മണിക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രത്തിലുമുണ്ട് പ്രശ്നങ്ങള്‍
ത്രിപുര മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാരിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്‍റെ മകള്‍ പദ്‌മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയാവുന്നതിനിടെയാണ് മണിക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ എത്തിയിരുന്നതായി കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം സജീവമായത്. ഈ പ്രചാരണത്തിന്‍റെ വസ്‌തുത നോക്കാം.
undefined
പ്രചാരണം
'ചുവപ്പ് നരച്ചാല്‍ കാവി, ത്രിപുര സിപിഎം മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു' എന്നെഴുതിയിരിക്കുന്ന ഗ്രാഫിക്‌സ് കാര്‍ഡാണ് ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായിരിക്കുന്നത്. യുഡിഎഫ് കേരളം എന്ന ഫേസ്‌ബുക്ക് പേജില്‍ 2024 മാര്‍ച്ച് 10ന് പ്രത്യക്ഷപ്പെട്ടതാണ് ഈ പോസ്റ്റ്. ബിജെപി നേതാക്കളും പ്രവര്‍ത്തകരുമെന്ന് തോന്നുന്നവര്‍ ഒരു വേദിയില്‍ ത്രിശൂലം പിടിച്ച് നില്‍ക്കുന്നത് ഈ ഗ്രാഫിക്‌സ് കാര്‍ഡില്‍ കാണാം.
വസ്‌തുതാ പരിശോധന
ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും ആധികാരികമായ മാധ്യമവാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ മണിക് സര്‍ക്കാര്‍ വിവാഹിതനെങ്കിലും കുട്ടികളില്ല എന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവിയടക്കം മുമ്പ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള കാര്യമാണെന്ന് പരിശോധനയില്‍ വ്യക്തവുകയും ചെയ്തു.
എന്‍ഡിടിവി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
മാത്രമല്ല, ത്രിപുര നിയമസഭയുടെ വെബ്‌സൈറ്റില്‍ മണിക് സര്‍ക്കാരിന്‍റെതായി നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മക്കളുടെ എണ്ണം രേഖപ്പെടുത്താനുള്ള ഭാഗം പൂരിപ്പിക്കാതെ വിട്ടിരിക്കുകയാണ്. അതേസമയം മണിക് സര്‍ക്കാരിന്‍റെ ഭാര്യയുടെ പേരുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുമുണ്ട്.
ത്രിപുര നിയമസഭ വെബ്‌സൈറ്റിലെ വിവരങ്ങള്‍
മണിക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രത്തിലുമുണ്ട് പ്രശ്നങ്ങള്‍. ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ലഭിച്ച ഫലം പറയുന്നത് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് ചിത്രത്തിലുള്ളത് എന്നാണ്. സുവേന്ദു അധികാരി പങ്കെടുത്ത ഒരു ബിജെപി യോഗത്തില്‍ നിന്നുള്ള ചിത്രമാണ് മണിക് സര്‍ക്കാരിന്‍റെ മക്കളുടെ ഫോട്ടോ എന്ന ആരോപണത്തോടെ പ്രചരിപ്പിക്കുന്നത്.
വൈറല്‍ ചിത്രത്തിന്‍റെ ഉറവിടം ചുവടെ
നിഗമനം
ത്രിപുര മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിന് മക്കളില്ല എന്നാണ് മാധ്യമവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇതിനാല്‍തന്നെ മണിക് സര്‍ക്കാരിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്.
Read more: നടി സാമന്തയുടെ വ്യാജ വീഡിയോ പ്രചരിക്കുന്നു- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം