വയനാട്ടിലെ ഉരുള്‍പൊട്ടലിന് മണിക്കൂറുകള്‍ മാത്രം മുമ്പ് കാട്ടാനകള്‍ സുരക്ഷയ്‌ക്കായി മലയിറങ്ങുന്നതായാണ് വീഡിയോ പോസ്റ്റ് ചെയ്‌തവരുടെ അവകാശവാദം
മുണ്ടക്കൈ: വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ ഞെട്ടലിലാണ് ഏവരും. രാജ്യാന്തര തലത്തില്‍ വരെ മുണ്ടക്കൈ ദുരന്തം വലിയ വാര്‍ത്തയായി. നാനൂറിലേറെ മരണം സ്ഥിരീകരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌ത മുണ്ടക്കൈ ഉരുപൊട്ടലിന്‍റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനിടെ പ്രചരിക്കുന്ന ഒരു വീഡിയോയുടെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
undefined
വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഒരു മണിക്കൂര്‍ മുമ്പ് കാട്ടാനകള്‍ സുരക്ഷിതമായി മലയിറങ്ങുന്നതായാണ് വീഡിയോ പോസ്റ്റ് ചെയ്‌തുകൊണ്ട് ഒരു എക‌്‌സ് (പഴയ ട്വിറ്റര്‍) യൂസര്‍ കുറിച്ചിരിക്കുന്നത്. റോഡ് ക്രോസ് ചെയ്‌ത് കാട്ടാനകള്‍ പോകുന്നതാണ് ദൃശ്യത്തില്‍. ഒരു വാഹനത്തിനുള്ളില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ട്വിറ്ററില്‍ അവകാശപ്പെടുന്നത് പോലെ മുണ്ടക്കൈ ദുരന്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമാണോ ഇത്?
Elephants running to safety 1 hour before the landslide in Wayanad, Kerala. Animals have subtle vision. pic.twitter.com/BSywnKRjtP
— 🚩Mohan Gowda🇮🇳 (@MohanGowda_HJS)വസ്‌തുതാ പരിശോധന
വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയില്‍ പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ചത്. എന്നാല്‍ ദുരന്തത്തിന് ഒരു മണിക്കൂര്‍ മുമ്പത്തേത് എന്ന പേരില്‍ ട്വീറ്റ് ചെയ്‌തിരിക്കുന്ന വീഡിയോ പകല്‍സമയത്ത് പകര്‍ത്തിയതാണ് എന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാം. ഇതാണ് വസ്‌തുതാ പരിശോധനയിലേക്ക് വഴിതെളിച്ചത്. ഇതിനെ തുടര്‍ന്ന് വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ വീഡിയോ സമാന അവകാശവാദത്തോടെ ഫേസ്‌ബുക്കിലും പ്രചരിക്കുന്നതാണ് എന്ന് മനസിലാക്കാനായി.
'വയനാട് ഉരുള്‍പൊട്ടൽ ഉണ്ടാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് ആനകൾ കൂട്ടത്തോടെ മലയിറങ്ങി സുരക്ഷിതമായ സ്ഥാനത്തേക്ക് നീങ്ങുന്നത് കണ്ടതായി രക്ഷപ്പെട്ട ചിലർ പറഞ്ഞു. മാത്രമല്ല ഇത്രയും മൃതദേഹങ്ങൾ കിട്ടിയെങ്കിലും ഒരാനയുടെ പോലും ജഡം കിട്ടിയതുമില്ല'- എന്ന കുറിപ്പോടെയാണ് Media Vision LIVE എന്ന എഫ്‌ബി പേജില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.
അതേസമയം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലെ മറ്റൊരു ഫലം വീഡിയോയുടെ വസ്‌തുതയിലേക്ക് വിരല്‍ചൂണ്ടി. '900 kandi യിലെ VIP's'... എന്ന തലക്കെട്ടില്‍ wayanadan എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ 2024 ജനുവരി 12ന് സമാന വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നതാണ് എന്നാണ് വ്യക്തമായത്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ നടക്കുന്നതിനും മാസങ്ങള്‍ക്ക് മുമ്പേയുള്ള വീഡിയോയാണിത് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം.
നിഗമനം
മുണ്ടക്കൈ ഉരുള്‍പൊട്ടലിന് തൊട്ടുമുമ്പ് സുരക്ഷിത സ്ഥലത്തേക്ക് മാറുന്ന ആനകളുടെ ദൃശ്യം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതും മറ്റേതോ സന്ദര്‍ഭത്തിലുള്ളതുമാണ്.
Read more: ഇത് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്‍റെ ദൃശ്യമല്ല; പ്രചരിക്കുന്ന ഫോട്ടോ വ്യാജം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം