താഴെ വലിയ കൊക്ക, മലപോലുള്ള പാറക്കെട്ടിന് മധ്യേ കുടുങ്ങി ആന; സാഹസിക രക്ഷാപ്രവര്‍ത്തന വീഡിയോ സത്യമോ? Fact Check

By Web Team  |  First Published Oct 10, 2024, 4:10 PM IST

മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടിന് മധ്യേ ആന കുടുങ്ങിയിരിക്കുന്നതും അതിനെ രക്ഷിക്കുന്നതുമാണ് വീഡിയോയില്‍ 


വലിയ പാറക്കെട്ടിന് മധ്യേ കുടുങ്ങിയ ആനയെ യന്ത്ര സഹായത്തോടെ രക്ഷപ്പെടുത്തുന്ന ഒരു വീഡിയോ പലരും കണ്ടുകാണും. ആഴ്‌ചകളായി ഈ വീഡിയോ ഫേസ്‌ബുക്കില്‍ വൈറലാണ്. കാഴ്ചയില്‍ അസ്വാഭാവികത തോന്നുന്ന വീഡിയോയുടെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം 

Latest Videos

undefined

താഴെ വലിയ കൊക്ക ദൃശ്യമായ സ്ഥലത്ത് നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്‌ബുക്കില്‍ പലരും പങ്കുവെച്ചിരിക്കുന്നത്. മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു പാറക്കെട്ടിന്‍റെ മധ്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ആനയെ യന്ത്രസഹായത്തോടെ രക്ഷപ്പെടുന്നതായാണ് വീഡിയോ. നിരവധി പേര്‍ ഈ രക്ഷാപ്രവര്‍ത്തനം നോക്കിനില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. ഒരു പാറയുടെ മധ്യേ കുടുങ്ങിക്കിടന്ന പാവം ആനയെ രക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെടുന്നത്. 

വസ്‌തുതാ പരിശോധന

വീഡിയോയിലെ ആനയുടെ ചലനം യാന്ത്രികമായി തോന്നുന്നതിനാല്‍ ദൃശ്യങ്ങള്‍ ഗ്രാഫിക്സ് സഹായത്തോടെ നിര്‍മിച്ചതാണെന്ന സൂചന ലഭിച്ചു. ഇതോടെ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധന AThing Inside യൂട്യൂബ് അക്കൗണ്ടിലേക്ക് നയിച്ചു. പാറകള്‍ നിറഞ്ഞ മലയില്‍ കുടുങ്ങിയ ആനയെ യുഎസ് പൊലീസ് രക്ഷപ്പെടുത്തി എന്ന തലക്കെട്ടില്‍ ഈ ചാനലില്‍ വീഡിയോ 2024 ഒക്ടോബര്‍ 2ന് പോസ്റ്റ് ചെയ്തിട്ടുള്ളതാണ് എന്ന് കാണാം. 61 ലക്ഷത്തിലധികം വ്യൂവ്സ് വീഡിയോയ്ക്ക് ഇതിനകം ലഭിച്ചു. എന്നാല്‍ എഡിറ്റിംഗ് നടന്നതോ രൂപമാറ്റം വരുത്തിയതോ ആയ വീഡിയോയാണ് ഇതെന്ന മുന്നറിയിപ്പ് ചുവടെ കാണാനായി. 

മാത്രമല്ല AThing Inside എന്ന യൂട്യൂബ് ചാനലില്‍ ആനകളുടെയും മറ്റ് മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റനേകം വീഡിയോകളും പോസ്റ്റ് ചെയ്‌തിരിക്കുന്നത് കാണാം. രസകരമായ വീഡിയോകളാണ് ചാനലിലുള്ളത് എന്ന് വിവരണത്തില്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. ഇതും വീഡിയോ യഥാര്‍ഥമല്ല, ഗ്രാഫിക്സുകളുടെ സഹായത്തോടെ നിര്‍മിച്ചതാണ് എന്ന് വ്യക്തമാക്കുന്നു.

നിഗമനം

വലിയ പാറക്കെട്ടിന് മധ്യേ കുടുങ്ങിയ ആനയെ രക്ഷിക്കുന്നതായുള്ള വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണ്. യഥാര്‍ഥ സംഭവം ക്യാമറയില്‍ പകര്‍ത്തിയത് അല്ല. 

Read more: 12500 രൂപ മുടക്കിയാല്‍ 30 മിനുറ്റില്‍ 4 കോടി 62 ലക്ഷം രൂപ നേടാമെന്നത് വ്യാജ പ്രചാരണം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!