ഹമാസ് ട്രക്കിന് പിന്നിലിട്ട് കൊണ്ടുപോയ അര്‍ധനഗ്ന ശരീരം ഇസ്രയേലി സൈനികയുടെയോ? ചിത്രവും സത്യവും

By Web Team  |  First Published Oct 11, 2023, 11:13 AM IST

ഹമാസ് കൊല ചെയ്‌ത് വാഹനത്തിന്‍റെ പിന്നിലിട്ട് പൊതുയിടത്തില്‍ പ്രദര്‍ശിപ്പിച്ച മൃതദേഹം ഒരു ഇസ്രയേലി സൈനികയുടെതാണ് എന്നുപറഞ്ഞ് നിരവധി പേര്‍ ഒരു സ്ത്രീയുടെ ചിത്രം സഹിതം ആദരാഞ്ജലി അര്‍പ്പിക്കുന്നത് ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും കാണാം


ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടം കനത്ത ആള്‍നാശം വിതച്ച് തുടരുകയാണ്. നിലവിലെ സംഘര്‍ഷത്തിന്‍റെ ഏറ്റവും ദുഖകരമായ ദൃശ്യങ്ങളിലൊന്നായി പുറത്തുവന്നത് ഒരു വനിതയുടെ അര്‍ധനഗ്ന ശരീരം ട്രക്കിന്‍റെ പിറകില്‍ അലക്ഷ്യമായിട്ട് ആയുധധാരികളായ ഹമാസുകാര്‍ കൊണ്ടുപോകുന്നതായിരുന്നു. ഹമാസ് കൊല ചെയ്‌ത് വാഹനത്തിന്‍റെ പിന്നിലിട്ട് പൊതുയിടത്തില്‍ പ്രദര്‍ശിപ്പിച്ച ഈ മൃതദേഹം ഒരു ഇസ്രയേലി സൈനികയുടെതാണ് എന്നുപറഞ്ഞ് നിരവധി പേര്‍ ഒരു സ്ത്രീയുടെ ചിത്രം സഹിതം ആദരാഞ്ജലി അര്‍പ്പിക്കുന്നത് ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും കാണാം. ഹമാസ് അര്‍ധനഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ വീഡിയോയിലെ സ്ത്രീയുടെ ചിത്രം തന്നെയോ ഇത്? വിശദമായി പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

വിവസ്ത്രയാക്കി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി... അരിശം തീരാതെ വാഹനത്തിന്റെ പിറകിൽ നിച്ഛലമായ ശരീരം കെട്ടിയിട്ടു നഗരത്തിലൂടെ വലിച്ചിഴച്ചുകൊണ്ട് അവർ അർത്തുവിളിച്ചു.. ബോലോ തക്ബീർ, അല്ലാഹു അക്ബർ. സമാധാന മതക്കാരന്റെ കൊണം... ത്ഭൂ... ഹമാസ്സ് തീവ്രവാദികളുടെ കൈകളാൽ അരുംകൊല ചെയ്യപ്പെട്ട ഇസ്രായേൽ സൈനികയ്ക്ക് ശ്രദ്ധാഞ്‌ജലി എന്നാണ് അരുണ്‍ ജെ നായര്‍ എന്നയാളുടേതായി 2023 ഒക്ടോബര്‍ 8ന് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. സൈനിക വേഷത്തിലുള്ള ഒരു സ്ത്രീയുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. 

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഇതേ സൈനികയുടെ ചിത്രം വച്ച് ഒരു പോസ്റ്ററും ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സംഘ സാരഥി എന്ന വാട്ടര്‍മാര്‍ക്കോടെയാണ് ഈ ചിത്രം. 'വിവസ്ത്രയാക്കി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. അരിശം തീരാരെ വാഹനത്തിന്‍റെ പിറകില്‍ നിശ്ചലമായ ശരീരം കെട്ടിയിട്ടു നഗരത്തിലൂടെ വലിച്ചിഴച്ചുകൊണ്ട് നടന്നു. ഹമാസ് തീവ്രവാദികളുടെ കൈകളാല്‍ അരുംകൊല ചെയ്യപ്പെട്ട ഇസ്രയേല്‍ സൈനിക സഹോദരിക്ക് പ്രണാമം' എന്നാണ് ഈ പോസ്റ്ററിലുള്ളത് (എന്നാല്‍ ഇത് എഫ്‌ബിയില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടത് എവിടെയെന്ന് കണ്ടെത്താനായില്ല). 

