ചിത്രം സഹിതം നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാര്‍ഥ്യം
വടകര: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വടകര മണ്ഡലത്തില്‍ വര്‍ഗീയ പ്രചാരണങ്ങളുണ്ടായി എന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട് ഒരു പ്രചാരണം സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ സജീവമാണ്. ഷാഫിക്ക് വേണ്ടിയുള്ള പ്രചാരണത്തിന്‍റെ ഫോട്ടോ എന്ന അവകാശവാദത്തോടെയാണ് വര്‍ഗീയ കുറിപ്പോടെ ചിത്രം വ്യാപകമായിരിക്കുന്നത്. ഇതിന്‍റെ വസ്തുത പരിശോധിക്കാം.
പ്രചാരണം
undefined
എംഎസ്എഫ് പതാക കയ്യിലേന്തിയ വനിതകളുടെ ചിത്രം സഹിതമാണ് ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'കേരളത്തിലെ ഏക മതേതര സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് വേണ്ടിയുള്ള പ്രചാരണം. ഇത് ഇന്ത്യ ആണോ പാകിസ്ഥാന്‍ ആണോ' എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
വസ്തുത
എന്നാല്‍ ചിത്രം സഹിതം നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാര്‍ഥ്യം. വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള ഈ തെരഞ്ഞെടുപ്പിലെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ 2021 സെപ്റ്റംബര്‍ മാസം മുതല്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ച വാര്‍ത്തകളിലുള്ളതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. ഫോട്ടോയുടെ ഉറവിടം തേടിയുള്ള റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ 2021 സെപ്റ്റംബര്‍ 13ന് മീഡിയവണ്‍ ഓണ്‍ലൈന്‍ സമാന ചിത്രം സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചതാണെന്ന് മനസിലാക്കാനായി.
മുസ്ലീം ലീഗിന്‍റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ ഫാത്തിമ തഹ്‌ലിയ ഉള്‍പ്പടെയുള്ള നേതാക്കളുടെ ചിത്രമാണ് ഇത്. ഫോട്ടോയ്ക്ക് 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധമില്ല എന്ന് ഇതില്‍ നിന്ന് വ്യക്തം. മുന്‍ വര്‍ഷങ്ങളില്‍ വിവിധ മാധ്യമങ്ങള്‍ ഈ ചിത്രം ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ചിത്രം ഷെയര്‍ ചെയ്‌തുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്നുറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം