്‍ Madhu Pillai എന്ന വ്യക്തിയാണ് ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും നില്‍ക്കുന്ന ചിത്രം 2023 ഡിസംബര്‍ 19ന് പങ്കുവെച്ച ഒരാള്‍. '6 ഷോ മതി, കയറി പോര്, ഇനി അടുത്ത ഭാഗം ഉഷാറാക്കാം. ക്രിസ്‌മസ് ആഘോഷിക്കാന്‍ പിണറായി 7 ലക്ഷം രൂപ കൊടുത്ത വിവരം അറിഞ്ഞ മരുമോന്‍ ക്രിസ്മസ് കോടി വാങ്ങി നല്‍കി ഗവര്‍ണറെ സന്തോഷിപ്പിച്ചു'- ഇത്രയുമാണ് മധു പിള്ള എഫ്‌ബിയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പമുള്ള എഴുത്ത്. സമാന ചിത്രം ഇതേ അവകാശവാദങ്ങളോടെ മറ്റ് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് 

വസ്‌തുതാ പരിശോധന

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം 2023ലെ ക്രിസ്മസുമായി ബന്ധപ്പെട്ടുള്ളതല്ല. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ഗവര്‍ണര്‍ക്ക് പുടവ നല്‍കുന്ന ഫോട്ടോ കഴിഞ്ഞ ഓണക്കാലത്തെയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 

സര്‍ക്കാരിന്‍റെ 2023ലെ ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാര്‍ രാജ്ഭവനില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. 'ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച് സര്‍ക്കാര്‍; മന്ത്രിമാര്‍ എത്തിയത് ഓണക്കോടിയുമായി' എന്ന തലക്കെട്ടില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ 2023 ഓഗസ്റ്റ് 18ന് പ്രസിദ്ധീകരിച്ച വാര്‍ത്ത റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താന്‍ സാധിച്ചു. 'സര്‍ക്കാറിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്'- എന്നും മാതൃഭൂമി ഓണ്‍ലൈനിന്‍റെ വാര്‍ത്തയില്‍ പറയുന്നു. 

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ഓണക്കോടിയുമായി ഗവര്‍ണറെ കാണാന്‍ മന്ത്രിമാര്‍ രാജ്ഭവനില്‍ എത്തിയതിന്‍റെ വാര്‍ത്ത മറ്റ് മലയാള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ മനസിലായി. 

നിഗമനം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും പുടവ കൈമാറുന്ന ചിത്രം ഈ ക്രിസ്മസ് (2023) കാലത്തെയല്ല. 2023ലെ ഓണാഘോഷവേളയിലെടുത്ത ചിത്രമാണിത്. ഈ ഫോട്ടോയ്‌ക്ക് നിലവിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരുമായി യാതൊരു ബന്ധവുമില്ല. 

Read more: കറുത്ത മുണ്ട്; അയ്യപ്പഭക്തനെ കരിങ്കൊടിയാണെന്ന് കരുതി അറസ്റ്റ് ചെയ്‌തതായി വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!