എം എസ് ധോണി 2025 ഐപിഎല്‍ സീസണിലും കളിക്കും എന്ന തരത്തിലും ട്വീറ്റുകള്‍ കാണാം
മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് പരിഗണിച്ച് ആദ്യ രണ്ട് ആഴ്‌ചയിലെ ഐപിഎല്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമേ ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളൂ. തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു അഭ്യൂഹം ഇതിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ഇലക്ഷന്‍ പരിഗണിച്ച് ഐപിഎല്‍ 2024 സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചു എന്നാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പരിഗണിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുന്നതായും എം എസ് ധോണി 2025 ഐപിഎല്‍ സീസണിലും കളിക്കും എന്ന തരത്തിലും ട്വീറ്റുകള്‍ കാണാം. ഇവയുടെ യാഥാര്‍ഥ്യം പരിശോധിക്കാം.
പ്രചാരണം
undefined
'തെരഞ്ഞെടുപ്പ് കാരണം ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റും. അതിനാല്‍ എം എസ് ധോണി ഐപിഎല്‍ 2025 സീസണിലും കളിക്കും. കാരണം, തന്‍റെ അവസാന മത്സരം ചെപ്പോക്കിലായിരിക്കും എന്ന് ധോണി മുമ്പ് പറഞ്ഞിട്ടുണ്ട്' എന്നുമാണ് വിവിധ ട്വീറ്റുകളിലുള്ളത്. അവയുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.
വസ്‌തുതാ പരിശോധന
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമോ എന്നാണ് ആദ്യം പരിശോധിച്ചത്. തെരഞ്ഞെടുപ്പ് കാരണം ഐപിഎല്‍ വേദി മാറ്റുമോ എന്ന കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കൃത്യമായ വാര്‍ത്ത നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഐപിഎല്‍ 2024 സീസണ്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചുതന്നെ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നാണ് ടൂര്‍ണമെന്‍റിന്‍റെ പേര്, ദുബായ് പ്രീമിയര്‍ ലീഗ് എന്നല്ലെന്നും ദുമാല്‍ വ്യക്തമാക്കിയതാണ്.
Read more: ഒടുവില്‍ ആ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ, ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് എങ്ങോട്ടുമില്ല
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നായകനായ എം എസ് ധോണി ഐപിഎല്‍ 2025ല്‍ കളിക്കുമോ എന്ന കാര്യവും പരിശോധിച്ചു. അടുത്ത വര്‍ഷത്തെ ഐപിഎല്‍ നടക്കുമ്പോഴേക്ക് ധോണിക്ക് 42 വയസാകുമെങ്കിലും താരം ലീഗില്‍ തുടരുമോ, വിരമിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു ഉത്തരത്തിലെത്താനാവില്ല.
നിഗമനം
ഐപിഎല്‍ 2024ലെ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്ന പ്രചാരണം വ്യാജമാണ്. ഇക്കാര്യം ഐപിഎല്‍ ചെയര്‍മാന്‍ തന്നെ നിഷേധിച്ചിട്ടുണ്ട്. ഐപിഎല്ലിന്‍റെ ആദ്യ ഘട്ട മത്സരങ്ങളുടെ ഷെഡ്യൂളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാംഘട്ട മത്സരക്രമം ഉടന്‍ തന്നെ പ്രഖ്യാപിക്കും എന്നാണ് അനുമാനം.
Read more: മമതാ ബാനര്‍ജിയുടെ നെറ്റിയിലെ മുറിവ് വ്യാജം? രണ്ട് ചിത്രങ്ങളില്‍ മുറിവ് രണ്ടിടത്തോ- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം