ജലദോഷം മുതല്‍ അര്‍ബുദം വരെ മാറ്റാന്‍ മാമ്പഴത്തൊലി; മെസേജിന്‍റെ സത്യമെന്ത്? Fact Check

By Web TeamFirst Published Apr 30, 2024, 7:37 PM IST
Highlights

അര്‍ബുദത്തിനുള്ള മരുന്ന് എന്ന രീതിയില്‍ പ്രചരിക്കുന്ന ഒരു അവകാശവാദത്തിന്‍റെ വസ്‌തുത നോക്കാം

അര്‍ബുദം അഥവാ കാന്‍സര്‍ മാറ്റാനുള്ള ഒറ്റമൂലികളെ കുറിച്ചുള്ള നിരവധി കുറിപ്പുകളും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവാറുണ്ട്. ഇവ മിക്കതും ആളുകളുടെ ഭയത്തെ മുതലെടുത്തുള്ള തെറ്റായ പ്രചാരണങ്ങളാണ്. എന്നാല്‍ ഇത് മനസിലാക്കാതെ നമ്മള്‍ പലരും ഇത്തരം മരുന്ന് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. അതിനാല്‍ തന്നെ അര്‍ബുദത്തിനുള്ള മരുന്ന് എന്ന രീതിയില്‍ പ്രചരിക്കുന്ന ഒരു അവകാശവാദത്തിന്‍റെ വസ്‌തുത നോക്കാം. 

പ്രചാരണം

Latest Videos

മാമ്പഴ പ്രേമികളാണ് നമ്മളില്‍ പലരും. മാമ്പഴത്തിന്‍റെ തൊലി ഭക്ഷിക്കുന്നവരേക്കാള്‍ കൂടുതല്‍ അത് ചെത്തിക്കളയുന്നവരായിരിക്കും. ഇങ്ങനെ നമ്മള്‍ അവഗണിക്കുന്ന മാമ്പഴത്തോല്‍ കഴിച്ചാല്‍ കാന്‍സര്‍ മാറും/വരാനുള്ള സാധ്യത കുറയും എന്നാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നത്. മാമ്പഴത്തിന്‍റെ തൊലി ശ്വാസകോശ അര്‍ബുദം, ഉദരാശയ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം, അണ്ഡാശയ അര്‍ബുദം തുടങ്ങിയ വിവിധ ക്യാന്‍സറുകള്‍ പ്രതിവിധിയാണ് എന്ന് പോസ്റ്റില്‍ പറയുന്നു. അള്‍സര്‍, സന്ധിവാതം, പ്രമേഹം, ജലദോഷം തുടങ്ങി മറ്റനേകം പ്രശ്‌നങ്ങള്‍ മാറാനും മാമ്പഴത്തോല്‍ കഴിച്ചാല്‍ മതിയെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു. മാമ്പഴത്തിന്‍റെ തൊലി ചവച്ചോ അതിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോ ചികില്‍സിക്കാം എന്നും ഈ എഫ്‌ബി പോസ്റ്റിലുണ്ട്. 

വസ്‌തുതാ പരിശോധന

മാമ്പഴത്തിന്‍റെ തൊലി കഴിച്ചാല്‍ കാന്‍സര്‍ മാറും എന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല എന്നതാണ് പ്രശ്‌നം. മാമ്പഴം കാന്‍സറിന് പ്രതിവിധിയാണ് എന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എഫ്‌ബിയിലെ അവകാശവാദത്തെ സാധൂകരിക്കുന്ന ആധികാരികമായ പഠനങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. അതേസമയം മാമ്പഴത്തില്‍ ആന്‍റി-കാന്‍സര്‍ ഘടകങ്ങളുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ അര്‍ബുദം വരാതിരിക്കാനോ, രോഗം പിടിപെട്ടാല്‍ ചികില്‍സിക്കാനോ മാമ്പഴം വഴി സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്.

നിഗമനം

മാമ്പഴത്തോല്‍ കഴിച്ചാല്‍ കാന്‍സര്‍ മാറ്റാമെന്നോ രോഗം വരാനുള്ള സാധ്യത കുറയ്ക്കാമെന്നോ നിലവിലെ പഠനങ്ങള്‍ വച്ച് ഉറപ്പിച്ച് പറയാനാവില്ല. 

Read more: 'കള്ളവോട്ട് ചെയ്യാന്‍ പുതുവഴി, കൃത്രിമ വിരലുകള്‍ സുലഭം'; പ്രചാരണം ശരിയോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!