മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ സാരി അണിഞ്ഞാണോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്?
അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. മിസോറാം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നവംബര്‍ മാസത്തില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പ്രചാരണങ്ങളില്‍ സജീവമായിക്കഴിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മുത്തശ്ശിയും ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെ സാരി അണിഞ്ഞാണോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്? പ്രിയങ്കയുടെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പ്രചാരണം
undefined
ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍... സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരികയാണ്. അതിനാല്‍ മുത്തശ്ശിയുടെ സാരി അലമാരയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു എന്നുമാണ് 2023 ഒക്ടോബര്‍ 9ന് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ പ്രിയങ്ക ഗാന്ധി വദ്ര ക്ഷേത്രത്തിലെ മണിയടിക്കുന്നതായാണ് ചിത്രം. പോസ്റ്റില്‍ പറയുന്നത് സത്യമോ എന്ന് പരിശോധിക്കാം.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ദി ലോജിക്കല്‍ ഇന്ത്യന്‍ 2020 ഒക്ടോബര്‍ 20ന് നല്‍കിയ ഒരു വാര്‍ത്ത കണ്ടെത്താനായി. അന്നത്തെ ബിഹാര്‍ തെരഞ്ഞെടുപ്പ് വേളയിലും ചുവപ്പ് സാരിയിലുള്ള പ്രിയങ്കയുടെ ചിത്രം വൈറലായിരുന്നവെന്നും എന്നാല്‍ ഈ ഫോട്ടോ 2009ലേതാണ് എന്നും ദി ലോജിക്കല്‍ ഇന്ത്യന്‍റെ വാര്‍ത്തയില്‍ പറയുന്നു.
പ്രിയങ്കയുടെ ചിത്രം പഴയതാണ് എന്ന് ഇതോടെ വ്യക്തമായെങ്കിലും ചിത്രത്തിന്‍റെ വിശദമായ വിവരം തിരക്കിയപ്പോള്‍ സ്റ്റോക് ഇമേജ് പ്ലാറ്റ്‌ഫോമായ ഫ്ലിക്കറില്‍ ഈ ഫോട്ടോ 2009 ഏപ്രില്‍ 9ന് അപ്‌ലോഡ് ചെയ്‌തിട്ടുള്ളതായി കണ്ടെത്താനായി. ഇതോടെ ഇപ്പോള്‍ അഞ്ച് നിയമസഭകളിലേക്ക് 2023ന്‍റെ അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന ചിത്രം പഴയതും 2009ലേതാണ് എന്നും ഉറപ്പായി.
നിഗമനം
അഞ്ച് നിയമസഭകളിലേക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ ചുവപ്പ് നിറമുള്ള സാരിയണിഞ്ഞ് പ്രചാരണത്തിന് ഇറങ്ങി എന്ന വാദം കള്ളമാണ്. 2009ലെ പ്രിയങ്കയുടെ ചിത്രമാണ് ഇപ്പോഴത്തേത് എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം