ഹമ്മോ എന്തൊരു വലിപ്പം; ഇത്ര ഭീമാകാരമായ നീരാളിയെ കണ്ടെത്തിയോ? Fact Check

By Web Team  |  First Published Jun 13, 2024, 3:13 PM IST

ഇന്തോനേഷ്യയിലെ ബാലിയില്‍ ഭീമന്‍ നീരാളിയെ കണ്ടെത്തി എന്നാണ് ചിത്രങ്ങള്‍ സഹിതമുള്ള പ്രചാരണം
 


സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല ചിത്രങ്ങളുടെയും വീഡിയോകളുടെയും ഓഡിയോകളുടേയും വസ്‌തുത കണ്ടെത്തുക പലര്‍ക്കും പ്രയാസമുള്ള കാര്യമായിരിക്കും. കാരണം അത്രത്തോളം വ്യാജ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഓരോ മണിക്കൂറിലും കറങ്ങിനടക്കുന്നത്. ഇത്തരത്തിലൊരു പ്രചാരണമാണ് ഭീമാകാരമായ ചിലന്തിയെ കുറിച്ചുള്ളത്. എന്താണ് ഇതിന്‍റെ വസ്‌തു എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

ബീച്ചില്‍ കിടക്കുന്ന ഭീമന്‍ നീരാളിയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ 2024 ജൂണ്‍ ഏഴാം തിയതി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ കണ്ടെത്തിയ ഭീമന്‍ നീരാളി എന്ന തലക്കെട്ടിലാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വലിയ നീലത്തിമിംഗലത്തിന്‍റെ വലിപ്പമുണ്ട് ഈ നീരാളിക്ക്. ഇത്ര വലിപ്പമുള്ള നീരാളിയെ കണ്ടതായി ആര്‍ക്കും മുന്‍പരിചയമില്ലാത്തതാണ് ചിത്രങ്ങളുടെ വസ്‌തുത പരിശോധിക്കാന്‍ പ്രേരിപ്പിച്ച ഘടകം. 

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന നീരാളി ചിത്രങ്ങള്‍ യഥാര്‍ഥമല്ല എന്നതാണ് വസ്‌തുത. ഇത്ര ഭീമാകാര രൂപമുള്ള നീരാളിയെ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നല്ല, ലോകത്ത് എവിടെ നിന്നും കണ്ടെത്തിയതായി മാധ്യമ വാര്‍ത്തകളില്ല. ഇത്രയും വലിയ നീരാളിയെ കണ്ടെത്തിയിരുന്നെങ്കില്‍ അത് ആഗോള മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വാര്‍ത്തയാവേണ്ടതായിരുന്നു. 

ഈ നീരാളിയുടെ ചിത്രങ്ങള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ് എന്നതാണ് യാഥാര്‍ഥ്യം. ഈ ചിത്രങ്ങള്‍ റീല്‍സ് രൂപത്തില്‍ പങ്കുവെച്ചിട്ടുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമായി വിവരിച്ചിട്ടുണ്ട്. എഐ ചിത്രങ്ങളില്‍ സാധാരണയായി കാണുന്ന ന്യൂനതകള്‍ ഈ ഫോട്ടോകളിലും കാണാം. മാത്രമല്ല ഈ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ നിര്‍മിച്ചതാണ് എന്നാണ് എഐ ടൂളുകളുടെ പരിശോധനയില്‍ വ്യക്തമായതും.

നിഗമനം

ഇന്തോനേഷ്യയിലെ ബാലിയില്‍ ഭീമന്‍ നീരാളിയെ കണ്ടെത്തി എന്ന ചിത്രങ്ങള്‍ സഹിതമുള്ള പ്രചാരണം വ്യാജമാണ്. എഐ നിര്‍മിത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 

Read more: ആ മെസേജ് കണ്ട് തലവെക്കല്ലേ; ബിഎസ്‌എന്‍എല്ലിന്‍റെ പേരില്‍ വീണ്ടും വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!