'നവകേരള സദസിനായി സിപിഎമ്മിന്‍റെ ബക്കറ്റ് പിരിവ്'; എം വി ജയരാജന്‍റെ ചിത്രം വ്യാജം

By Jomit Jose  |  First Published Nov 29, 2023, 11:09 AM IST

പ്രമുഖ സിപിഎം നേതാവ് എം വി ജയരാജന്‍റെ ചിത്രം സഹിതമാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പ്രചാരണം നടക്കുന്നത്


വിവാദങ്ങള്‍ക്കിടെ നവകേരള സദസ് പുരോഗമിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ മലപ്പുറത്താണ് പര്യടനം നടത്തുന്നത്. സാമ്പത്തിക ഞെരുക്കകാലത്ത് കോടികള്‍ പൊടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തും പിആര്‍ പരിപാടിയുമാണ് നവകേരള സദസ് എന്ന വിമര്‍ശനം ശക്തമാണ്. ഇതിനിടെ നവകേരള സദസിനായി എല്‍ഡിഎഫിലെ മുഖ്യ പാര്‍ട്ടിയായ സിപിഎം ബക്കറ്റ് പിരിവ് നടത്തുകയാണോ?

പ്രചാരണം 

Latest Videos

undefined

പ്രമുഖ സിപിഎം നേതാവ് എം വി ജയരാജന്‍റെ സഹിതമാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പ്രചാരണം നടക്കുന്നത്. ജയരാജന്‍ വഴിയോരത്ത് വച്ച് ഒരാളില്‍ നിന്ന് പണം സ്വീകരിക്കുന്നതാണ് ചിത്രത്തില്‍. എം വി ജയരാജന്‍റെ കൈകളില്‍ പണം സ്വീകരിക്കാനുള്ള ബക്കറ്റ് കാണാം. 'നവകേരള സദസ്, ഉദാരമായി സംഭാവന ചെയ്യുക, എല്ലാം നിങ്ങള്‍ക്ക് വേണ്ടിയാട്ടോ'- എന്ന കുറിപ്പോടെയാണ് അര്‍ജുന്‍ മദന്‍ തേവുരുത്തില്‍ എന്നയാള്‍ എം വി ജയരാജന്‍ ബക്കറ്റ് പിരിവ് നടത്തുന്ന ചിത്രം എഫ്‌ബിയില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്‌തയാള്‍ അവകാശപ്പെടുന്നത് പോലെ നവകേരള സദസിനായി സിപിഎം നടത്തുന്ന ബക്കറ്റ് പിരിവാണോ ഇത്?

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

അര്‍ജുന്‍ മദന്‍ തേവുരുത്തില്‍ പങ്കുവെച്ച ചിത്രം സത്യമോ എന്നറിയാന്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്യുകയാണ് ആദ്യം ചെയ്‌തത്. ഇതില്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് ഈ ചിത്രം 2019ലേതാണ് എന്നാണ്. ഈ ഫോട്ടോ 2019 ഓഗസ്റ്റ് മാസത്തില്‍ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ് എന്ന് കാണാം. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

മാത്രമല്ല, എം വി ജയരാജന്‍ ബക്കറ്റ് പിരിവ് നടത്തുന്ന ചിത്രം സഹിതമുള്ള ഒരു വാര്‍ത്ത 2019 സെപ്റ്റംബര്‍ 12ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതും റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. സിപിഎമ്മിന്‍റെ ബക്കറ്റ് പിരിവിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വിമര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്തയിലാണ് ഈ ചിത്രവുമുള്ളത്. 'പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവര്‍ കാണുക'; സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെതിരെ സെന്‍കുമാര്‍ എന്ന തലക്കെട്ടിലാണ് സമകാലിക മലയാളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 

സമകാലിക മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രവും

എന്തിന് പിരിവ്? 

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി 2019 ഓഗസ്റ്റ് 13 മുതല്‍ 18 വരെ സിപിഎം സംസ്ഥാന വ്യാപകമായി ബക്കറ്റ് പിരിവിലൂടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇങ്ങനെ ലഭിച്ച 22,90,67,326 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തിരുന്നു എന്ന് സമകാലിക മലയാളം 2019 സെപ്റ്റംബര്‍ 12ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. ഫോട്ടോയിലുള്ള എം വി ജയരാജന്‍ അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു എന്നും വാര്‍ത്തയിലുണ്ട്. അതിനാല്‍ തന്നെ 2023ല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നവകേരള സദസിനായി അല്ല എം വി ജയരാജന്‍ ബക്കറ്റ് പിരിവ് നടത്തുന്നത് എന്ന് വ്യക്തം. 

സമകാലിക മലയാളം വാര്‍ത്തയുടെ ഉള്ളടക്കം

നിഗമനം

നവകേരള സദസിനായി സിപിഎം ബക്കറ്റ് പിരിവ് നടത്തുന്നതായി എം വി ജയരാജന്‍റെ ചിത്രം നടക്കുന്ന പ്രചാരണം വ്യാജമാണ്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഎം 2019 ഓഗസ്റ്റില്‍ സംഘടിപ്പിച്ച ധനസമാഹരണത്തിന്‍റെ ചിത്രമാണ് 2023 നവംബര്‍ മാസത്തിലേത് എന്ന വ്യാജേന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

Read more: 'എളുപ്പത്തില്‍ നിങ്ങള്‍ക്കും പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പ് സ്വന്തമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം'; Fact Check

click me!