ദില്ലി മുഗള്‍ ഗാര്‍ഡന്‍റെ പേര് മാറ്റിയോ? വ്യാപക പ്രചാരണത്തിലെ വസ്‌തുതയെന്താണ്

By Web Team  |  First Published Aug 23, 2020, 1:38 PM IST

മുഗള്‍ ഗാര്‍ഡന്‍റെ പേര് മാറ്റിയതായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്


ദില്ലി: രാജ്യതലസ്ഥാനത്തിന്‍റെ സൗന്ദര്യങ്ങളിലൊന്നാണ് രാഷ്‌ട്രപതിഭവനിലെ വിഖ്യാത മുഗള്‍ ഗാര്‍ഡന്‍. പ്രൗഢമായ ഈ ഉദ്യാനത്തിന്‍റെ പേര് മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നൊരു വാര്‍ത്ത കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഈ പ്രചാരണം സജീവമായിരിക്കുകയാണ്. മുഗള്‍ ഗാര്‍ഡന്‍ പുനര്‍നാമകരണം ചെയ്‌തു എന്ന വാര്‍ത്തയിലെ വസ്‌തുതയെന്ത്?.

പ്രചാരണം ഇങ്ങനെ

Latest Videos

undefined

മുഗള്‍ ഗാര്‍ഡന്‍റെ പേര് മാറ്റിയതായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് കുറിച്ചത്. 'കൊവിഡ് കാലത്തെ ഏറ്റവും നല്ല വാര്‍ത്ത, രാഷ്‌ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഡോ. രാജേന്ദ്ര പ്രസാദ് ഗാര്‍ഡന്‍ എന്ന് പുനര്‍നാമകരണം ചെയ്‌തു' എന്നാണ് ഒരാളുടെ ട്വീറ്റ്. സമാനമായ നിരവധി ട്വീറ്റുകള്‍ കണ്ടെത്താനായി. പേരുമാറ്റം ഉടനുണ്ടാകും എന്നു പറയുന്ന ട്വീറ്റുകളുമുണ്ട്. 

 

വസ്‌തുത

എന്നാല്‍ ഈ പ്രചാരണങ്ങളില്‍ കഴമ്പില്ല എന്നതാണ് വസ്തുത. മുഗള്‍ ഗാര്‍ഡന്‍ രാജേന്ദ്ര പ്രസാദ് ഉദ്യാനം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടില്ല.

വസ്‌തുത പരിശോധന രീതി

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം വിശദീകരിച്ചത്. മുഗള്‍ ഗാര്‍‍ഡന്‍റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയിപ്പ്. പേര് മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കേന്ദ്രം നടത്തിയിട്ടുമില്ല. രാഷ്‌ട്രപതി ഭവന്‍റെ ഔദ്യോഗിക വെ‌ബ്‌സൈറ്റില്‍ മുഗള്‍ ഗാര്‍ഡന്‍ എന്നുതന്നെയാണ് ഉദ്യാനത്തിന് പേര് ഇപ്പോഴും നല്‍കിയിരിക്കുന്നത്. 

 

നിഗമനം 

രാഷ്‌ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍റെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതായുള്ള പ്രചാരണം വസ്‌തുത വിരുദ്ധമാണ്. ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്‍റെ പേര് മുഗള്‍ ഗാര്‍ഡന് നല്‍കുന്നു എന്നായിരുന്നു പ്രചാരണം. രാഷ്‌ട്രപതിഭവനില്‍ 15 ഏക്കറിലേറെ പരന്നുകിടക്കുന്ന മുഗള്‍ ഗാര്‍ഡന്‍ വൈവിധ്യമാര്‍ന്ന പുഷ്‌പങ്ങളുടെ ശേഖരത്താല്‍ സമ്പന്നമാണ്. 

പണമില്ല, വേതനവും പെന്‍ഷനും റെയില്‍വേ തടഞ്ഞുവെക്കും; ചങ്കിടിപ്പിക്കുന്ന പ്രചാരണം സത്യമോ?

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ക്ലെയിം ലഭിക്കില്ല; സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!