ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ അടിച്ചുതകര്‍ത്തോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യം- Fact Check

By Jomit Jose  |  First Published Mar 20, 2024, 2:01 PM IST

വീഡിയോയില്‍ കാണുന്ന ഹോട്ടലിന്‍റെ മുന്‍വശത്ത് ശോഭ സുരേന്ദ്രന്‍റെ ഫോട്ടോകള്‍ പതിച്ചിരിക്കുന്നതായി കാണാം


കരുനാഗപ്പള്ളി: ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ശോഭ സുരേന്ദ്രന്‍. ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കരുനാഗപ്പള്ളിയില്‍ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ അടിച്ചുതകര്‍ത്തോ? പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യമെന്ത്? 

പ്രചാരണം

Latest Videos

undefined

'ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് നെറികെട്ട കമ്മ്യൂണിസ്റ്റുകാര്‍ പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടല്‍ തല്ലിപൊളിച്ചു. ഭയക്കുന്നു അവര്‍ ശോഭ സുരേന്ദ്രനെ, ജനങ്ങള്‍ കാണട്ടെ... ഒരു പോസ്റ്റര്‍ പതിക്കാനുള്ള അവകാശവും ഈ നമ്പര്‍ വണ്‍ കേരളത്തില്‍ ഇല്ലയോ'- എന്ന കുറിപ്പോടെയാണ് തൃശൂര്‍ ഗ്രാമം എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ വീഡിയോ റീല്‍സായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കുറേ യുവാക്കള്‍ ചേര്‍ന്ന് ഒരു ഹോട്ടല്‍ തല്ലിപ്പൊളിക്കുന്നതും മര്‍ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കുറച്ചാളുകള്‍ ഈ സംഭവമെല്ലാം നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

'ശോഭ സുരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരു ഹിന്ദുവിന്‍റെ ഹോട്ടൽ തല്ലിപ്പൊളിച്ചു. മുതലാളിയെ ക്രൂരമായി തല്ലുന്നു. കരുനാഗപ്പള്ളിയിലെ രംഗം എന്ന് പറഞ്ഞ് സംഘപരിവാറുകാർ നുണ പ്രചരിപ്പിക്കുന്നു' എന്ന കുറിപ്പോടെ ഒരാള്‍ ഈ വീഡിയോ എഫ്‌ബിയില്‍ ഷെയര്‍ ചെയ്‌തതിനാല്‍ വീഡിയോയുടെ വസ്‌തുത വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. 

വസ്‌തുതാ പരിശോധന

വീഡിയോയില്‍ കാണുന്ന ഹോട്ടലിന്‍റെ മുന്‍വശത്ത് ശോഭ സുരേന്ദ്രന്‍റെ ഫോട്ടോകള്‍ പതിച്ചിരിക്കുന്നതായി കാണാം. എന്നാല്‍ ശോഭ സുരേന്ദ്രന്‍റെ ഫോട്ടോ പതിച്ചതിന്‍റെ പേരിലാണോ ഹോട്ടല്‍ തകര്‍ത്തത്? ശോഭയുടെ പോസ്റ്റര്‍ ആരെങ്കിലും നശിപ്പിച്ചതായോ നശിപ്പിക്കുന്നതായോ വീഡിയോയില്‍ ഒരിടത്തും കാണാനായില്ല. അതിനാല്‍ കരുനാഗപ്പള്ളിയില്‍ ഇത്തരമൊരു സംഭവം നടന്നോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തി. ഇതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ 2024 മാര്‍ച്ച് 17ന് പ്രസിദ്ധീകരിച്ച വാര്‍ത്ത കാണാനിടയായി. 'തർക്കം ഓംലെറ്റിനെ ചൊല്ലി, കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു' എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഒരിടത്തും രാഷ്ട്രീയപ്രേരിതമാണ് അക്രമം എന്ന് പറയുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയും പ്രചരിക്കുന്ന വീഡിയോയും കരുഗാനപ്പള്ളിയിലെ ഒരേ സംഭവത്തിന്‍റെ തന്നെയോ എന്ന് ഉറപ്പിക്കുകയാണ് അടുത്തതായി ചെയ്‌തത്. വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന ചിത്രവും വീഡിയോയും താരതമ്യം ചെയ്‌ത് ഇതിന്‍റെ വസ്‌തുത മനസിലാക്കി. ഹോട്ടലിന്‍റെ മുന്‍ഭാഗത്ത് ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചിരിക്കുന്നതും പച്ച ഷര്‍ട്ട് അണിഞ്ഞ ഒരാള്‍ ഹോട്ടലിന് മുന്നില്‍ നില്‍ക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തയിലെ ചിത്രത്തിലും വൈറല്‍ വീഡിയോയിലും കാണാം. വാര്‍ത്തയും വീഡിയോയും കരുനാഗപ്പള്ളിയില്‍ ദോശക്കട തകര്‍ത്ത സമാന സംഭവത്തിന്‍റേതാണ് എന്ന് ഇതില്‍ നിന്ന് ഉറപ്പിച്ചു. 

നിഗമനം

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന്‍റെ പേരില്‍ കരുനാഗപ്പള്ളിയില്‍ ഹോട്ടല്‍ തകര്‍ത്തതായുള്ള പ്രചാരണം വ്യാജമാണ്. ഭക്ഷണം വൈകുമെന്നതിനെ ചൊല്ലിയുള്ള തകര്‍ക്കത്തില്‍ ദോശക്കട തകര്‍ക്കുകയായിരുന്നു. 

Read more: വോട്ടിനായി സുരേഷ് ഗോപി പണം നല്‍കുന്നോ? വൈറല്‍ വീഡിയോയുടെ വസ്‌തുത- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!