'കുരുമുളകും ഇഞ്ചിയും തേനും ചേര്‍ത്ത് കൊവിഡിന് അത്‌ഭുത മരുന്ന്'; ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കണ്ടെത്തല്‍ സത്യമോ?

By Web Team  |  First Published Jul 15, 2020, 9:49 AM IST

പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരുന്നിന് ലോകാരോഗ്യ സംഘടന(WHO) അനുമതി നല്‍കി എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം


ദില്ലി: 'അല്‍പം കുരുമുളക്, ഇഞ്ചി, തേന്‍...ഇവ മൂന്നും കുഴമ്പു രൂപത്തിലാക്കി കഴിച്ചാല്‍ കൊവിഡിന് അത്ഭുത മരുന്നായി'. പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ഈ കണ്ടെത്തലിന് ലോകാരോഗ്യ സംഘടന(WHO) അനുമതി നല്‍കി എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്താണ് ഈ പ്രചാരണങ്ങളിലെ വസ്‌തുത. 

പ്രചാരണം ഇങ്ങനെ

Latest Videos

undefined

പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥിയായ രാമു കൊവിഡ് 19ന് മരുന്ന് കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ മരുന്നാണിത്. ഒരു ടീസ്‌‌പൂണ്‍ കുരുമുളക് പൊടിയും കുറച്ച് ഇഞ്ചിയും രണ്ട് ടീസ്‌പൂണ്‍ തേനില്‍ ചാപ്പിച്ച് തുടര്‍ച്ചയായി അഞ്ച് ദിവസം കഴിച്ചാല്‍ കൊറോണ കുറയും. രോഗം 100 ശതമാനവും മാറ്റാന്‍ ഇതിലൂടെ കഴിയും. 

കൊറോണയ്‌ക്കുള്ള ഈ പ്രതിവിധി ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. 2020ലെ സന്തോഷ വാര്‍ത്തയാണിത്. ഈ വാര്‍ത്ത നിങ്ങളുടെ കുടുംബാംഗങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കുക. ഫേസ്‌ബുക്കിലും ട്വിറ്ററിലും വാട്‌സ്‌ആപ്പിലും ഈ പ്രചാരണം കണ്ടെത്താനായി. 

 

വസ്‌തുത

കുരുമുളകും ഇഞ്ചിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ കൊവിഡ് മാറുമെന്നതിന് ശാസ്‌ത്രീയ തെളിവുകളില്ല എന്നതാണ് യാഥാര്‍ഥ്യം. 

വസ്‌തുത പരിശോധന രീതി

ഇഞ്ചിയും തേനും കൊറോണയ്‌ക്ക് മരുന്നാണ് എന്ന പ്രചാരണം ഏപ്രിലില്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞിരുന്നു. സാധാരണ പനിയോ ജലദോഷമോ വരുമ്പോള്‍ പ്രയോഗിക്കുന്ന പാരമ്പര്യ പൊടിക്കൈകള്‍ കൊറോണക്കാലത്ത് പ്രയോഗിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു അന്ന് ലോകാരോഗ്യ സംഘടന. കൊവിഡിന് ഫലപ്രദമായ വാക്‌സിനോ മരുന്നോ കണ്ടെത്താനായിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോഴും വ്യക്തമാക്കുന്നത്. 

 

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കൊവിഡ് മാറുമെന്ന പ്രചാരണത്തിന് പിന്നിലെ കള്ളക്കളി നേരത്തെ പൊളിച്ചതിന്‍റെ ലിങ്ക് ചുവടെ. 

വെളുത്തുള്ളിയുടെ കഥ കഴിഞ്ഞു, ഇഞ്ചിയിട്ട വെള്ളം കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് ഇപ്പോഴും പ്രചാരണം; സത്യമറിയാം

നിഗമനം

കുരുമുളകും ഇഞ്ചിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ കൊവിഡ് മാറുമെന്ന് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മഹാമാരി പിടിമുറുക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ കണ്ട് സ്വയം ചികിത്സ ഒഴിവാക്കുന്നതാവും നല്ലത്. തേന്‍ കൊവിഡ് ചികില്‍സയില്‍ നിര്‍ണായകമാകുമോ എന്ന പഠനം അമേരിക്കയില്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്‍റെ അന്തിമഫലം പുറത്തുവന്നിട്ടില്ല. 

കോഴിക്കോട് ജില്ലയില്‍ ജൂലൈ 17ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; ശബ്‌ദ സന്ദേശം വ്യാജം

Read more: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!