പ്രചരിക്കുന്ന പോസ്റ്റര്‍

വസ്‌തുത

ട്രക്കിന് പിന്നിലിട്ട് ഒരു സ്ത്രീയുടെ അര്‍ധനഗ്ന ശരീരം ഹമാസ് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ പ്രധാനമാധ്യമങ്ങളെല്ലാം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതും ദൃശ്യത്തില്‍ കാണുന്ന സ്ത്രീ ജര്‍മന്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ തന്‍റെ മകള്‍ ഷാനി ലോക് ആണെന്ന് അവകാശപ്പെട്ട് ഒരു വനിത രംഗത്തെത്തിയിരുന്നു. വീഡിയോയില്‍ കാണുന്ന സ്ത്രീയുടെ ശരീരത്തിലെ ടാറ്റുകള്‍ കണ്ടാണ് മാതാവ് ഇത് തന്‍റെ മകള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗാസ അതിര്‍ത്തിയിലെ മ്യൂസിക് ഫെസ്റ്റിവലില്‍ വച്ചാണ് ഷാനി ആക്രമണത്തിന് ഇരയായത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ തന്നെ വീഡിയോയിലുള്ളത് ഇസ്രയേലി സൈനികയല്ല, ഒരു ‍ജര്‍മന്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണെന്ന് മാധ്യമ വാര്‍ത്തകള്‍ വച്ച് മനസിലാക്കാം. 

ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത ചുവടെ

മുകളില്‍ പറഞ്ഞ പോസ്റ്റിലും ഇസ്രയേലി സൈനികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്ന പോസ്റ്ററുകളിലുമുള്ള സൈനികയുടെ ചിത്രത്തിന്‍റെ ഉറവിടവും ഫാക്ട് ചെക്ക് ടീം പരിശോധിച്ചു. പിന്ററെസ്റ്റില്‍ നിന്ന് ഈ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ കണ്ടെത്തി. 'വനിതാ സൈനിക' എന്ന തലക്കെട്ടിലായിരുന്നു ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌തപ്പോള്‍ militarygram.blogspot.com എന്ന ബ്ലോഗില്‍ ഇത് 2019 നവംബര്‍ 15ന് പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. ഇത് മാത്രമമല്ല, മറ്റനേകം വനിതാ സൈനികരുടെ ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം എവിടെ നിന്ന് പകര്‍ത്തിയതാണ് എന്ന വിവരം ബ്ലോഗില്‍ നല്‍കിയിട്ടില്ല. 

പിന്ററെസ്റ്റിലുള്ള ചിത്രം

നിഗമനം

ഹമാസ് അര്‍ധനഗ്നയാക്കി ട്രക്കിന് പിന്നിലിട്ട് കൊണ്ടുപോകുന്ന സ്ത്രീ ഇസ്രയേലി സൈനികയല്ല, ജര്‍മന്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ് എന്നാണ് അവരുടെ അമ്മയുടെ പ്രതികരണം വച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മരിച്ച ഇസ്രയേലി സൈനികയ്‌ക്ക് ആദരാഞ്ജലി എന്ന എഴുത്തോടെ പ്രചരിക്കുന്ന പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത് 2019ല്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ള ചിത്രമാണ് എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. എന്നാല്‍ ഈ സ്ത്രീ ആരാണ് എന്ന് വ്യക്തമല്ല. 

Read more: അങ്ങനെ അതുമെത്തി, 50 രൂപയ്‌ക്ക് ചാണക ജ്യൂസ്; വീഡിയോയ്‌ക്ക് പിന്നിലെ രഹസ്യം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!