മധ്യപ്രദേശില്‍ സാന്‍റാക്ലോസിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കത്തിച്ചു എന്ന പ്രചാരണം വ്യാജം

By Web TeamFirst Published Jan 5, 2024, 2:25 PM IST
Highlights

'സാന്‍റയെ പിടിച്ചെടുത്ത് കത്തിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍, സംഭവം നടന്നത് മധ്യപ്രദേശില്‍' എന്ന വിവരണം ഈ വീഡ‍ിയോയില്‍ കാണാം

ക്രിസ്മസ് വേളയില്‍ മധ്യപ്രദേശില്‍ സാന്‍റാക്ലോസിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കത്തിച്ചതായി ഫേസ്‌ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് പോലെയല്ല ഈ വീഡിയോയുടെ യാഥാര്‍ഥ്യം. വീഡിയോയുടെ വസ്‌തുതാ പരിശോധന വിശദമായി നോക്കാം. 

പ്രചാരണം

Latest Videos

'ഇതാണിവരുടെ തനിനിറം -  ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ പൊതു നിരത്തിൽ നടന്ന സംഭവമാണിത്'- എന്ന കുറിപ്പോടെയാണ് സുധി ജോസഫ് എന്നയാള്‍ 2023 ഡിസംബര്‍ 26ന് വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒന്നര മിനുറ്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. കുറച്ചുപേര്‍ കൊടികളും കയ്യിലേന്തി മുദ്രാവാക്യം വിളിക്കുന്നതും ഒടുവില്‍ സാന്‍റയെ റോഡിന് സമീപത്ത് വച്ച് ഇന്ധനമൊഴിച്ച് കത്തിക്കുന്നതും വീഡിയോയില്‍ കാണാം. 'സാന്‍റയെ പിടിച്ചെടുത്ത് കത്തിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍, സംഭവം നടന്നത് മധ്യപ്രദേശില്‍' എന്ന വിവരണം ഈ വീഡ‍ിയോയില്‍ കാണാം. 

പ്രചരിക്കുന്ന വീഡിയോ

സലാം ചേലേമ്പ്ര എന്ന ഫേസ്‌ബുക്ക് യൂസര്‍ റീല്‍സായും സമാന തലക്കെട്ടില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സമാന വീഡിയോ മറ്റനേകം പേരും എഫ്‌ബിയില്‍ ഇതേ അവകാശവാദത്തോടെ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ലിങ്ക്

വസ്‌തുതാ പരിശോധന

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ മധ്യപ്രദേശില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശില്‍ 2021ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതിലൂടെയാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. 

വീഡിയോയുടെ ഫ്രെയിമുകള്‍ പരിശോധിച്ചുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വണ്‍ഇന്ത്യ ന്യൂസ് 2021 ഡിസംബര്‍ 25ന് വെരിഫൈഡ് യൂട്യൂബ് അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ കണ്ടെത്താനായി. #SantaClaus #christmas #Agra എന്നീ ഹാഷ്ടാഗുകളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ആഗ്രയില്‍ ഹിന്ദു വലതുപക്ഷ സംഘടന മതപരിവര്‍ത്തനത്തിനെതിരായ പ്രതിഷേധം എന്ന നിലയില്‍ സാന്‍റയെ കത്തിക്കുന്നതിന്‍റെത് എന്ന അവകാശവാദത്തോടെ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ'യാണിത് എന്ന് വണ്‍ഇന്ത്യ ന്യൂസ് യൂട്യൂബില്‍ നല്‍കിയിട്ടുള്ള വിവരണത്തില്‍ പറയുന്നു. 

വണ്‍ഇന്ത്യ വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

സംഭവം 2021ല്‍ ആഗ്രയില്‍ നടന്നത് തന്നയോ എന്നുറപ്പിക്കാന്‍ കീവേഡ് സെര്‍ച്ച് നടത്തി. ഇതില്‍ ദേശീയ മാധ്യമമായ ദി ഹിന്ദു പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് 2021 ഡിസംബര്‍ 26ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ആഗ്രയിൽ ഹിന്ദു സംഘടനാ പ്രവർത്തകർ സാന്താക്ലോസിന്റെ കോലം കത്തിച്ചു എന്ന തലക്കെട്ടിലാണ് ദി ഹിന്ദു വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആഗ്ര നഗരത്തിലെ സെന്‍റ് ജോണ്‍സ് കോളേജിന് സമീപത്താണ് സാന്‍റയുടെ കോലം കത്തിച്ചത് എന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ഈ വാര്‍ത്തയ്ക്കൊപ്പം ദി ഹിന്ദു പ്രസിദ്ധീകരിച്ചിട്ടില്ല. 

ദി ഹിന്ദുവിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ഇതിനാല്‍ വീഡിയോ എവിടെ നിന്ന് എന്നുറപ്പിക്കാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ വേണ്ടിവന്നു. മറ്റൊരു ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ 2021 ഡിസംബര്‍ 25ന് സമാന സംഭവത്തിന്‍റെ വാര്‍ത്ത നല്‍കിയിട്ടുണ്ട് എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയിലുള്ള സമാന ആളുകളെ ഇന്ത്യാ ടുഡേ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ചിത്രത്തിലും കാണാമെന്ന് വീഡിയോയോയും ഫോട്ടോയും താരതമ്യം ചെയ്തതില്‍ നിന്ന് മനസിലായി. താരതമ്യ ചിത്രം ചുവടെ കാണാം. ഇതോടെ വീഡിയോയുടെ വസ്‌തുത വ്യക്തമായി. 

നിഗമനം

മധ്യപ്രദേശില്‍ സാന്‍റാക്ലോസിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കത്തിച്ചു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ളതും 2021ലേതുമാണ്. 

Read more: പ്രധാനമന്ത്രിയുടെ പുതുവത്സര സമ്മാനം, മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജോ? വസ്‌തുതയറിയാം

click me!