ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ തങ്കമണിയുടെ ശബ്‌ദ സന്ദേശം സഹിതമായിരുന്നു പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദീകരണവുമായി കെ തങ്കമണി.
കോഴിക്കോട്: കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ ജൂലൈ 17ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന പ്രചാരണം വ്യാജം. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ തങ്കമണിയുടെ ശബ്‌ദ സന്ദേശം സഹിതമായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.
വൈറലായി ശബ്‌ദ സന്ദേശം
undefined
'പ്രിയപ്പെട്ടവരെ, ഞാന്‍ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ തങ്കമണി. ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ 19-ാം വാര്‍ഡ് കമ്പളിപ്പറമ്പിനെ കണ്ടെയ്‌ന്‍മെന്‍റ് സോണില്‍നിന്ന് ഇന്ന് 14-ാം തീയതി മുതല്‍ ഒഴിവാക്കിയ വിവരം നിങ്ങളെ അറിയിക്കുന്നു. 17-ാം തീയതി കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആക്കുമെന്നും ജില്ലാ ദുരന്തനിവാരണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും സഹായവും പിന്തുണയും അഭ്യര്‍ഥിക്കുന്നു. കൊവിഡിനെതിരെ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം. കൈകോര്‍ക്കാം'.
വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്‌ക്രീന്‍ഷോട്ട്
വസ്‌തുത ഇത്
വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നതുപോലെ ജൂലൈ 17ന് കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്ല. അതേസമയം, കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്രകാരം 19-ാം തീയതി സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയിൽ സമ്പൂര്‍ണ അടച്ചുപൂട്ടൽ നടപ്പിലാക്കുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.
വസ്‌തുത പരിശോധന രീതി
പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തിന്‍റെ വാസ്‌തവം അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഫാക്‌ട് ചെക്ക് വിഭാഗം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ തങ്കമണിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രചരിക്കുന്ന ശബ്‌ദ സന്ദേശം തന്‍റേത് ആണെന്ന് അവര്‍ സ്ഥിരീകരിച്ചു. എന്നാല്‍, 19-ാം തീയതി എന്നത് 17 ആയി തെറ്റിപ്പറയുകയായിരുന്നു എന്നാണ് കെ തങ്കമണിയുടെ മറുപടി. (19-ാം തീയതി കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് എന്ന് മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്).
ശബ്‌ദ സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ തെറ്റായ തീയതിയും വൈറലാവുകയായിരുന്നു. ഇത് വലിയ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയും ചെയ്‌തു. സംഭവത്തില്‍ പിശക് തിരുത്തി ക്ഷമാപണ കുറിപ്പ് പിന്നാലെ കെ തങ്കമണി സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഈ സന്ദേശത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് ചുവടെ.
നിഗമനം
കോഴിക്കോട് ജില്ലയില്‍ ജൂലൈ 17ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്നത് വ്യാജ പ്രചാരണമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകളുമായി പങ്കുവെച്ച ശബ്‌ദ സന്ദേശത്തില്‍ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് തീയതി മാറിപ്പോയതാണ് തെറ്റായ പ്രചാരണങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍, കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക് ഡൗൺ ജില്ലാ കളക്‌ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Read more: കൊവിഡ് പടരുന്നു, കോഴിക്കോട് ഇനി ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